കോഫിഷോപ്പുകാരന്‍ സന്തോഷത്തിലാണ്. തിയേറ്റര്‍ നിറഞ്ഞുകവിയുമെന്ന് ഉറപ്പ്. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ആരെന്നോ? സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഇഷ്ടമാണെന്നുള്ളത് ശരിതന്നെ. പക്ഷേ, ഈ ഇഷ്ടം അതുകൊണ്ടുമാത്രമല്ല. സത്യന്‍റെ സിനിമയാണെങ്കില്‍ റിലീസായി മൂന്നാഴ്ചക്കാലത്തേക്ക് ഷോപ്പിലെ വില്‍പ്പന അടിപൊളിയാകുമത്രേ. ഇത്രയേറെ ജനത്തിരക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന മറ്റൊരു സംവിധായകന്‍ ഇന്ന് മലയാള സിനിമയിലില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
എന്‍റെ കൂടെ സിനിമ കാണാന്‍ രോഹിണിയുമുണ്ട്. അവള്‍ക്ക് ഈ ഷോപ്പിലെ കോഫി വളരെ പ്രിയപ്പെട്ടതാണത്രെ. ഷോപ്പുകാരന്‍റെ പൊങ്ങച്ചം പറച്ചിലും. അയാള്‍ പറയുന്നത്, ഈ തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന മിക്ക സംവിധായകരും ഇവിടെനിന്നുള്ള കോഫിയുടെ ആരാധകര്‍ ആണെന്നാണ്.
‘സ്നേഹവീട്’ എന്ന സിനിമയ്ക്കും വലിയ തിരക്കാണ്. തിയേറ്റര്‍ മാനേജര്‍ പറയുന്നതും അതുതന്നെ. അന്തിക്കാട് ബ്രാന്‍ഡ് പടമാണോ, ഞങ്ങള്‍ക്കും സന്തോഷം തന്നെ. ഈ ഒരു വിശ്വാസം മറ്റാര്‍ക്കാണ് ആര്‍ജ്ജിക്കാനായിട്ടുള്ളത്. ഒരേ റൂട്ടിലോടുന്ന വണ്ടിയെന്നൊക്കെ വിമര്‍ശകര്‍ ആരോപിക്കുമെങ്കിലും സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ തന്നെ. അമ്പത് സിനിമകളുടെ പാരമ്പര്യത്തിലൂടെ നേടിയെടുത്ത വിശ്വാസ്യത.
സ്നേഹവീട് തുടങ്ങി. ഞാന്‍ രോഹിണിയോട് പറഞ്ഞു - ‘ഒരു പക്ഷേ ഒരു പുതുമയും ഉണ്ടാകില്ല. മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാകാം. പക്ഷേ, ഞാന്‍ ഏറ്റവും ആസ്വദിച്ച് കാണുന്ന സിനിമകള്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങള്‍ മാത്രമാണ്. അവ എത്ര ആവര്‍ത്തിച്ചു കണ്ടാലും മടുക്കാറുമില്ല’.
അടുത്ത പേജില്‍ - ‘ആ മോഹന്‍ലാല്‍’ തിരിച്ചെത്തുന്നു
PRO
ആ പഴയ മോഹന്‍ലാല്‍ നിങ്ങളിലേക്ക് തിരിച്ചെത്തുന്നു. അതുതന്നെയാണ് ‘സ്നേഹവീട്’ എന്ന സിനിമ നല്‍കുന്ന ഏക സുഖം. മോഹന്‍ലാലും ബിജുമേനോനും ചേര്‍ന്ന് നടക്കാനിറങ്ങുന്ന ആ ഒരൊറ്റ സീന്‍ മതി, ലാലിനെ വിമര്‍ശിക്കുന്നവര്‍ പോലും സന്തോഷിക്കും. തടിച്ചുരുണ്ടിരിക്കുന്ന മോഹന്‍ലാല്‍ നടത്തത്തിനിടെ കാണിക്കുന്ന എക്സര്‍സൈസുകള്‍ തിയേറ്ററുകളില്‍ ചിരിയുണര്‍ത്തി. ലാലിന്‍റെ വിജയരഹസ്യമായ കുസൃതികള്‍ സ്നേഹവീട്ടില്‍ വേണ്ടുവോളമുണ്ട്. ഇല്ലാത്തത് ഒന്നേയുള്ളൂ, ഒരു നല്ല കഥ.
