ലോകകപ്പിൽ ഇറ്റലിയില്ലെന്നത് നിരാശപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് ലയണൽ സ്കലോണി

അഭിറാം മനോഹർ

വ്യാഴം, 2 ഏപ്രില്‍ 2026 (18:15 IST)
ഇറ്റലി ലോകകപ്പില്‍ യോഗ്യത നേടാത്തതില്‍ തനിക്ക് അതിയായ നിരാശയുണ്ടെന്ന് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി. ഇറ്റാലിയന്‍ വേരുകളുള്ള വ്യക്തിയാണ് താനെന്നും കരിയറില്‍ കൂടുതല്‍ കാലവും താന്‍ കളിച്ചത് ഇറ്റലിയിലാണെന്നും ലോക ഫുട്‌ബോളില്‍ വന്‍ ശക്തികളില്‍ ഒന്നായിരുന്ന ഇറ്റലിയുടെ ഈ വീഴ്ചയില്‍ വലിയ നിരാശയുണ്ടെന്നും സ്‌കലോണി പറഞ്ഞു. ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയുടെയും അറ്റ്‌ലാന്റയുടെയും താരമായിരുന്നു സ്‌കലോണി.
 
 
അതേസമയം തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാവാതെ പോയതോടെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിനയോട് രാജിവെയ്ക്കാന്‍ ഇറ്റാലിയന്‍ കായികമന്ത്രി ആവശ്യപ്പെട്ടു. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ അടിത്തട്ട് മുതല്‍ മാറ്റം ആവശ്യമാണെന്ന നിലപാടാണ് കായികമന്ത്രിക്കുള്ളത്. ഇറ്റാലിയന്‍ സര്‍ക്കാറും ഫുട്‌ബോള്‍ ഫെഡറേഷനും നാളുകളായി 2 തട്ടിലാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കായികമന്ത്രിയുടെ ആവശ്യം.
 
അതേസമയം ലോകകപ്പ് യോഗ്യത നേടാനാവാതെ വന്നതില്‍ ആരാധകരോട് മാപ്പ് പറയുന്നതായി ഇറ്റാലിയന്‍ കോച്ചും മുന്‍ താരവുമായി കോച്ച് ഗെന്നാരോ ഗെട്ടൂസോ പറഞ്ഞു. ഈ തിരിച്ചടി ഇറ്റാലിയന്‍ ടീം അര്‍ഹിച്ചതല്ലെന്നും മുഴുവന്‍ ഇറ്റലിക്കാര്‍ക്കും വേദനയുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചതെന്നും ഗട്ടൂസോ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്താവുന്നത്. ലോകകപ്പില്‍ 4 തവണ കിരീടവും 2 തവണ റണ്ണറപ്പുമായ ചരിത്രവും ഇറ്റലിക്കുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