FIFA World Cup 2026: 2026 ഫിഫ ലോകകപ്പ് കളിക്കാൻ മുൻ ചാംപ്യൻമാരായ ഇറ്റലിക്കു അവസരം തെളിയിരുന്നു. 2018, 2022 ലോകകപ്പുകളിൽ ഇറ്റലി യോഗ്യത നേടിയിരുന്നില്ല. ഇത്തവണയും യോഗ്യത റൗണ്ടിലെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പ് കളിക്കാനുള്ള വഴികൾ അടഞ്ഞതാണ്. എന്നാൽ ഇപ്പോൾ മറ്റൊരു ടീമിന്റെ കരുണയിലാണ് ഇറ്റലിക്കു സാധ്യതകൾ തെളിയുന്നത്.
യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് ഇറാനിൽ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. പശ്ചമേഷ്യയിൽ സംഘർഷം തുടരുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ലോകകപ്പ് കളിക്കാനുള്ള സാധ്യതകൾ അടയുകയാണ്. ഇറാൻ ലോകകപ്പ് കളിച്ചില്ലെങ്കിൽ പകരക്കാരായി ഇറ്റലി എത്തിയേക്കും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇറാൻ പിന്മാറിയാലും പകരക്കാരെന്ന നിലയിൽ ഫിഫയ്ക്കു ഇറ്റലിയെ നേരിട്ട് യോഗ്യരാക്കാൻ സാധിക്കില്ല. മറ്റു ഫുട്‌ബോൾ കോൺഫെഡറേഷനുകളുടെ തീരുമാനവും ഇക്കാര്യത്തിൽ നിർണായകമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് ഇത്തവണ ഫിഫ ലോകകപ്പ് നടക്കുന്നത്.