‘ലാപ്ടോപ്പ്’ എന്ന പദപ്രശ്നം

PROPRO
ഭൂമിയെ ഉറയില്ലാതെ ഭോഗിക്കാന്‍ തൃഷ്‌ണ പ്രകടിപ്പിച്ച കവി രൂപേഷ്‌ പോളിന്‍റെ ആദ്യ സിനിമ ‘മദേഴ്‌സ്‌ ലാപ്‌ടോപ്പ്‌’ എല്ലാ അര്‍ത്ഥത്തിലും ഒരു ആധുനിക കവിതയാണ്‌. സ്ഥാനം തെറ്റിക്കിടക്കുന്ന ശക്തവും സുന്ദരവുമായ പദങ്ങളെ പോലെ ഷോട്ടുകള്‍‌. കുഴപ്പത്തില്‍ ചാടിപ്പിക്കുന്ന കൂട്ടി ചേര്‍ക്കലുകള്‍ , അസ്വസ്ഥതയുണര്‍ത്തുന്ന ഇഴച്ചില്‍. അനുവാചകനില്‍ നിന്ന്‌ യുക്തിയും ക്ഷമയും ആവശ്യപ്പെടുന്ന, ചിലപ്പോഴെങ്കിലും കഷ്ടപ്പെടുത്തുന്ന, ആഖ്യാന രീതി.

സുരേഷ്‌ ഗോപിയും പത്മപ്രിയയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പോസ്‌റ്റര്‍ കണ്ട്‌ സിനിമക്ക്‌ കയറിയ പാവം പയ്യന്‍ ആദ്യ ഷോട്ടിന്‍റെ ചലനരാഹിത്യം കണ്ട്‌ “പടച്ചോനേ ഇത്‌ അവാര്‍ഡ്‌ പടമാടാ..” എന്ന്‌ ഉറക്കെ ആശങ്കപ്പെട്ടത്‌ അത്‌കൊണ്ടാകാം. അമ്മയുടെ ഗര്‍ഭപാത്രം കൊണ്ടുക്കളയുന്നവന്‍റെ പതനത്തിന്‍റെ മനോഹരമായ ആവിഷ്‌കാരമാണ്‌ സുഭാഷ്‌ചന്ദ്രന്‍റെ ‘പറദീസനഷ്ടം’ എന്ന കഥ.

വൃക്തിനിഷ്ഠമായ ആഖ്യാന രീതിയില്‍ ആ കഥ സിനിമയാക്കുമ്പോള്‍ മുഖ്യധാര സിനിമയെ പോലെ കേരളത്തില്‍ റിലീസ്‌ ചെയ്യാനായി എന്നത്‌ രൂപേഷ്‌ പോളിന്‍റെ ഭാഗ്യമാണ്‌. പുതുമുഖ സംവിധായകര്‍ക്ക്‌ ഒന്നും അത്രപെട്ടെന്ന്‌ ലഭിക്കാത്ത ഭാഗ്യമാണത്‌.
PROPRO


ഇതുവരെ ഒരു സിനിമയുടേയും പിന്നില്‍ പ്രവര്‍ത്തിക്കാത്ത പുതുപുത്തന്‍ സംവിധായകന്‍ (രൂപേഷ്) , പുതിയ തിരക്കഥാകൃത്ത്‌ (ഇന്ദു മേനോന്‍) , പുതിയ കഥാകൃത്ത് (സുഭാഷ് ചന്ദ്രന്‍) ‌, പുതിയ ക്യാമറാമാന് (വി വിനോദ്)‍, പുതിയ സംഗീത സംവിധായകന്(ഡോ ശ്രീവല്‍സണ്‍ ജെ മേനോന്‍) ‍, പുതിയ ഗായകര്‍ ഇങ്ങനെ ‘ലാപ്‌ടോപ്പില്‍’ എല്ലാം പുതുമയാണ്‌.

വമ്പന്‍ സംവിധായകര്‍ പോലും ചര്‍വ്വിതചര്‍വ്വണമാര്‍ഗ്ഗങ്ങളിലുടെ പോകുമ്പോള്‍ പരാജയ ഭീതിയില്ലാതെ വഴിതെറ്റി നടക്കുന്നു എന്നതാണ്‌ ‘ലാപ്‌ടോപ്പി’ന്‍റെ പുതുമ. ഈ ശ്രമങ്ങളില്‍ സംവിധായകന്‍ എത്രമാത്രം വിജയിച്ചു എന്നതാണ്‌ പ്രധാന പ്രശനം.

രവി (സുരേഷ്‌ഗോപി)വര്‍ഷങ്ങള്‍ക്ക്‌ ശേഷം അമ്മയെ(ശ്വേത മേനോന്‍) കാണാന്‍ നാട്ടിലെത്തുന്നു. അമ്മയാകട്ടെ രോഗശയ്യയില്‍ അബോധാവസ്ഥയിലും. തനിക്ക്‌ വേണ്ടി മാത്രം ജീവിച്ച അമ്മയെ ഉപേക്ഷിച്ച്‌ പോകേണ്ടി വന്നതില്‍ രവിയില്‍ കുറ്റബോധം. കാമുകി പായല്‍ (പത്മപ്രീയ) അയാളെ ഈഡിപ്പസെന്ന്‌ കളിയാക്കുന്നുമുണ്ട്‌.

