ആദ്യപകുതി ഇഴയുന്നു, പൊളിറ്റിക്കല്‍ ത്രില്ലറാണെങ്കിലും ഐറ്റം ഡാന്‍സുണ്ട്; ആക്ഷനിടയില്‍ അനാവശ്യമായി പാട്ടുണ്ട്, കഥയില്‍ പുതുമയില്ല - നല്ല അഭിപ്രായത്തിനിടയില്‍ ലൂസിഫറിന് പോരായ്‌മകളും

കെവിന്‍ മാത്യൂസ്

വ്യാഴം, 28 മാര്‍ച്ച് 2019 (14:48 IST)
മോഹന്‍ലാല്‍ ചിത്രമായ ‘ലൂസിഫര്‍’ ലോകമെങ്ങും കൊണ്ടാടപ്പെടുകയാണ്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം ഗംഭീരമായെന്ന അഭിപ്രായമാണ് പരക്കെ ഉയര്‍ന്നിരിക്കുന്നത്.
 
എന്നാല്‍ അതിനിടയില്‍ ചില നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്. ചിത്രത്തിന്‍റെ ആദ്യപകുതി പതിഞ്ഞ താളത്തിലാണ് മുന്നോട്ട് പോകുന്നത് എന്നതാണ് ചെറിയ രീതിയില്‍ പ്രേക്ഷകരെ പിന്നോട്ടുവലിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ചിത്രം ട്രാക്കിലാകുന്നുണ്ട്.
 
മുരളിഗോപിയുടെ മുന്‍ തിരക്കഥകള്‍ പോലെ പരീക്ഷണാത്മക സമീപനമൊന്നും ഈ തിരക്കഥയില്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതുമയൊന്നുമില്ലാത്ത ഒരു കഥയാണ് ലൂസിഫറിന്‍റേത്. മോഹന്‍ലാല്‍ എന്ന നടനേക്കാള്‍ മോഹന്‍ലാല്‍ എന്ന താരത്തെയാണ് പൃഥ്വിരാജ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
 
രണ്ടാം പകുതി വലിയ സംഭവബഹുലം എന്നൊന്നും പറയാനാകില്ല. എന്നാല്‍ പ്രതീക്ഷിക്കാതെയെത്തുന്ന ട്വിസ്റ്റുകള്‍ പടത്തെ മുന്നോട്ടുനയിക്കുന്നു. മധുരരാജയില്‍ സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയെങ്കില്‍ ലൂസിഫറും ഒട്ടും മോശമല്ല, ഈ പൊളിറ്റിക്കല്‍ ത്രില്ലറിലും ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
 
മോഹന്‍ലാലിന്‍റെ ഒരു തകര്‍പ്പന്‍ ആക്ഷന്‍ രംഗത്ത് അനാവശ്യമായി പാട്ടുകൊണ്ടുവന്ന് ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. അത് കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. ഒരു ത്രില്ലറിന് വേണ്ടതെന്ന് തെറ്റിദ്ധരിച്ച് പോയിട്ടുള്ള സ്ലോമോഷന്‍ നടത്തം പോലുള്ള ക്ലീഷേകള്‍ ധാരാളമായി ലൂസിഫറില്‍ ഉപയോഗിച്ചിരിക്കുന്നു. 
 
എന്നാല്‍ ഇത്തരം ചെറിയ പോരായ്മകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ഒന്നാന്തരം മാസ് ക്ലാസ് പൊളിറ്റിക്കല്‍ ത്രില്ലര്‍ തന്നെയാണ് മോഹന്‍ലാലിന്‍റെ ലൂസിഫര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