സച്ചിന്‍ ഫാന്‍ ആണോ? 1983 കാണൂ... ഗംഭീര സിനിമ!

വെള്ളി, 31 ജനുവരി 2014 (19:27 IST)
PRO
ഓരോ സിനിമയ്ക്കും ഓരോ ഉദ്ദേശ്യമുണ്ട്. ചില സിനിമകള്‍ തരുന്ന സന്ദേശം ജീവിതം തന്നെ തകര്‍ക്കാന്‍ പോകുന്നതാവും. ചില സിനിമകള്‍ നമ്മെ സന്തോഷിപ്പിക്കും, പ്രചോദിപ്പിക്കും. കൂടുതല്‍ ആര്‍ജ്ജവത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കും. ജീവിതത്തിലെ ഒരു ലക്‍ഷ്യത്തിന് വേണ്ടി പോരാടുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്ന ഒരു സിനിമയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983.

1983 പല കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു വര്‍ഷമാണ്. എന്നാല്‍ ഒരു കായിക പ്രേമിക്ക് ആ വര്‍ഷം തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വര്‍ഷമായിരിക്കും. കപില്‍ ദേവിന്‍റെ ചെകുത്താന്‍‌മാര്‍ ക്രിക്കറ്റ് ലോകകിരീടം തലയ്ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിച്ച വര്‍ഷം.

നമ്മുടെ നാട്ടിന്‍‌പുറങ്ങളില്‍ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചുനടക്കുന്ന ഏവരുടെയും മനസില്‍ ആവേശം നിറച്ച വര്‍ഷം. അതിന് ശേഷം ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പടയോട്ടം. സച്ചിനെ മനസില്‍ ആരാധിച്ച് ഒരു തലമുറ മുഴുവന്‍. പിന്നീട് ധോണിയുടെ നേതൃത്വത്തില്‍ മറ്റൊരു കിരീടനേട്ടം. ഓര്‍മ്മകളുടെ തിളങ്ങിനില്‍ക്കുന്ന മഞ്ചാടികള്‍ മുഴുവന്‍ മനസിലെത്തിക്കുന്ന നൊസ്റ്റാള്‍ജിക് എന്‍റര്‍ടെയ്നറാണ് 1983.

അടുത്ത പേജില്‍ - ഒരു ക്രിക്കറ്റ് ഭ്രാന്തന്‍റെ ജീവിതം!

PRO
മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്ന യുവത്വത്തിന്‍റെ പ്രതീകമാണ് രമേശന്‍(നിവിന്‍ പോളി). അവന്‍റെ പിതാവ് ഗോപി ആശാന്‍(ജോയ് മാത്യു) ഒരു വര്‍ക്ക് ഷോപ്പ് നടത്തുകയാണ്. മകനെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആക്കാമെന്നുള്ള ഗോപി ആശാന്‍റെ മോഹത്തിന് തടസം നില്‍ക്കുന്നത് രമേശന്‍റെ ക്രിക്കറ്റ് ഭ്രാന്താണ്.

അവന് സ്കൂള്‍ കാലം മുതല്‍ക്കേ ഒരു പ്രണയമുണ്ടായിരുന്നു, മഞ്ജുള(നിക്കി). പഠനത്തിന് ശേഷം രമേശന്‍ ഒരു നല്ല ജോലി കണ്ടെത്തി ഒന്നിക്കാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ഗ്രാമത്തിലെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളിലും കളിച്ച് നടന്ന അവന്‍ എവിടെയുമെത്തിയില്ല. മഞ്ജുള മറ്റൊരാളെ വിവാഹം കഴിച്ചുപോയി.

അച്ഛന്‍റെ വര്‍ക്ക് ഷോപ്പില്‍ ജീവിതം കണ്ടെത്തുന്ന രമേശന്‍ അച്ഛന്‍റെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്താലാണ് സുശീലയെ (ശ്രിന്ദ) വിവാഹം കഴിക്കുന്നത്. അവള്‍ക്കാണെങ്കില്‍ ക്രിക്കറ്റ് പോയിട്ട്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണെന്ന് പോലും അറിയില്ല!

