2021 Review: ലോകം ബ്ലോക്ക് ചെയിൻ സാങ്കേതികയിലേക്ക്, വെബ് 3.0, എൻഎഫ്‌ടി, മെറ്റാവേഴ്‌സ്: വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:29 IST)
ആധുനിക കാലത്ത് ലോകം കണ്ട ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു ഇന്റർനെറ്റിന്റെ കണ്ടുപിടിത്തമെങ്കിൽ ഒരു സാങ്കേതിക വിപ്ലവത്തിന്റെ പടിവാതിലിലാണ് ലോകം. വെബ്‌3യിലേക്കും ബ്ലോക്ക്‌ചെയിൻ സാങ്കേതിക‌യിലേക്കും മെറ്റാവേഴ്‌സിലേക്കും ലോകം കാലെടുത്ത് വെയ്‌ക്കുന്നതിനാണ് 2021 സാക്ഷ്യം വഹിച്ചത്. കൊവിഡ് മഹാമാരി ഈ സാങ്കേതിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും ഇടയാക്കി എന്നതാണ് സത്യം.
 
1989ൽ ടിം ബെര്‍ണേഴ്‌സ്-ലീ അവതരിപ്പിച്ച വേള്‍ഡ് വൈഡ് വെബിനെയാണ് വെബ്1.0 എന്നു വിശേഷിപ്പിക്കുന്നത് പ്രധാനമായും ടെക്‌സ്റ്റ് ഉള്ളടക്കം കൈമാറി വന്നതാണ് ഈ കാലഘട്ടം. കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകളുള്ള, ഡൈനാമിക് വെബിനെ ആണ് വെബ് 2.0 എന്ന് പറയുന്നത്.ആർക്കും തന്നെ കണ്ടന്റുകൾ നിർമിക്കാനും പങ്കുവെയ്ക്കാനും ഇതിലൂടെ സാധിക്കും. യൂട്യൂബ്,ഫെയ്‌സ്ബുക്ക്,ട്വിറ്റർ എല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ്.
 
എന്നാൽ കേന്ദ്രീകൃതമാണ് ഈ സംവിധാനം എന്നതിനാൽ വെബ് 2 ഉപയോഗത്തെ സർക്കാരുകൾക്കും മ‌റ്റും എളുപ്പത്തിൽ നിയന്ത്രിക്കാനാവും. ഇതിനെ മറികടക്കുക എന്ന ലക്ഷ്യവുമായി വികേന്ദ്രീകൃതമായ എന്നാൽ തട്ടിപ്പുകൾ തടയാൻ കഴിയുന്ന സർവറുകൾ ഒരുക്കി കൊണ്ടുള്ള ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വെബ് 3 സംവിധാനമെത്തുന്നത്.
 
ഇതിന്റെ എല്ലാം ഫലമായി ഒരു ക്രിപ്‌റ്റോ ഇക്കണോമിക്പ്രോട്ടോക്കോള്‍ കൊണ്ടുവരണമെന്നും ഇതിനായി വാദിക്കുന്നവർ പറയുന്നു.എന്നാൽ ഇതൊരു ഉട്ടോപ്യൻ ആശയമാണെന്ന് കരുതുന്നവരാണ് അധികവും. അതേസമയം ലോകം മെറ്റാവേഴ്‌സ് എന്ന സ്വപ്‌നലോകത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നതിനും 2021 സാക്ഷിയായി. ഭാവിയിലെ സ്വപ്‌ന പദ്ധതികൾക്കായി ഫേസ്‌‌ബുക്ക് കമ്പനി മെറ്റാ എന്ന പേരിലേക്ക് മാറിയതോടെയാണ് ലോകം മെറ്റാവേഴ്‌സ് എന്ന ആശയത്തെ കാര്യമാക്കി തുടങ്ങിയത്.
 
മെറ്റാവേഴ്‌സിനായി 500 മില്യൺ ഡോളറാണ് ഫേയ്‌സ്‌ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്.ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസാണ് മെറ്റാവേഴ്‌സിലൂടെ ഉദ്ദേശിക്കുന്നത്. ഇന്റർനെറ്റിന്റെ ഭാവി മെറ്റാവേഴ്‌സാണെന്നാണ് ഫേസ്‌ബുക്ക് അവകാശപ്പെടുന്നത്. ഫേസ്‌ബുക്കിനൊപ്പം ആമസോൺ,മൈക്രോസോഫ്‌റ്റ് തുടങ്ങിയ ഭീമന്മാരും മെറ്റാവേഴ്‌സ് മത്സരത്തിലുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയിലും ഓഗ്മെന്റഡ് റിയാലിറ്റിയിലും ഊന്നിയായിരിക്കും പുതിയ സാങ്കേതികവിദ്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