ബി ഉണ്ണികൃഷ്ണന്‍റെ അടുത്ത ചിത്രം - മമ്മൂട്ടിയോ ലാലോ?

ശനി, 26 ഫെബ്രുവരി 2011 (14:08 IST)
PRO
ദ ത്രില്ലര്‍ എന്ന സിനിമയുടെ പരാജയം സംവിധായകന്‍ എന്ന നിലയില്‍ ബി ഉണ്ണികൃഷ്ണനെ നിരാശനാക്കുന്നില്ല. താന്‍ ചെയ്യേണ്ടത് ചെയ്തു, ഫലം മറിച്ചായാല്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് ഉണ്ണികൃഷ്ണന്‍ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ, കഴിഞ്ഞ സിനിമയുടെ വിധിയെക്കുറിച്ചോര്‍ത്ത് വിഷമിക്കാതെ പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം.

“പ്രേക്ഷകരാണ് ഒരു സിനിമ ഹിറ്റാക്കുന്നതും ഫ്ലോപ്പാക്കുന്നതും. എന്നാല്‍ അവരുടെ അഭിരുചി എന്താണെന്നു നോക്കി മുന്നോട്ടുപോയാല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. അതുകൊണ്ട് പ്രേക്ഷകര്‍ എന്താണ് ആവശ്യപ്പെടുന്നത് എന്നോര്‍ത്ത് നമ്മള്‍ ടെന്‍‌ഷനടിക്കേണ്ടതില്ല. എനിക്കിഷ്ടമുള്ള സിനിമകള്‍ ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിനില്‍ക്കുന്നു” - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

പുതിയ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഉണ്ണികൃഷ്ണനല്ല എന്നതാണ് പ്രത്യേകത. സംവിധായികയും എഴുത്തുകാരിയുമായ അഞ്ജലി മേനോനാണ് ചിത്രത്തിന്‍റെ തിരക്കഥ. മറ്റൊരാളുടെ തിരക്കഥയില്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ആകെ രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഒരു സിനിമയായിരിക്കും ഇത്. നാല്‍പ്പത് വയസുള്ള ഒരു പുരുഷനും 20കാരിയായ യുവതിയും.

“ആരാണ് അഭിനയിക്കുക എന്ന കാര്യം തിരക്കഥ പൂര്‍ത്തിയായതിന് ശേഷമേ ആലോചിക്കുന്നുള്ളൂ. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ഇങ്ങനെ ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഞാന്‍ ‘നോ’ എന്നു പറയില്ല. മുഖ്യധാരയില്‍ നിന്നു മാറിനില്‍ക്കാതെ നല്ലൊരു സിനിമയാണ് ഞാനും അഞ്ജലിയും ആലോചിക്കുന്നത്” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറയുന്നു.

“ഈ സിനിമ ചിലപ്പോള്‍ തിയേറ്ററില്‍ ഓടിയേക്കാം, ചിലപ്പോള്‍ ഓടാതിരിക്കാം. എന്തായാലും ഇതൊരു നല്ല സിനിമയായിരിക്കും” - ഉണ്ണികൃഷ്ണന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ആ ആത്മവിശ്വാസത്തെ കണക്കിലെടുത്ത് മമ്മൂട്ടിയോ മോഹന്‍ലാലോ ഈ ചിത്രവുമായി സഹകരിക്കുമോ എന്ന് കാത്തിരുന്ന് വീക്ഷിക്കുക തന്നെ.

വെബ്ദുനിയ വായിക്കുക