യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തീവണ്ടി ഓടിത്തുടങ്ങി- പ്രേക്ഷകരെ കൈയ്യിലെടുത്ത് ഈ കൊച്ചുചിത്രം!

എസ് ഹർഷ

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (16:20 IST)
ഒടുവിൽ തീവണ്ടി ഓടിത്തുടങ്ങി. യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളിൽ എത്തി. നീണ്ട് നീണ്ട് ഗണപതിയുടെ കല്യാണം പോലെ ആകുമോയെന്ന് ആരാധകർ ഭയന്ന ചിത്രമായിരുന്നു തീവണ്ടി. അല്ലെങ്കിലും തീവണ്ടി എന്നാ കറക്ട് സമയത്ത് ഓടിയിട്ടുള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. 
 
ചിത്രത്തിന്റെ റിലീസിംഗ് പക്ഷേ എവിടെയും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാൻ. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. പൂർണമായും ഒരു കഥാപാത്രമായി മാറാൻ തനിക്ക് കഴിയുമെന്ന് ടൊവിനോ തെളിയിച്ചിരിക്കുകയാണ്.
 
യൂത്തന്മാർക്കിടയിലുള്ള പുകവലിയും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ തുടക്കം. സാധാരണക്കാരനായ ബിനീഷിന്റെ ജീ‍വിതമാണ് സിനിമ പറഞ്ഞ് പോകുന്നത്. ദിവസങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ അവന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അവനിലുണ്ടാക്കുന്ന മാറ്റവുമാണ് തീവണ്ടി.
 
നർമത്തിന്റേയും ഹാസ്യത്തിന്റേയും കൂട്ടുപിടിച്ചാണ് ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്. ഒരു നാട്ടിൻപുറവും അവിടുത്തെ ആളുകളുടെ പെരുമാറ്റവും സംസാരവും രാഷ്ട്രീയവുമെല്ലാം ആദ്യ പകുതിയിൽ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. നായകനായ ബിനീഷ് പുകവലിയിൽ എത്രത്തോളം അടിക്ട് ആണെന്ന് ആദ്യപകുതിയിലൂടെ വ്യക്തം. ആദ്യ പകുതി അവസാനിക്കുമ്പോൾ സംവിധായകൻ ഒരു പുതുമുഖമാണെന്ന തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാകുന്നില്ല.
 
എന്നാൽ, രണ്ടാം പകുതിയി ആദ്യ പകുതിയെ അപേക്ഷിച്ച് ഈ നർമം കാണാനാകുന്നില്ല. പകുതിയുടെ ആരംഭത്തിൽ ചെറിയ ചില പോരായ്മകളും ഇഴച്ചിലുകളും ഉണ്ട്. പക്ഷേ ഇത് സിനിമയെ മൊത്തത്തിൽ ബാധിക്കില്ല. അത്രമേൽ സുന്ദരമായിട്ടാണ് കഥ പോകുന്നതെന്ന് ചുരുക്കം. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ക്ലൈമാക്സ് ആണ് ചിത്രത്തിന്.
 
എല്ലാ തരം പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള ചേരുവകളാണ് ചിത്രത്തിലുള്ളത്. നാടൻ ലുക്കിലുള്ള നായകനും നായികയും മറ്റുള്ളവരും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് ഉറപ്പ്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്നതിനിടയില്‍ അഭിനയമില്ല ജീവിതമാണ് ഇവിടെ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 
 
സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അവർ മനോഹരമാക്കി. 
റേറ്റിംഗ്:3.5/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