തമിഴ് സംവിധായകന് ഷങ്കര്‍, പിന്നെ നമ്മുടെ ജയരാജും സത്യന് അന്തിക്കാടും - ഇവരൊക്കെ കുറഞ്ഞത് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിച്ച കാര്യം, ജോഷിയും എസ് എന്‍ സ്വാമിയും ചിന്തിച്ചത് ഈയിടെയാണ്. അങ്ങനെയാണ് ‘ലോക്പാല്‍’ എന്ന സിനിമയുണ്ടായത്. ലോക്പാലിന്റെ തോല്‍വി ആരംഭിക്കുന്നതും അവിടെത്തന്നെ!
ഷങ്കറിന്റെ അന്ന്യന്, ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, സത്യന് അന്തിക്കാടിന്റെ കളിക്കളം(ഈ കളിക്കളത്തിന് കളമൊരുക്കിയതും സ്വാമിയായിരുന്നു എന്നതാണ് തമാശ) എന്നീ സിനിമകളുടെ പാകമൊട്ടും ചേരാത്ത മിശ്രിതമാണ് ലോക്പാല്‍. കള്ളന്റെ കഥ, അല്ലെങ്കില്‍ ഈ കള്ളക്കഥ ഒരു രീതിയിലും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം സ്വാമി എഴുതിവച്ചത് ഒരുവിധം എടുത്തുഫലിപ്പിച്ചു ജോഷി. എന്നാല്‍ വേഷം മാറിനടന്ന് മോഷണം നടത്തുന്ന കള്ളന്റെ കാലമൊക്കെ കഴിഞ്ഞുപോയെന്ന് പാവം ലോക്പാല്‍ സ്രഷ്ടാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഇന്ന് ബണ്ടി ചോറിനുപോലും രക്ഷയില്ല കേരളത്തില്‍. ലോക്പാലിലേത് പോലൊരു കള്ളനുണ്ടെങ്കില്‍ അവനെ കൈയോടെ പിടികൂടി കാലുതല്ലിയൊടിക്കും മലയാളികള്‍! നമ്മുടെ കേരളത്തിലെ ജനങ്ങളെ മനസിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ലെവലുകെട്ട ഒരു തിരക്കഥ എഴുതി ക്ഷമ പരീക്ഷിക്കാന്‍ മുതിരില്ലായിരുന്നു സ്വാമി.
അഴിമതി, കള്ളപ്പണം, ടാക്സ് വെട്ടിപ്പ് - ഇതൊന്നും കണ്ണെടുത്താല്‍ കണ്ടൂടാ നന്ദൂസ് ഫുഡ്കോര്‍ട്ട് ഉടമ നന്ദഗോപാലിന്. ടിയാന് അതിനെതിരെ പ്രതികരിക്കണമല്ലോ. അതിന് പല വഴികളുണ്ട്. കക്ഷി ഒരു ‘ലോക്പാല്‍ വെബ്സൈറ്റ്’ തുടങ്ങുന്നു. അതിലേക്ക് വരുന്ന പരാതികള്‍ പരിശോധിച്ച് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഉറവിടം കണ്ടെത്തുന്നു(ഫോര്‍ ദി പീപ്പിള്‍, അന്ന്യന് - ഓര്‍ക്കുക). ഇനി വേഷം മാറിയുള്ള മോഷണങ്ങളാണ്. കള്ളപ്പണക്കാരുടെയെല്ലാം വീടുകള്‍ ലക്ഷ്യമാക്കി പല വേഷത്തില്‍, പല ഭാവത്തില്‍ ‘ലോക്പാല്‍’ വരുന്നു(ഓര്‍ക്കുക - കളിക്കളം!). ഒരു ഹൈടെക്ക് കായംകുളം കൊച്ചുണ്ണി. പറഞ്ഞിട്ടെന്താ, ഈ അഭ്യാസപ്രകടനങ്ങളൊക്കെ കണ്ട് കോട്ടുവായയിട്ട് പ്രോത്സാഹിപ്പിക്കുകയായിരുന്നു കാഴ്ചക്കാര്‍.
