ക്രിക്കറ്റിനെ എല്ലാവരുടേയും തട്ടുപൊളിപ്പന്‍ ആഘോഷമാക്കുകയെന്നതായിരുന്നു ഐ പി എല്‍ ‘ട്വന്റി20’യുടെ ലക്ഷ്യം. താരസംഘടനയായ അമ്മയും സേവന പ്രവര്‍ത്തനത്തിന് പണമുണ്ടാക്കാന്‍ താരങ്ങളുടെ സൂപ്പര്മെഗാഷോയാണ് ‘ട്വന്റി20’യിലൂടെ ഒരുക്കുന്നത്.
പണം കൂടുതല്‍ കൊടുത്ത് ടിക്കറ്റെടുത്താലും പ്രേക്ഷകര്‍ക്ക് നിരാശരാകേണ്ടി വരില്ല. മൂല്യവത്തായ സിനിമ അന്വേഷിച്ചിറങ്ങാത്തവര്ക്കും സിനിമ ആഘോഷമാക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഇഷ്ടമാകുന്ന ‘ആക്ഷന്‍ എന്റര്ടെയ്നര്‘ ആണ് ജോഷി സമ്മാനിക്കുന്നത്.
നൂറ് ശതമാനം എന്റര്ടെയ്നര് ചിത്രമെന്ന നിലയില്‍ ‘ട്വന്റി20’യിലെ ‘സാമൂഹ്യമൂല്യം‘ അന്വേഷിച്ച് സങ്കടപ്പെടേണ്ട യാതൊരു ആവശ്യവും ഇല്ല. ഉദ്ദിഷ്ടകാര്യം സാധിക്കാന്‍ ചിത്രം എത്രമാത്രം വിജയിച്ചു എന്നുമാത്രം വിലയിരുത്തിയാല്‍ മതിയാകും.
PRO
PRO
ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് ഇഷ്ടതാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തര്‍ക്കിച്ച മമ്മൂട്ടി-ലാല്‍ ആരാധകര്‍ സിനിമ തീരുമ്പോള്‍ ഒരുപക്ഷെ തര്‍ക്കം അവസാനിപ്പിച്ചേക്കും. സൂപ്പര്‍താരങ്ങള്‍ക്ക് വെള്ളിത്തിരയില്‍ തുല്യ ഇടം നല്കാന് ജോഷി-സിബി-ഉദയ് ടീമിന് കഴിഞ്ഞു.
ബാംഗ്ലൂര്‍ മെഡിക്കല്‍ കോളെജില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ അരുണ്‍ (ഇന്ദ്രജിത്ത്) പ്രതിയാകുന്നതും കേസ് അന്വേഷിക്കാന്‍ ആന്റണി പൊന്നൂക്കാരന്‍ ഐ പി എസ് (സുരേഷ് ഗോപി) എത്തുന്നതുമാണ് സിനിമയുടെ തുടക്കം. കേസില്‍ അരുണിനെ രക്ഷിക്കാന്‍ അഡ്വ. രമേഷ് നമ്പ്യാര്‍ (മമ്മൂട്ടി) എത്തുന്നു.
സ്ഥിരം ആക്ഷന്‍ ത്രില്ലറുകളിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തും സഞ്ചരിക്കുന്നതെങ്കിലും സൂപ്പര്‍താരങ്ങള്‍ക്ക് അവരവരുടേതായ പ്രാധാന്യം നല്കി പ്രേക്ഷകരെ ബോറടിപ്പിക്കാതെ സിനിമാന്ത്യം വരെ കൊണ്ടു പോകുന്നു എന്നതാണ് ‘ട്വന്റി20’യുടെ പ്ലസ് പോയിന്റ്.
സിനിമയില്‍ ആദ്യം രംഗത്ത് എത്തുന്ന സൂപ്പര്‍താരം സുരേഷ് ഗോപിയാണ്. രോഷാകുലനും എടുത്തുചാട്ടക്കാരനും ഇംഗ്ലീഷ് പറയുന്നവനുമായ സ്ഥിരം സുരേഷ് ഗോപി പൊലീസാണ് ആന്റണി. ആദ്യാവസാനം സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നതും ഗോപി തന്നെ.
ചിത്രത്തില്‍ ഏറ്റവും ‘സ്റ്റൈലന്‍ എന്‍ട്രി‘ ലഭിക്കുന്നത് മമ്മൂട്ടിക്കാണ്. മിന്നായം പോലെ റേസിങ്ങ് കാറില്‍ കോടതി മുറിയില്‍ മമ്മൂട്ടിയുടെ വക്കീല്‍ പറന്നിറങ്ങുമ്പോള്‍ മമ്മുക്ക ആരാധകര്‍ തീര്‍ച്ചയായും കൈ അടിച്ചിരിക്കും.
PRO
PRO
നിസ്സഹായനും മമ്മൂട്ടി കഥാപാത്രത്തിന്റെ കരുണ തേടുന്നവനും ആയി മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാല്‍ ആരാധകരെ ഞെട്ടിക്കും.
എന്നാല്‍ ഇടവേളക്ക് തൊട്ട് മുമ്പ് ലാലിന്റെ ദേവരാജ പ്രതാപവര്‍മ്മയുടെ ഉഗ്രരൂപം പുറത്തു വരും. എങ്കിലും ആദ്യ പകുതിയില്‍ ലാലിനേക്കാള്‍ ‘സ്ക്രീന്‍ സ്പേസ്’ കൈക്കലാക്കുന്നത് മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ്.
