കുടുംബസമേതം ചിരിച്ചും ചിന്തിച്ചും കാണാവുന്ന കൊച്ചുസിനിമ; ധൈര്യമായി ടിക്കറ്റെടുക്കാം 'ഫാലിമി'ക്ക്

ബുധന്‍, 22 നവം‌ബര്‍ 2023 (15:57 IST)
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'ഫാലിമി'. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയിരിക്കുകയാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ബേസില്‍ ജോസഫ് ചിത്രം. അഭിനേതാവെന്ന നിലയില്‍ താന്‍ ചെയ്യുന്ന സിനിമകളെല്ലാം മിനിമം ക്വാളിറ്റി തന്നിരിക്കുമെന്ന് ബേസില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കുടുംബ സമേതം ആസ്വദിക്കാവുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. 
 
നിതീഷ് സഹദേവും സാന്‍ജോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. നര്‍മ്മത്തിലൂടെ വളരെ ഗൗരവമേറിയ വിഷയങ്ങളും പങ്കുവയ്ക്കുന്നുണ്ട് ചിത്രം. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം മനസിലാക്കേണ്ടതിന്റെ പ്രാധാന്യവും പല കുടുംബങ്ങളിലേയും സ്വരചേര്‍ച്ച കുറവിന്റെ കാരണങ്ങളും ചിത്രം പങ്കുവയ്ക്കുന്നു. പൂര്‍ണമായി ഇമോഷണല്‍ ഡ്രാമയിലേക്ക് പോകാതെ ഗൗരവമുള്ള വിഷയങ്ങളെ സരസമായി അവതരിപ്പിച്ചിടത്താണ് ഫാലിമിയുടെ വിജയം. 
 
അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ ഭാര്യഭര്‍തൃ വേഷങ്ങളും അവരുടെ മക്കളായി അഭിനയിച്ചിരിക്കുന്ന ബേസില്‍ ജോസഫ്, സന്ദീപ് പ്രദീപ് എന്നിവരുടെ കഥാപാത്രങ്ങളും ഏറെ മികച്ചുനിന്നു. ജഗദീഷിന്റെ അച്ഛനായി അഭിനയിച്ചിരിക്കുന്ന മീനരാജ് പള്ളുരുത്തിയുടെ പ്രകടനം തിയറ്ററുകളില്‍ ഒരേസമയം ചിരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. കുടുംബസമേതം ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഗംഭീര സിനിമയാണ് ഫാലിമി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