യൂറോപ്യന്‍ വമ്പന്മാരുടെ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആവേശകരമായ ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയേണ്‍ വിജയിച്ചത്. ലൂയിസ് ഡയസ്, ഹാരി കെയ്ന്‍ എന്നിവരാണ് സന്ദര്‍ശകര്‍ക്കായി സ്‌കോര്‍ ചെയ്തത്. റയലിനായി കിലിയന്‍ എംബാപ്പെയാണ് ആശ്വാസഗോള്‍ നേടിയത്.
തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ 41-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. സെര്‍ജി ഗ്‌നാബ്രി നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച് ലൂയിസ് ഡയസ് റയല്‍ ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ബയേണ്‍, രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ലീഡ് വര്‍ദ്ധിപ്പിച്ചു. 46-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസ് നല്‍കിയ ക്രോസില്‍ നിന്ന് ഹാരി കെയ്ന്‍ ഉതിര്‍ത്ത ഷോട്ട് വലകുലുക്കിയതോടെ ബെര്‍ണബ്യൂ സ്റ്റേഡിയം നിശബ്ദമായി.
രണ്ട് ഗോളിന് പിന്നിലായതോടെ റയല്‍ മാഡ്രിഡ് ആക്രമണം കടുപ്പിച്ചു. 74-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ പാസില്‍ നിന്ന് കിലിയന്‍ എംബാപ്പെ ലക്ഷ്യം കണ്ടതോടെ റയല്‍ ക്യാമ്പില്‍ പ്രതീക്ഷകള്‍ ഉണര്‍ന്നു. സമനിലയ്ക്കായി റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയറുടെ തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്ക് തടസ്സമായി. വിനീഷ്യസ് ജൂനിയറിന്റെയും എംബാപ്പെയുടെയും ഗോളെന്നുറച്ച പല ശ്രമങ്ങളും നോയര്‍ വിഫലമാക്കി.
2001-ന് ശേഷം ബെര്‍ണബ്യൂവില്‍ ആദ്യമായാണ് ബയേണ്‍ ഒരു വിജയം സ്വന്തമാക്കുന്നത്. എവേ മാച്ചില്‍ നേടിയ ഈ വിജയം ബയേണിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. അടുത്ത ആഴ്ച ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു സമനില നേടിയാല്‍ പോലും അവര്‍ക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടാം. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ അത്ഭുതങ്ങള്‍ കാട്ടാറുള്ള റയല്‍ മാഡ്രിഡിന് തിരിച്ചുവരാന്‍ രണ്ടാം പാദത്തില്‍ വലിയ പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരും.
അതേസമയം ലീഗിലെ മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ട്ടിംഗ് ലിസ്ബണെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ആഴ്‌സണലും സെമി സാധ്യത സജീവമാക്കി. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍ കായ് ഹാവേര്‍ട്‌സാണ് ആഴ്‌സണലിനായി വലകുലുക്കിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെയും ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയേയും നേരിടും. രാത്രി 12.30നാണ് 2 മത്സരങ്ങളും നടക്കുക. അത്‌ലറ്റികോയുടെ ഹോം ഗ്രൗണ്ടിലാണ് ബാഴ്‌സ ഇന്നിറങ്ങുക. പിഎസ്ജി ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലും ആദ്യപാദ പോരാട്ടത്തിനിറങ്ങും.