PRO
PRO
ഇടവേളക്ക് ശേഷം ലാലും മമ്മൂട്ടിയും തമ്മിലുള്ള ‘ക്യാറ്റ് ആന്റ് മൗസ്’ ഗെയിം ആരംഭിക്കുകയാണ്. ഇരുവര്‍ക്കും അവരവരുടേതായ ശൈലിയില്‍ തുല്യ പ്രാധാന്യം നല്കാന് ജോഷി ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാന്യം വിട്ടു പോകാതെ സുരേഷ് ഗോപിയും ഒപ്പമുണ്ട്.
ഇടവേളക്ക് ശേഷം ഏകദേശം ഇരുപത് മിനിറ്റ് മാത്രമേ ദിലീപിന്റെ കാര്‍ത്തി എന്ന കഥാപാത്രം രംഗത്ത് എത്തുന്നുള്ളു. തനത് ദിലീപ് ശൈലിയില്‍ കാര്‍ത്തി പ്രേക്ഷകരെ കൈയ്യിലെടുക്കും. ഇടയ്ക്ക് ഭാവനയൊടൊപ്പം വിദേശ ലൊക്കേഷന്‍ ഗാനവും ഉണ്ട്.
മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അനുജനായ ദിലീപിന്റെ കാര്‍ത്തിയാണ് കൊല്ലപ്പെടുന്നത്. ഈ സംഭവത്തിന്റെ സാക്ഷിയാണ് അധ്യാപകനായ ജയറാം കഥാപാത്രം.
PRO
PRO
മമ്മൂട്ടിയും ലാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ഉണ്ടെങ്കിലും ഇരുവരും തുല്യ ശക്തികളാണെന്ന് തെളിയിക്കാനാണ് സംവിധായകന് ശ്രമിച്ചിട്ടുള്ളത്.
എന്നാലും ആക്ഷന്‍ രംഗങ്ങളില്‍ കൂടുതല്‍ സാഹസികത പ്രകടിപ്പിക്കുന്നത് ലാല്‍ ആണ്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുക, കാറിന് മുന്നിലിടിച്ച് തലകീഴായി കറങ്ങി നില്ക്കുക എന്നിവ എല്ലാം ഇതില്‍പെടും.
സൂപ്പര്‍താരങ്ങള്‍ ഇതിന് മുമ്പ് ഒന്നിച്ച ‘ഹരികൃഷ്ണന്‍സില്‍’ ഇരുവരും ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളായിരുന്നെങ്കില്‍ ‘ട്വന്റി20’യില്‍ ഇരുവരും വ്യത്യസ്തരാണ്, എങ്കിലും തുല്യരാണ്.
PRO
PRO
തലകാണിച്ച് മടങ്ങുകയല്ലാതെ യുവതാരങ്ങള്‍ക്ക് സിനിമയില്‍ കാര്യമായ പങ്കൊന്നും ഇല്ല. സിനിമയുടെ ട്രെയിലറില്‍ കാണിക്കുന്ന അത്രയും ദൃശ്യങ്ങളേ കുഞ്ചാക്കോ ബോബനും പൃഥ്വിരാജിനും ജയസൂര്യക്കും നയന്‍താരക്കും എല്ലാം ഉള്ളു.
പണം വാരികൊരി ചെലവഴിച്ച് ചിത്രീകരിച്ച നയന്‍താരയുടെ അടിപൊളി ഗാനമാണ് സിനിമയുടെ ഹൈലൈറ്റായി അവതരിപ്പിക്കുന്നതെങ്കിലും ഈ രംഗങ്ങള്‍ക്ക് വേണ്ടത്ര ‘എനര്‍ജി‘ നല്കാന് കഴിയുന്നില്ല. ഗാനങ്ങള്‍ പൊതുവേ നിരാശപ്പെടുത്തുന്നു.
ഇന്ദ്രജിത്ത്, സിദ്ധിഖ്, മധു, മനോജ് കെ ജയന്, ഷമ്മി തിലകന്, വിജയരാഘവന്, ജഗതി, സലിംകുമാര്‍, ലാലു അലക്സ്, ബാബു ആന്റണി എന്നിവരാണ് കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാക്കിയുള്ളവര്‍ സ്ക്രീന്‍ സാന്നിധ്യം അറിയിച്ചു മടങ്ങുകയാണ്.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രാധാന്യമൊന്നും ഇല്ല. ലാല്‍-മമ്മൂട്ടി-സുരേഷ് ഗോപി ആരാധകര്‍ക്ക് ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഇഷ്ടതാരത്തിന് പ്രാധാന്യം കുറഞ്ഞു പോയി എന്ന പരാതി പറയാന്‍ അവസരമൊരുക്കരുതെന്ന് മുന്‍കൂട്ടികണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്.
ജോഷി-സിബി-ഉദയ് ടീമിന്റെ റണ്‍വേ, ലയണ്‍ പോലുള്ള ചിത്രങ്ങളെ അപേക്ഷിച്ച് ‘ട്വന്റി20’ ബഹുദൂരം മുന്നിലാണ്. ‘ഹരികൃഷ്ണന്‍സ്’ ഇഷ്ടപ്പെട്ടവര്‍ക്ക് ‘ട്വന്റി20’യും ആഘോഷമാക്കാം. ബോറടിപ്പിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം.