യുഎസ് തിരെഞ്ഞെടുപ്പിനൊടുവിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് അധികാരം നഷ്ടമായത് തന്നെയായിരുന്നു 2021ലെ ആദ്യ വലിയ വാർത്ത. ആകെ പോൾ ചെയ്‌ത വോട്ടിന്റെ 51.3 ശതമാനം ബൈഡൻ നേടി. എന്നാൽ തിരെഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ജനുവരി ആറിന് വാഷിങ്ടനിലെ ക്യാപിറ്റളിൽ ട്രംപ് അനുകൂലികൾ ആക്രമണം നടത്തുകയും. ഈ സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്‌തത് അമേരിയ്ക്കയ്ക്ക് വലിയ കളങ്കമായി. ക്യാപ്പിറ്റോൾ ആക്രമണം രാജ്യാന്തര സമൂഹത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.
അതേസമയം യുഎസ് വൈസ് പ്രസിഡന്റ് പദവി ഒരു വനിത അലങ്കരിക്കുന്ന ചരിത്ര നിമിഷത്തിനും 2021 സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വംശജ കമല ഹാരിസ് ആയിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. 2021 നവംബർ 21ന് വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസിഡന്റ് ബൈഡന് അനസ്തേഷ്യ നൽകിയപ്പോഴാണ് ഒരു മണിക്കൂർ 25 മിനിറ്റ് സമയം പ്രസിഡന്റ് സ്ഥാനം കമലയിലേക്കെത്തിയത്.
ജർമനിയിൽ 16 വർഷത്തെ ഭരണത്തിനു ശേഷം ചാൻസലർ പദവിയിൽനിന്ന് അംഗല മെർക്കൽ പടിയിറങ്ങുന്നതിനും 2021 സാക്ഷിയായി. അതേസമയം ലോകം ഞെട്ടലോടെയാണ് 2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്‌ഗാനിൽ പിടിമുറുക്കുന്ന കാഴ്‌ചയ്ക്കു സാക്ഷ്യം വഹിച്ചത്. താലിബാൻ കാബൂൾ പിടിച്ചതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. താലിബാനിൽ നിന്ന് രക്ഷനേടാനായി കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ നിസ്സഹായരായി തടിച്ചുകൂടിയ ആൾക്കൂട്ടത്തിന്റെ ചിത്രം 2021ലെ ഹൃദയം തകർക്കുന്ന കാഴ്ച്ചയായി.