അടുത്ത പേജില്‍ - ഇത് മാമ്പഴക്കാലം ചെയ്ത ജോഷി!
PRO
ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയിലാണ് ലോക്പാല്‍ കാണാനെത്തിയത്. ഈ സിനിമയുടെ ട്രെയിലര്‍ കണ്ടപ്പൊഴേ എന്തോ ചില പാളിച്ചകള്‍ മണത്തിരുന്നു. സിനിമ കണ്ടപ്പോള്‍ അത് ബോധ്യമായി - എസ് എന്‍ സ്വാമിയും ജോഷിയും ഉദ്ദേശിച്ചത് അഴിമതിക്കെതിരെയുള്ള ഒരു ക്ലീന്‍ ത്രില്ലറാണ്. എന്നാല്‍ ഫാന്‍സി ഡ്രസ് ആഘോഷങ്ങള്‍ കൊണ്ട് അത് വെറും കോമാളിക്കളിയായി മാറി എന്നുമാത്രം. ഇതിലും ഭേദം കളിക്കളം തന്നെ, ഒന്നുമില്ലെങ്കില്‍ സാങ്കേതികവിദ്യകള്‍ ഇത്രയൊന്നും വികസിക്കാതിരുന്ന കാലത്തായിരുന്നല്ലോ ആ കള്ളന്കളി. ഇവിടെ അങ്ങനെയൊരു എക്സ്ക്യൂസിന്റെ ആനുകൂല്യം ലഭിക്കില്ല.
മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ആണ് സിനിമയുടെ ഹൈലൈറ്റ് എന്നായിരുന്നു പ്രചരിച്ച പരസ്യം. സര്‍ദാര്‍ജിയും സ്റ്റൈലിഷ് അവതാരവുമൊക്കെ ക്യൂരിയോസിറ്റി ജനിപ്പിച്ചിരുന്നു. എന്നാല്‍ അതൊക്കെ നൂല്‍ബലം പോലുമില്ലാത്ത ഒരു തിരക്കഥയിലാകുമ്പോള് തീര്‍ത്തും പരാജയമാകുന്നു. എസ് എന്‍ സ്വാമി എന്ന തിരക്കഥാകൃത്തിന്റെ വീഴ്ച തന്നെയാണ് ലോക്പാലിനെ ഒരു അസഹനീയ കാഴ്ചയാക്കി മാറ്റുന്നത്(മുഖ്യമന്ത്രിയെ കൊല്ലാന്‍ അണ്ടിപ്പരിപ്പില്‍ വിഷം കുത്തിവച്ച് നല്കുന്ന കില്ലറെ സൃഷ്ടിച്ചതും ഈ തിരക്കഥാകൃത്തുതന്നെയാണ് - ആഗസ്റ്റ് 15 എന്ന ചിത്രത്തില്‍).
പ്രദീപ് നായരുടെ ഫാസ്റ്റ് പേസിലുള്ള ക്യാമറാവര്ക്കും എഡിറ്റിംഗിലെ ചടുലതയും ചില ഹെലികോപ്ടന്‍ ഷോട്ടുകളും കൊണ്ട് സ്വാമിയുടെ എഴുത്തിലെ പോരായ്മകളെ മറികടക്കാന്‍ ജോഷി ശ്രമിച്ചിട്ടുണ്ട്. എങ്കില്‍ പോലും റണ്‍ ബേബി റണ്ണില്‍ കണ്ട ജോഷിയെ ഈ സിനിമയുടെ ഒരു ഭാഗത്തും കണ്ടുമുട്ടിയില്ല. ഇതും ജോഷിച്ചിത്രമാണ്, പക്ഷേ മാമ്പഴക്കാലം ചെയ്ത ജോഷി എന്ന് പറയുന്നതാകും കൂടുതല്‍ ഭംഗി! ഒരു ത്രില്ലറിന് വേണ്ട സാങ്കേതികമേന്മ തീരെയില്ല ഈ സിനിമയ്ക്ക്.
അടുത്ത പേജില്‍ - തകര്‍ത്തത് കാവ്യ(സിനിമ തകര്‍ത്തത് എന്നാണുദ്ദേശിച്ചത്) !
