മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആര്? മലയാള സിനിമയില്‍ പുത്തന്‍ 'ബ്രാന്‍ഡുകള്‍' പിറന്ന 2021; പാന്‍ ഇന്ത്യന്‍ താരങ്ങളായി ദുല്‍ഖറും ടൊവിനോയും

വ്യാഴം, 30 ഡിസം‌ബര്‍ 2021 (21:37 IST)
മലയാള സിനിമയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ യുഗത്തിനു ശേഷം ആര്? എന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയായിരുന്നു 2021 ലെ യുവ താരങ്ങളുടെ വളര്‍ച്ച. പാന്‍ ഇന്ത്യന്‍ ലെവലില്‍ മലയാള സിനിമയില്‍ നിന്ന് താരങ്ങള്‍ വളര്‍ന്നു. ഇന്ത്യന്‍ സിനിമയില്‍ പല യുവ താരങ്ങളുടേയും മാര്‍ക്കറ്റ് ഉയര്‍ന്നത് മലയാള സിനിമാ വ്യവസായത്തിനും ഗുണമായി. അങ്ങനെ 2021 ല്‍ ഞെട്ടിച്ച രണ്ട് താരങ്ങള്‍ ഇവരാണ് 
 
ദുല്‍ഖര്‍ സല്‍മാന്‍
 
തമിഴിലും ബോളിവുഡ് സിനിമയിലും അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ ദുല്‍ഖറിന് മുന്‍ വര്‍ഷങ്ങളില്‍ കഴിഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളിലെ പ്രതാപം ദുല്‍ഖര്‍ 2021 ല്‍ വര്‍ധിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസിലൂടെ സിനിമ വ്യവസായത്തില്‍ ദുല്‍ഖര്‍ ശക്തമായ സാന്നിധ്യം അരക്കിട്ടുറപ്പിച്ച വര്‍ഷം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ ലെവലിലേക്കുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഈ സിനിമയുടെ നിര്‍മാതാവും ദുല്‍ഖര്‍ തന്നെ. കേരളത്തിനു പുറത്ത് വന്‍ ചലനമാണ് കുറുപ്പ് സൃഷ്ടിച്ചത്. സിനിമയുടെ പ്രചാരണം ബോളിവുഡ് തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇത് ദുല്‍ഖറിന്റെ മാര്‍ക്കറ്റ് ഉയരാന്‍ കാരണമായി. 
 
ടൊവിനോ തോമസ്
 
ദുല്‍ഖറിനൊപ്പം പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യത കിട്ടിയ താരം. 2021 ടൊവിനോയെ സംബന്ധിച്ചിടുത്തോളം വലിയ നേട്ടങ്ങളുടെ വര്‍ഷമാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് അതിനു പ്രധാന കാരണം. മലയാളത്തില്‍ നിന്ന് ഒരു റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോയെ ഇന്ത്യന്‍ സിനിമയിലേക്ക് സമ്മാനിക്കാന്‍ ബേസിലിനും ടൊവിനോയ്ക്കും സാധിച്ചു. ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലി അടക്കമുള്ളവര്‍ ടൊവിനോയെ പ്രശംസിച്ച് രംഗത്തെത്തിയത് ഇതിന്റെ ബാക്കിപത്രമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