ലക്ഷണമൊത്ത തിരക്കഥ രചിക്കാന്‍ സത്യന്‍ അന്തിക്കാട് ഇനിയും പഠിച്ചിട്ടില്ല. ലോഹിതദാസിന്‍റെ കിരീടം, മധുമുട്ടത്തിന്‍റെ മണിച്ചിത്രത്താഴ്, ശ്രീനിവാസന്‍റെ ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകളുടെ തിരക്കഥകള്‍ ലാളിത്യമുള്ള ചിത്രങ്ങളുടെ തിരക്കഥ എങ്ങനെ രചിക്കാം എന്നതിനുള്ള പാഠങ്ങളാണ്. ഒരു കഥയുടെ പ്രധാന പോയിന്‍റിലേക്ക് എത്തിപ്പെടാനുള്ള വഴിയായിരിക്കണം തിരക്കഥയുടെ ആദ്യപകുതി പറയേണ്ടത്. എന്നാല്‍ സത്യന്‍ അന്തിക്കാട് ഇവിടെ കാടും പടലും തല്ലുകയാണ്.
ആദ്യപകുതി രസിപ്പിക്കുന്നില്ല എന്നല്ല. അത് രസം പകരുന്ന മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കുമ്പോള്‍ തന്നെ കഥയോട് ചേര്‍ന്നുനില്‍ക്കാന്‍ മടികാണിക്കുന്നു. പിന്നെ, പെട്ടെന്നൊരു ദിവസം ഒരു പയ്യന്‍ പ്രത്യക്ഷപ്പെട്ട് പറയുന്നു - അജയന്‍ തന്‍റെ അച്ഛനാണെന്ന്! അതുവരെ കാണിച്ച കളികളെല്ലാം അവിടെ വേസ്റ്റാകുന്നു. കഥയിലേക്ക് ഇനിയാണ് പ്രവേശിക്കേണ്ടത്. ആദ്യപകുതി ഒഴിവാക്കിയാലും ഒരുപക്ഷേ ഈ സിനിമയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നുന്നില്ല.
ഇന്‍റര്‍വെല്ലിന് ഞങ്ങള്‍ പുറത്തിറങ്ങി. എന്തോ, എനിക്കു നല്ല ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. രോഹിണി പറഞ്ഞു - ‘വയ്യെങ്കില്‍ പോകാം ചേച്ചീ. നമുക്ക് ബാക്കി നാളെ വന്നു കണ്ടാലോ?’. എനിക്കും തോന്നി, നാളെയല്ല, ഒരാഴ്ച കഴിഞ്ഞുവന്നു കണ്ടാലും കുഴപ്പമൊന്നുമില്ല. അത്രവലിയ സംഭവങ്ങള്‍ ഒന്നുമില്ലല്ലോ. ഇനി രണ്ടാം പകുതികൊണ്ട് എന്ത് വിസ്മയം കാണിക്കാന്‍?. പക്ഷേ അസുഖത്തോട് തോല്‍ക്കുന്നത് നല്ലതല്ലല്ലോ. കാണുക തന്നെ.
അടുത്ത പേജില്‍ - രണ്ടാം പകുതിയില്‍ സംഭവിക്കുന്നത്
PRO
അമ്മുക്കുട്ടിയമ്മയും അജയനും. അമ്മയും മകനും ആണ് അവര്‍. മകന്‍ ഏറെക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരികെയെത്തിയിരിക്കുകയാണ്. ഇവരുടെ സ്നേഹം കണ്ടാല്‍, കേരളത്തില്‍ ഇത്രയും സ്നേഹിക്കുന്ന ഒരമ്മയും മകനും ഇല്ലാ എന്നുതോന്നും. ഞാന്‍ ഇത് പോസിറ്റീവായി പറഞ്ഞതല്ല. ലാലിന്‍റെ സ്നേഹപ്രകടനങ്ങള്‍ പലതും എനിക്ക് അരോചകമായാണ് തോന്നിയത്. ഇങ്ങനെയൊക്കെയാകാമോ? കുറച്ച് ഓവര്‍ ആയിപ്പോയില്ലേ?
