യൂറോകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ സ്‌പെയിന്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തകര്‍ത്തു. സ്പാനിഷ് പടയുടെ തേരോട്ടത്തില്‍ ലക്‌സംബര്‍ഗിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ആക്രമിച്ച് കളിക്കുന്നതിലും ഗോള്‍ നേടുന്നതില്‍ മിടുക്ക് കാട്ടിയതുമാണ് അവര്‍ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്.
ആദ്യ പകുതിയില്‍ ലക്‌സംബര്‍ഗിനെ കടന്നാക്രമിച്ച സ്പെയിന്‍ ഡേവിഡ് സില്‍വ, അല്‍കാസര്‍ എന്നിവരിലൂടെ ഗോള്‍ കണ്ടെത്തി. മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതില്‍ ഫുട്ബോളിലെ കുഞ്ഞന്‍മാര്‍ പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും തുടര്‍ന്ന സ്പാനിഷ് പട കോസ്റ്റയിലൂടെയുംബെര്‍നറ്റിലൂടെയും പട്ടിക തികച്ചു.
ഫോമിലല്ലാത്ത നായകനും ഗോള്‍കീപ്പറുമായ ഐകര്‍ കസിയസിനു പകരം സ്പാനിഷ് വല കാത്തത് ഡേവിഡ് ഡി ഗിയയാണ്. ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ സ്‌പെയിനിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റായ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമതെത്തി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച സ്ലൊവാക്യയാണ് ഗ്രൂപ്പ് സിയില്‍ ഒന്നാമത്.