PRO
അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ഈ സിനിമയിലും തന്റെ നിലവാരത്തില്‍ നിന്ന് താഴെപ്പോയില്ല. എന്നാല്‍ ഫാന്‍സി ഡ്രസ് കോപ്രായങ്ങള്‍, മുഖത്തുകെട്ടിവച്ച താടിയും തലപ്പാവുമെല്ലാം അദ്ദേഹത്തിലെ നടന് ആയാസമുണ്ടാക്കി എന്നേ പറയാനാകൂ. അത്രയൊന്നും പോകേണ്ടതില്ല, അദ്ദേഹത്തേപ്പോലെ അസാമാന്യ പ്രതിഭയുള്ള നടന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രമേയല്ല നന്ദഗോപാല്‍. പിന്നെ കൊമേഴ്സ്യല്‍ വിജയത്തിനായുള്ള കോംപ്രമൈസ് സമവാക്യങ്ങള്‍ക്കിടയില്‍ മഹാനടന്മാരുടെ തലകുടുങ്ങുന്നത് മലയാളത്തില്‍ പതിവുകാഴ്ചയാണല്ലോ.
ലോക്പാല്‍ എന്ന സിനിമയുടെ വലിയ സന്തോഷം സായികുമാറും ഷമ്മി തിലകനും മനോജ് കെ ജയനുമാണ്. സായിയും ഷമ്മിയും തങ്ങളുടെ തൃശൂര്‍ - തിരുവനന്തപുരം സ്ലാങ് പ്രയോഗത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്തിരിക്കുന്നു. മാത്രമല്ല, ഭാഷാശൈലിയുടെ വ്യതിയാനത്തിലൂടെ ഉണര്‍ത്തുന്ന കേവല കൌതുകം(അത് കമ്മത്തില്‍ കണ്ട് വെറുത്തതാണ്) എന്നതിലുപരി ഈ രണ്ട് താരങ്ങളും ഗംഭീരമായി ആ കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്ന്നുനല്കി. എടുത്തുപറയേണ്ട മറ്റൊരു താരം സത്യാന്വേഷി എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ടി ജി രവിയാണ്.
രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ആണ് ഈ സിനിമയുടെ ദൈര്‍ഘ്യം. അതില്‍ ഒട്ടുമുക്കാല്‍ ഭാഗത്തും പ്രേക്ഷകരുടെ ക്ഷമയുടെ നേര്‍ക്ക് നെല്ലിപ്പലക വച്ചുനീട്ടുന്നത് കാവ്യാ മാധവനാണ്. ഡോക്ടര്‍ ഗീത എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. പൈങ്കിളി ഡയലോഗുകള്‍ പറഞ്ഞ് നായകന്റെ പിന്നാലെ ചുറ്റുന്ന നായികാ സങ്കല്‍പ്പം ഈ ന്യൂ ജനറേഷന് കാലത്ത് പരിഹാസച്ചിരിയുണര്ത്തുന്ന കാര്യമാണ്. ലോക്പാലിനെ ഇത്രയും വലിയ കാഴ്ചാദുരന്തമാക്കി മാറ്റുന്നതില്‍ എസ് എന്‍ സ്വാമിയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ സംഭാവന ഡോക്ടര്‍ ഗീത എന്ന കഥാപാത്രസൃഷ്ടിയാണ്. അതോടെ കാവ്യാമാധവന്റെ കരിയറിലെ ഏറ്റവും മോശം കഥാപാത്രത്തെ സൃഷ്ടിച്ചു എന്ന ക്രെഡിറ്റും സ്വാമിക്ക് സ്വന്തമായി(കിലുക്കം കിലുകിലുക്കം എന്ന സിനിമയിലെ കഥാപാത്രത്തെ മറക്കുന്നില്ല കേട്ടോ).
വേറൊരു നായിക മീരാ നന്ദന് അവതരിപ്പിക്കുന്ന ജെയ്ന്‍ ആണ്. എന്തിനാണാവോ അങ്ങനെയൊരു കക്ഷി? ഒരു സ്കൂട്ടിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാമെന്നല്ലാതെ വല്ല ധര്‍മ്മവും ആ കഥാപാത്രത്തിനുണ്ടോ എന്നറിയാന്‍ ഭൂതക്കണ്ണാടിയുടെ സഹായം വേണ്ടിവരും.