വിവാഹം കഴിക്കുന്നതിനെപ്പറ്റി അജയന്‍ പറയുന്നത് കേള്‍ക്കുക - “ഏതോ ഒരു പെണ്ണ് എന്‍റെ അമ്മയെ അമ്മ എന്നു വിളിക്കുക. അവളുടെ അച്ഛനെയും അമ്മയേയും ഞാന്‍ ‘അച്ഛാ...അമ്മേ..’ എന്നുവിളിക്കുക. അവളുടെ ആങ്ങളച്ചെക്കനെ അളിയാ എന്നുവിളിച്ച് നടക്കുക. ഇതൊക്കെ എന്ത് ഏര്‍പ്പാടാണ്. ഇവിടെ ഞാനും എന്‍റെ അമ്മയും മാത്രം” - വലിയ വാചകങ്ങള്‍ തന്നെ. പക്ഷേ, ഇത്രയും മുതിര്‍ന്ന ഒരു മകന്‍റെ കുട്ടിക്കളികള്‍ക്ക് ഒരു പരിധി നിശ്ചയിക്കേണ്ടതായിരുന്നു എന്നുമാത്രം.
ഒരുപക്ഷേ, ഇത് എനിക്കുമാത്രം തോന്നിയ അഭിപ്രായമായിരിക്കും. തിയേറ്ററില്‍ ഈ ഡയലോഗുകള്‍ക്കൊക്കെ ഗംഭീര കയ്യടിയായിരുന്നു. അവര്‍ എന്തോ ആഘോഷിക്കുകയാണെന്നുതോന്നി. മോഹന്‍ലാല്‍ സാധാരണക്കാരനെപ്പോലെ സംസാരിക്കുന്നതുകേട്ടിട്ടാകാം.
ആദ്യപകുതിയെപ്പോലെ സ്മൂത്തായി പോകുന്നില്ല ചിത്രത്തിന്‍റെ രണ്ടാം പകുതി. എവിടെയൊക്കെയോ ചില കല്ലുകടികള്‍. എന്നാല്‍ എക്സ്പീരിയന്‍സ് എന്നത് വലിയ കാര്യമാണല്ലോ. ഇത്രയും സിനിമകള്‍ ചെയ്ത അനുഭവപരിചയം വലിയ പരുക്കേല്‍ക്കാതെ സിനിമയെ രക്ഷിക്കാന്‍ സത്യന്‍ അന്തിക്കാടിനെ സഹായിക്കുന്നു.
അവസാന അരമണിക്കൂറിലാണ് സിനിമയുടെ സസ്പെന്‍സ് പൊളിക്കുന്നത്. എന്നാല്‍ അജയന്‍റെ മകനാണെന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരാനുണ്ടായ കാരണങ്ങള്‍ കണ്‍വിന്‍സ് ചെയ്യിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നു. സില്ലിയായ ഒരു ക്ലൈമാക്സിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട്.
വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ക്ലൈമാക്സ് വളരെ സില്ലിയായിരുന്നു. പക്ഷേ, ലോഹിതദാസ് എന്ന കയ്യൊതുക്കമുള്ള ഒരു എഴുത്തുകാരന്‍റെ സാന്നിധ്യമായിരുന്നു ആ സിനിമയുടെ ജീവന്‍. സ്നേഹവീട് മനസിനെ സ്പര്‍ശിക്കാത്തതും ആഴമുള്ള എഴുത്തിന്‍റെ അഭാവം കൊണ്ടുതന്നെ.
അടുത്ത പേജില്‍ - മോഹന്‍ലാലും ഷീലയും
PRO
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ കെമിസ്ട്രിയെക്കുറിച്ച് നന്നായി ചിന്തിക്കുന്ന ആളാണ് സത്യന്‍ അന്തിക്കാട്. ഉര്‍വശിയും മീരാജാസ്മിനും ‘അച്ചുവിന്‍റെ അമ്മ’യില്‍ എത്തിയത് അങ്ങനെയാണ്. ജയറാമും ഷീലയും ‘മനസ്സിനക്കരെ’യിലും മോഹന്‍ലാലും ഭരത് ഗോപിയും ‘രസതന്ത്ര’ത്തിലും കൂട്ടുകെട്ടിന്‍റെ ഭംഗി കാണിച്ചുതന്നു. മോഹന്‍ലാലും ഷീലയും അങ്ങനെയൊരു കൂട്ടുകെട്ട് തന്നെയാണ്. പക്ഷേ, മനസ്സിനക്കരെയിലെ വിസ്മയം സൃഷ്ടിക്കാന്‍ സത്യന് ഇവിടെ കഴിഞ്ഞില്ല.