അവര്‍ക്കൊരു മകന്‍ പിറക്കുന്നു, കണ്ണന്‍. വര്‍ഷങ്ങള്‍ പോകെ, രമേശന്‍ മനസിലാക്കുന്നു, തന്‍റെ മകനും തന്‍റെ അതേ അസുഖമുണ്ട് - ക്രിക്കറ്റ് ഭ്രാന്ത്! അയാള്‍ അവന് ഒരു കോച്ചിനെ കണ്ടെത്തുന്നു - വിജയ് മേനോന്‍(അനൂപ് മേനോന്‍). പിന്നീടെന്ത് സംഭവിക്കും? അതാണ് 1983യെ സംഭവ ബഹുലമാക്കുന്നത്.

അടുത്ത പേജില്‍ - ഓലഞ്ഞാലിക്കുരുവി പാറിപ്പറക്കുന്നു!

PRO
അതിഗംഭീരമായ ഒരു സിനിമയാണ് ആദ്യ ചുവടുവയ്പില്‍ തന്നെ എബ്രിഡ് ഷൈന്‍ നല്‍കിയിരിക്കുന്നത്. എക്സിക്യൂട്ട് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു പ്രമേയത്തെ അസാമാന്യ കൈയടക്കത്തോടെ, മനോഹരമായി ആവിഷ്കരിച്ചു എബ്രിഡ്. കാലഘട്ടങ്ങളുടെ കഥ ഒട്ടും ബോറടിപ്പിക്കാതെ, രസകരമായി പറയാന്‍ കഴിഞ്ഞു.

മികച്ച സംവിധാനം, നല്ല സംഭാഷണങ്ങള്‍, മുറുക്കമുള്ള തിരക്കഥ, ഒന്നാന്തരം ഛായാഗ്രഹണം, തകര്‍പ്പന്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും - പുതിയ അനുഭവം തന്നെയാണ് 1983 പകര്‍ന്നുനല്‍കുന്നത്.

“ഓലഞ്ഞാലിക്കുരുവി” എന്ന ഗാനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ജയഞ്ചന്ദ്രന്‍റെയും വാണി ജയറാമിന്‍റെയും സ്വരമാധുര്യം സിനിമ കഴിഞ്ഞാലും മനസിനെ വശീകരിച്ചുകൊണ്ടിരിക്കും. സച്ചിന്‍ എന്ന മഹാപ്രതിഭയുടെ അദൃശ്യസാന്നിധ്യമാണ് സിനിമയ്ക്ക് മറ്റൊരു അനുഗ്രഹം.

അടുത്ത പേജില്‍ - നിവിന്‍ പോളി ഉജ്ജ്വലം!

PRO
നിവിന്‍ പോളി എന്ന നടന്‍റെ കരിയറിലെ നാഴികക്കല്ലാണ് 1983 എന്ന ചിത്രം. ഏറെ പക്വതയുള്ള പ്രകടനമാണ് രമേശന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളി നടത്തിയിരിക്കുന്നത്. അനൂപ് മേനോനും മികച്ച അഭിനയം കാഴ്ചവച്ചു.

മഞ്ജുളയായി വന്ന നിക്കി മനോഹരമായ കാഴ്ചയായി. എന്നാല്‍ ഡബ്ബിംഗില്‍ പാളിച്ച പറ്റി. ശ്രിന്ദയുടെ ‘നിഷകളങ്കാ’ഭിനയം പ്രേക്ഷകരെ ആകര്‍ഷിക്കും. ജോയ് മാത്യുവും ജേക്കബ് ഗ്രിഗറിയും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി.

വെബ്ദുനിയ വായിക്കുക