പിതാമഹന് എന്ന സിനിമ കഴിഞ്ഞ് ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴ് സംവിധായകന് ബാല പുതിയൊരു സിനിമയുമായി എത്തുന്നത്. മൂന്ന് വര്‍ഷത്തെ പ്രയത്നമാണ് അദ്ദേഹത്തിന്റെ ‘നാന് കടവുള്‍’. എന്നാല്‍ തപസ് പോലെയുള്ള ആ പ്രയത്നം പാഴായിപ്പോയതായാണ് സിനിമ കാണുമ്പോള്‍ അനുഭവപ്പെടുന്നത്.
സേതുവാണ് ബാലയുടെ ആദ്യചിത്രം. വിക്രം നായകനായി അഭിനയിച്ച ഈ സിനിമ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുതിയൊരു അനുഭവമായിരുന്നു. പിന്നീട് സൂര്യയെ നായകനാക്കി നന്ദ. 2003ലാണ് പിതാമഹന് സംഭവിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണു വിക്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡു കിട്ടിയത്. ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും പിതാമഹന് നേടി. പ്രത്യേകതകള്‍ നിറഞ്ഞതാണ് ബാലയുടെ ഓരോ ചിത്രങ്ങളും.
പരുത്തിവീരന്, സുബ്രഹ്മണ്യപുരം, വെയില്, ഇംശൈ അരസന് ഇരുപത്തിയൊന്നാം പുലികേശി തുടങ്ങി ഒരുപിടി തമിഴ് ചിത്രങ്ങള്‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രം മാറ്റിയെഴുതുന്ന സാഹചര്യത്തിലാണ് ‘നാന് കടവുള്‍’ റിലീസായത്.
എന്നാല്‍ ഒട്ടേറെ പ്രതീക്ഷകളുമായി ബാലയുടെ പുതിയ സിനിമയെ കാത്തിരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായി ഈ ചിത്രം. സമാന്തര തമിഴ് സിനിമയുടെയും ബാലയുടെ തന്നെയും നിലവാരത്തില്‍ നിന്ന് ‘നാന് കടവുള്‍’ താഴേയ്ക്ക് വ്യതിചലിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.
PRO
PRO
ശപിക്കപ്പെട്ടവനെന്ന് ജ്യോതിഷികള്‍ മുദ്രകുത്തിയതിനെ തുടര്‍ന്ന് സ്വന്തം പിതാവിനാല്‍ കാശിയില്‍ ഉപേക്ഷിക്കപ്പെടുന്ന രുദ്രന് ഒരു അഘോരി സന്യാസിയായി വളരുന്നതും വളരെക്കാലം കഴിഞ്ഞ് പിതാവിന്റെ തന്നെ അഭ്യര്‍ത്ഥനയാല്‍ ജന്മദേശമായ മലൈക്കോവിലിലേക്ക് മടങ്ങിവ രുന്നതുമാണ് സിനിമയുടെ പ്രമേയം.
എന്നാല്‍ ചുറ്റും നടക്കുന്ന ഒന്നിലും രുദ്രന് താല്പര്യമില്ല. സദാസമയവും ‘അഹം ബ്രഹ്മാസ്മി’യെന്ന് ഉരുവിട്ട് കഞ്ചാവും പുകച്ച് നടക്കുകയാണ് ഈ അഘോര സന്യാസി. അമ്മയുടെ കരച്ചിലും സങ്കടം പറച്ചിലും സഹിക്കവയ്യാതെ അടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് താമസം മാറ്റുകയാണ് രുദ്രന്.
കുട്ടികളെ വികലാംഗരാക്കി ഭിക്ഷാടനത്തിന് അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയയ്ക്കുന്ന ഭിക്ഷാടന മാഫിയയുടെ കേന്ദ്രമാണ് മലൈക്കോവിലും പരിസര പ്രദേശങ്ങളും. ഭിക്ഷാടന മാഫിയയുടെ തലവന്‍ താണ്ടവന്‍(രാജേന്ദ്രന്) എന്നയാളാണ്. ഇയാളും സഹായിയും കൂടി ഭിക്ഷക്കാരെ പീഡിപ്പിക്കുന്ന ‘ഡോക്യുമെന്ററി’ക്കാഴ്ചകളാല് സമൃദ്ധമാണ് സിനിമ.