അടുത്ത പേജില്‍ - ഇതോ സ്വാമി സംവിധാനം ചെയ്യാന്‍ കാത്തുവച്ച കഥ?!
PRO
നല്ലൊരു പ്ലോട്ടുണ്ടായിരുന്നു ഈ സിനിമയ്ക്ക്. സമയമെടുത്ത് എഴുതിയിരുന്നെങ്കില്‍ എസ് എന്‍ സ്വാമിക്ക് തന്നെ ഗംഭീരമാക്കാമായിരുന്ന ആശയം. അനാവശ്യ ധൃതിയായിരിക്കാം ഈ സിനിമയുടെ വിധിയെ തെറ്റായ വഴിയിലേക്ക് നയിച്ചത്. ഞാന്‍ മനസിലാക്കുന്നത്, സ്വാമി തന്നെ സംവിധാനം ചെയ്യാനിരുന്ന സിനിമയാണിത് എന്നാണ്. ഈ കഥയില്‍ അദ്ദേഹത്തിന് അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു എന്നല്ലേ അതിനര്‍ത്ഥം. അപ്പോള്‍, പെട്ടെന്നൊരു പ്രൊജക്ട് ആവശ്യമായി വന്നപ്പോള്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതു തന്നെയാണ്, ലോക്പാല്‍ എന്ന ചിത്രത്തെ ഒരു നല്ല സിനിമ എന്ന പ്രേക്ഷകരുടെ സാമാന്യ ആവശ്യത്തെ നിരാകരിക്കുന്ന പ്രൊഡക്ടാക്കി മാറ്റിയത്.
‘ആറ്റുമണല്‍പ്പായയില്‍’ മാജിക് ആവര്‍ത്തിക്കാന്‍ ലോക്പാലില്‍ രതീഷ് വേഗയ്ക്ക് കഴിയുന്നില്ല. എന്നാല്‍ പശ്ചാത്തലസംഗീതം ഉണര്‍വ്വ് പകരുന്നതാണ്. അത് റണ്‍ ബേബി റണ്ണിനേക്കാള്‍ ഗംഭീരവുമായിട്ടുണ്ട്. ആക്ഷന്‍ സീനുകളൊക്കെ നന്നായിട്ട് ചിത്രീകരിക്കാന്‍ ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.
വേറൊരു ആംഗിളില്‍ നോക്കിയാല്‍, ഒരു സൂപ്പര്‍ ഹീറോ ഇമേജുള്ള നായകനെ പ്രേക്ഷകരും പ്രതീക്ഷിച്ചു എന്നതാണ് സത്യം. ലോക്പാലിലെ നായകന് വെറും സാധാരണക്കാരനാണ്. അയാളുടെ നീക്കങ്ങള്‍ക്കും ആ സാധാരണത്വം ഉണ്ട്. മോഹന്‍ലാലിനെപ്പോലെ മാസ് പ്രേക്ഷകരുടെ പള്‍സ് നിയന്ത്രിക്കുന്ന ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കഥാപാത്രത്തിന്റെ ബ്രില്യന്‍സ് നന്ദഗോപാലിന് അഞ്ചുശതമാനം പോലും ഇല്ല.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ പല ഭാഗത്തും ഗംഭീര കൂവലായിരുന്നു. അതില്‍ കൂടുതലും വാങ്ങിക്കൂട്ടാന്‍ ഭാഗ്യമുണ്ടായത് കാവ്യാ മാധവനാണുതാനും. ദുര്‍ബലമായ ക്ലൈമാക്സ് കൂടിയായപ്പോള്‍ കഥ പൂര്‍ണമായി. ലോക്പാല്‍, അടുത്ത കാലത്ത് ഞാന്‍ കണ്ട ഏറ്റവും നിലവാരം കുറഞ്ഞ സൃഷ്ടികളിലൊന്നാണ്.