പായലിലും രവി മാതൃഭാവം കാണുന്നെങ്കിലും അവളെയും ഒഴിവാക്കുകയാണ്‌, പിന്നീട്‌ അവളെ കുറിച്ചുളള ഓര്‍മ്മകളില്‍ അയാള്‍ ലബോറട്ടറിയിലേക്ക്‌ കൊണ്ടു പോയ അമ്മയുടെ ഗര്‍ഭപാത്രം ബാറില്‍ വച്ച്‌ മറക്കുന്നു.

PROPRO
മലയാള സിനിമയിലെ പുതിയ ശ്രമങ്ങളെ മന:പൂര്‍വ്വം ഇഷ്ടപ്പെടാന്‍ ശ്രമിക്കുന്ന അനുവാചകന്‍ ‘ലാപ്‌ടോപ്പില്‍’ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സുരേഷ്‌ ഗോപിയായിരിക്കും. ‘ഈഡിപ്പസ്‌ കുട്ടപ്പനായ’ മകന്‍റെ കുറ്റബോധമൊന്നും അദ്ദേഹത്തില്‍ കാണുന്നില്ല, തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ മ്ലാനഭാവം. വികാര വിക്ഷോഭം പ്രകടിപ്പിക്കുമ്പോള്‍ മുക്കലും മൂളലും അരോചകമാം വിധം ധാരാളം.

ഗാനങ്ങള്‍ അടക്കം പരമാവധി ഒന്നര മണിക്കൂര്‍ മാത്രമേ ‘ലാപ്‌ടോപ്പിന്‌’ ദൈര്‍ഘ്യമുള്ളു എങ്കിലും ചിത്രം വല്ലാതെ വലിച്ചു നീട്ടിയിരിക്കുന്നതായി തോന്നുന്നു. മനോഹരമായ ഗാനങ്ങളാണ്‌ ‘ലാപ്‌ടോപ്പി’ന്‍റെ ഏറ്റവും വലിയ മേന്മ. സംഗീതമൊരുക്കിയ ഡോ ശ്രീവല്‍സണ്‍ ജെ മേനോനും ഗാനരചയിതാവ്‌ റഫീക്ക്‌ അഹമ്മദും എല്ലാം കൈയ്യടി ആവശ്യപ്പെടുന്നു. ഛായാഗ്രാഹകന്‍ വി വിനോദിനും ഇതൊരു മികച്ച തുടക്കമാണ്‌.

രവിയുടെ വര്‍ത്തമാനകാല കുറ്റബോധത്തെ ബാല്യകാലത്തിലേക്ക്‌ കട്ട്‌ ചെയ്യുന്നിടങ്ങളില്‍ കവിതയുണ്ട്‌, ലൈംഗികതയുടേയും വികാരപാരവശ്യത്തിന്‍റെയും ശ്ലഥ ബിംബങ്ങള്‍ അവിടവിടെയായി ചിതറി കിടന്ന് കുഴപ്പം പിടിച്ച പദപ്രശ്നമാകുന്നു.

പേപ്പറില്‍ കുറിച്ചുവച്ചവ ക്യാമറയിലൂടെ പകര്‍ത്തുമ്പോഴുണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളും ചിലപ്പോഴെല്ലാം മുഴച്ചു നില്‍ക്കുന്നു.

ഒന്നിലധികം തലങ്ങളുള്ള ചിത്രമാക്കി ‘ലാപ്‌ടോപ്പി’നെ മാറ്റാനുള്ള സംവിധായകന്‍റെ ശ്രമം പാളുന്നതാണ് മറ്റൊരു പ്രശ്‌നം. ആഖ്യാന ശൈലിയിലാകട്ടെ സ്ഥായീ ഭാവം കാണാനുമില്ല. കഥാപാത്രങ്ങളുടെ മാനസിക ഘടനയിലൂടെ മന്ദഗതിയില്‍ മുന്നേറാന്‍ ആദ്യ പത്തുമിനിറ്റ്‌ ശ്രമിക്കുമ്പോള്‍ പിന്നീടങ്ങോട്ട്‌ ആഖ്യാനഘടന മാറി സാധാരണ ചിത്രങ്ങളെ പോലെയാകുന്നു.
PROPRO


സ്‌പെഷ്യല്‍ എക്കണോമിക്‌ സോണിനെതിരെ സമരം ചെയ്യുന്ന ആദിവാസി അമ്മയും , രവിയെ വശീകരിക്കാനെത്തുന്ന നപുംസകവും കുളിമുറിയില്‍ രവി ആട്ടിയോടിക്കുന്ന ചിലന്തിവലയും എല്ലാം അമൂര്‍ത്തങ്ങളായ ബിംബങ്ങളായി പോകുന്നു. ഫലപ്രദമായ വികാരസന്നിവേശം അവിടെയെല്ലാം അസാധ്യമാകുന്നു.

അവസാന ഷോട്ടില്‍ ലാപ്‌ടോപ്പിനൊപ്പം രവിയും വെള്ളത്തില്‍ വീഴുമ്പോള്‍ “ .....അമ്മേടെ ലാപ്‌ടോപ്പ്‌” എന്ന്‌ പുറകിലിരുന്ന പയ്യന്‍ വീണ്ടും വിളിച്ചു പറയുന്നത്‌ അതുകൊണ്ടായിരിക്കാം. സിനിമയുടെ ഗതാനുഗതിക വ്യാകരണ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട്‌ സ്വന്തം വഴി തെരഞ്ഞടുത്ത തുടക്കക്കാരനെന്ന പരിഗണനക്ക്‌ സംവിധായകന്‍ അര്‍ഹനാണ്‌. രൂപേഷ്‌, വേഗം അടുത്ത ചിത്രമെടുക്കട്ടെ.