സ്വന്തം മൈതാനത്ത് ചെല്‍സിയെ പിടിച്ചു കെട്ടാന്‍ എന്ത് ചെയ്യണമെന്ന് ലിവര്‍പൂളിന് അറിയാമായിരുന്നു. എന്നാല്‍ കളിയില്‍ കാട്ടിയ ചെറിയ പിഴവ് അവരെ സമനിലയില്‍ കൊണ്ടെത്തിച്ചു. യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യ പാദ സെമിയില്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ എതിരാളികളുമായി ഓരോ ഗോള്‍ പങ്ക് വച്ചു.
ഇംഗ്ലീഷ് ടീമുകള്‍ മത്സരിച്ച ആദ്യ സെമിയില്‍ ഡച്ച് താരം ഡിര്‍ക് ക്യുത്തിലൂടെ ലിവര്‍പൂള്‍ മുന്നില്‍ എത്തിയെങ്കിലും പ്രതിരോധക്കാരന്‍ ആര്‍നേ റീസ് അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചത് എതിരാളികള്‍ ചെല്‍സിക്ക് സമനില സമ്മാനിച്ചു. ഇതോടെ ചെല്‍സിയുടെ തട്ടകത്തില്‍ നടക്കുന്ന അടുത്ത മത്സരം കൂടുതല്‍ വാശിയുടേതായി.
മിക്കവാറും സമ്പൂര്‍ണ്ണമായ നിരയെ തന്നെയായിരുന്നു ചെല്‍സി ഈ മത്സരത്തിനായി ഇറക്കിയത്. എന്നിട്ടും ലീഡ് എടുക്കാന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് കഴിഞ്ഞില്ല. ലിവര്‍പൂളാകട്ടെ മികച്ച പ്രതിരോധം തീര്‍ക്കുക കൂടി ചെയ്തപ്പോള്‍ ചെല്‍സിക്ക് പഴിതുകള്‍ ഇല്ലാതെ പോയി.
ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ ഡിര്‍ക്ക് ക്യുത്തിന്‍റെ ക്ലോസ് റേഞ്ച് ഫിനിഷായിരുന്നു ആദ്യ പകുതിയില്‍ ചുവപ്പന്‍ പടയെ മുന്നിലെത്തിച്ചത്. എന്നാല്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം നില്‍ക്കേ സലോമോന്‍ കാലുവിന്‍റെ ക്രോസില്‍ റീസ് നടത്തിയ അബദ്ധ ഹെഡ്ഡര്‍ ചെല്‍സിക്ക് വിലമതിക്കാനാകാത്ത അവേ ഗോള്‍ സമ്മാനിച്ചു. സ്റ്റാം ഫോര്‍ഡ് ബ്രിഡ്‌ജില്‍ അടുത്ത ബുധനാഴ്ച നടക്കുന്ന മത്സരം ഇതോടെ ഏറെ നിര്‍ണ്ണായകമായി.
രണ്ടാം സെമിയില്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂ കാമ്പില്‍ സ്പാനിഷ് മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സിലോണയെ നേരിടും. ഇരുവരും തമ്മില്‍ ഇതിനു മുമ്പ് എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു ടീമുകലുടെയും പ്രധാന പ്രശ്‌നം പരുക്കാണ്. വാന്‍ഡര്‍സാര്‍, റൂണി, ഓവന്‍ ഹാര്‍ഗ്രീവ്‌സ് ആന്‍ഡേഴ്‌സണ്‍ എന്നീ മാഞ്ചസ്റ്റര്‍ താരങ്ങളെല്ലാം പരുക്കിലാണ്.