ഹംസവല്ലി(പൂജ) എന്ന പെണ്‍കുട്ടിയെ താണ്ടവന്‍ വരുതിയിലാക്കി വിരൂപിയായ ഒരാള്‍ക്ക് വില്ക്കാന് ശ്രമിക്കുന്നതോടെ, ‘നാന് കടവുള്‍’ നാം കണ്ട് മടുത്ത ‘വില്ലന്‍ - നായകന്’ സങ്കല്പത്തിലേക്ക് കൂടുമാറുന്നു. താണ്ടവന്റെ പക്കല്‍ നിന്ന് ഹംസവല്ലിയെ വികലാംഗരായ ഭിക്ഷക്കാര് രക്ഷപ്പെടുത്തുന്നു. കൊടും പീഡനങ്ങള്‍ ഏറ്റ ശേഷം അവള് എത്തുന്നത് രുദ്രന്റെ അരികിലാണ്.
PRO
PRO
പ്രതിലോമകരമായ ആശയങ്ങളാണ് ഈ സിനിമ പങ്കുവയ്ക്കുന്നത് എന്ന് വിമര്‍ശനമുയര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മരണം ഒരു വരമാണെന്നാണ് ചിത്രത്തില്‍ പ്രചരിപ്പിക്കുന്ന ഒരാശയം. എല്ലാ ദുരിതങ്ങളില്‍ നിന്നും മനുഷ്യനെ മരണം വിമുക്തരാക്കുന്നു എന്നാണ് ജയമോഹന്റെയും(തിരക്കഥാകൃത്ത്) ബാലയുടെയും കണ്ടുപിടിത്തം.
ആര്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന വേഷമാണിതില്‍ ലഭിച്ചിരിക്കുന്നത്. പിതാമഹനിലെ അഭിനയത്തിന് വിക്രത്തിന് ലഭിച്ചത് പോലെ ഒരു ദേശീയ പുരസ്കാരത്തിനുള്ള സാധ്യതയും കാണുന്നു. ചിത്രത്തിലെ നായിക പൂജയും മികച്ച പ്രകടനം കാഴ്ചവച്ചു. യഥാര്‍ത്ഥ ജീവിതത്തില്‍ ഭിക്ഷാടനം നടത്തുന്ന ഒരുപാട് പേര് ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. തന്മയത്വത്തോടെയാണ് ഇവര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നത്.
ബാലയുടെ മനസ് കണ്ടറിഞ്ഞാണ് ഇശൈജ്ഞാനി ഇളയരാജ ഈ സിനിമയ്ക്ക് ഈണമിട്ടിരിക്കുന്നത്. നാന് കടവുളിന്റെ ആത്മാവാണ് ഇളയരാജയുടെ സംഗീതം. കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ജയമോഹന് തികഞ്ഞ കൈയ്യടക്കം പാലിച്ചു. ആര്‍തര്‍ വില്‍സന്റെ ഛായാഗ്രഹണവും മികവുറ്റതായി.
എന്നാല്‍, സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് - സാങ്കേതികത്തികവും മികച്ച സംഗീതവും ഒന്നാന്തരം അഭിനയമുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്ന ‘നാന് കടവുള്‍’ സിനിമയുടെ സമഗ്രതയില്‍ എവിടെ നില്ക്കുന്നു?. ഒരു സിനിമ എന്ന നിലയില്‍ ഈ ചിത്രം പൂര്‍ണപരാജയമാണെന്ന് മറുപടി ലഭിക്കും. പിതാമഹനോ സേതുവോ സമ്മാനിച്ച ബാലയെ നാന് കടവുളില്‍ കാണാനേ കഴിയില്ല. ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ച ദുരൂഹസന്ദേശം സംവിധായകനെയും സിനിമയെയും നശിപ്പിക്കുന്ന കാഴ്ചയാണ് അന്തിമമായി തെളിയുന്നത്.