വിദേശത്തുനിന്ന് തിരികെയെത്തിയ ശേഷം അജയന്‍ എങ്ങനെ ഗ്രാമീണരായ സുഹൃത്തുക്കളോടും തന്‍റെ അമ്മയോടും ബിഹേവ് ചെയ്യുന്നു എന്നും ഗ്രാമത്തോടുള്ള അയാളുടെ സ്നേഹവും പഴയ ക്ലബ് സജീവമാക്കാനുള്ള ശ്രമങ്ങളും കോലാഹലങ്ങളുമെല്ലാമടങ്ങിയ ആദ്യപകുതിയിലാണ് നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് വെല്ലുവിളിയുയര്‍ത്തുന്ന മുഹൂര്‍ത്തങ്ങളുള്ളത്. ഷീലയും അപ്പോഴാണ് തിളങ്ങിയത്. കഥ സങ്കീര്‍ണതയിലേക്ക് പോകുമ്പോള്‍ രചനയിലുണ്ടായ പിഴവുകള്‍ ആര്‍ട്ടിസ്റ്റുകളെയും ബാധിക്കുന്നു. ഇന്നസെന്‍റിനെയും കെ പി എ സി ലളിതയെയും പോലുള്ള പ്രതിഭാധനര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
ആകെ ഒരാശ്വാസം കാര്‍ത്തിക് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകമനം കവരുന്ന രാഹുല്‍ പിള്ളയാണ്. അവന് അഭിനയശേഷിയുണ്ട്. കണ്ണുനനയിക്കുന്ന കഥാമുഹൂര്‍ത്തങ്ങളെ അതിജീവിക്കാനുള്ള മന്ത്രമറിയാവുന്ന പയ്യന്‍.
സത്യന്‍ അന്തിക്കാട് സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരെ സ്നേഹവീട്ടില്‍ കാണാനായി. ബിജുമേനോനും പത്മപ്രിയയും. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ മോശമാക്കിയില്ല എന്നുമാത്രം.
അടുത്ത പേജില്‍ - തസ്രാക്കിലെത്തിയ പോലെ
PRO
ഖസാക്കിന്‍റെ ഇതിഹാസം വായിക്കുമ്പോള്‍ മനസിലേക്കെത്തുന്ന പാലക്കാടന്‍ ഗ്രാമീണതയാണ് സ്നേഹവീടിന്‍റെ ഒരു മേന്‍മ. കാറ്റുപിടിച്ച കരിമ്പനകളും നീളന്‍ പാടശേഖരങ്ങളും പുഴയും എല്ലാം പശ്ചാത്തലമായുണ്ട്. ഗ്രാമവഴികളിലൂടെ ടോര്‍ച്ചും തെളിച്ച് നടന്നുപോകുന്ന അജയനും സുനന്ദയും നല്ലൊരു ഇമേജാണ്.
വേണുവിന്‍റെ ഛായാഗ്രഹണവും ഇളയരാജയുടെ ഗാനങ്ങളുമാണ് ചിത്രത്തിന്‍റെ റിലീസിന് മുമ്പ് പ്ലസ് പോയിന്‍റുകളായി അവതരിപ്പിച്ചിരുന്നത്. വേണുവിന്‍റെ ദൃശ്യങ്ങളോട് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഇളയരാജയുടെ പാട്ടുകള്‍ മെച്ചമുള്ളതല്ല. പശ്ചാത്തല സംഗീതം കേട്ടപ്പോള്‍ ഇളയരാജ തന്നെ ചെയ്ത ചില തമിഴ് ചിത്രങ്ങള്‍ ഓര്‍മ്മ വന്നു.
എന്തായാലും, ഫാമിലി ഓഡിയന്‍സിന് ഒരു ആശ്വാസം തന്നെയായിരിക്കും സ്നേഹവീട്. കണ്ണിന് കുളിര്‍മ്മയുള്ള ദൃശ്യങ്ങള്‍, അതും നല്ല നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നവ വാരിവിതറിയിട്ടുണ്ട്. കള്ളും കപ്പയുമുണ്ട്. പാടവും തെങ്ങുകളുമുണ്ട്. അവയൊക്കെ കണ്ടിരിക്കാം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ തല്ലോ തരികിടയോ ഇല്ലാത്ത ഒരു സിനിമ തന്നെ ഇക്കാലത്ത് സന്തോഷം പകരുന്ന കാര്യമല്ലേ? ഒരു മനസ്സിനക്കരെയോ വരവേല്‍പ്പോ പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് കടുത്ത നിരാശയായിരിക്കും ഫലം എന്നുമാത്രം.