പ്രണയം - ഇതുവരെ ആരും പറയാത്ത പ്രണയകഥ!

ബുധന്‍, 31 ഓഗസ്റ്റ് 2011 (16:38 IST)
PRO
ഞാന്‍ ചൊവ്വാഴ്ച രാവിലെ മലയാളം വെബ്‌ദുനിയയുടെ എഡിറ്ററെ വിളിച്ചു. എന്‍റെ അസുഖവിവരങ്ങള്‍ ഒക്കെ അദ്ദേഹം തിരക്കി. ഒടുവില്‍ ഞാന്‍ പറഞ്ഞു.

“എനിക്കൊരു ആഗ്രഹമുണ്ട്. പ്രണയം സിനിമയുടെ റിവ്യൂ ഞാന്‍ തന്നെ കൊടുക്കണം എന്ന്”

സ്നേഹപൂര്‍വം ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. “യാത്രയൊന്നും പാടില്ല, സിനിമ കാണാനായി മൂന്നു മണിക്കൂര്‍ നേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നത് സ്ട്രെയിനാണ്. ഒരു ഇമോഷണല്‍ സിനിമ ആയതുകൊണ്ട് നിങ്ങളുടെ മനസിനെ അത് മോശമായി ബാധിക്കാനിടയുണ്ട്” - എന്നൊക്കെ പറഞ്ഞു.

“എനിക്കിപ്പോള്‍ വലിയ കുഴപ്പമില്ല. അല്‍പ്പം ശ്വാസം‌മുട്ടലുണ്ട്. കിതപ്പും. അത്രേയുള്ളൂ. ആ സിനിമ കണ്ട് റിവ്യൂ എഴുതണമെന്ന് ഒരാഗ്രഹം തോന്നി” - എന്ന് പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ സമ്മതിച്ചു.

ബ്ലെസി സംവിധാനം ചെയ്ത ‘പ്രണയം’, ആ സിനിമയെക്കുറിച്ചുള്ള ആദ്യവാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ എന്നെ ആകര്‍ഷിച്ചുതുടങ്ങിയതാണ്. മോഹന്‍ലാലിന്‍റെ പുതിയ രൂപവും അദ്ദേഹത്തിന്‍റെ പാട്ടും അനുപം ഖേറും ജയപ്രദയുമായുള്ള വിഷ്വല്‍‌സും ടി വിയില്‍ കണ്ടപ്പോള്‍ പ്രണയത്തോടുള്ള പ്രണയം കലശലായി. എന്‍റെ ക്ഷീണാവസ്ഥയെയും ഞാന്‍ മറക്കുകയാണ്. തിയേറ്ററിലെ തണുപ്പില്‍ ഞാന്‍ ‘പ്രണയം’ വിടരുന്നതും കാത്തിരുന്നു.

അടുത്ത പേജില്‍ - നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മയില്‍...

PRO
തിയേറ്ററില്‍ പ്രണയം വിടര്‍ന്നു. അനുപം ഖേറാണ് ആദ്യം നമ്മുടെ മുന്നിലേക്ക് വരുന്നത് - അച്യുതമേനോന്‍ എന്ന കഥാപാത്രമായി. അദ്ദേഹം മകന്‍ സുരേഷി(അനൂപ് മേനോന്‍)ന്‍റെ ഫ്ലാറ്റിലേക്ക് താമസത്തിനായി വന്നിരിക്കുകയാണ്. ബ്ലെസിക്ക് ഉള്ള ആദ്യ അഭിനന്ദനം അവിടെനിന്നു തുടങ്ങുന്നു - ഈ ചിത്രത്തില്‍ അനുപം ഖേറിന്‍റെ മകന്‍റെ വേഷത്തില്‍ അനൂപ് മേനോനെ കാസ്റ്റ് ചെയ്തതിന്. ഒന്നാന്തരം തെരഞ്ഞെടുപ്പ് തന്നെ.

അച്യുതമേനോന്‍ തന്‍റെ ‘ഓര്‍മ്മജീവിതം’ അവിടെ ആരംഭിക്കുകയാണ്. അയാളുടെ ഉള്ളില്‍ ആരുമറിയാതെ, മായാതെ കിടക്കുന്ന ഒരു മുറിവുണ്ട്. ഒരു നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മ. പ്രണയം അയാളും ഭാര്യയും തമ്മിലായിരുന്നു. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ പ്രണയം അയാള്‍ക്ക് നഷ്ടപ്പെട്ടു. ഗ്രേസ്(ജയപ്രദ) എന്ന തന്‍റെ ഭാര്യയുമായി 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹമോചനം നടത്തിയതിന്‍റെ നഷ്ടബോധം ഈ വാര്‍ദ്ധക്യത്തില്‍ അയാളെ തളര്‍ത്തിയിരിക്കുന്നു. അവള്‍ ഇന്ന് തന്നോടൊപ്പം ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഏറ്റവും ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങളിലൂടെ കടന്നുപോകുന്നതിനൊടുവില്‍, അയാള്‍ തന്‍റെ ഗ്രേസിനെ അവിചാരിതമായി കണ്ടുമുട്ടുന്നു.

അവള്‍, ഗ്രേസ് താമസിക്കുന്നത് അവിടെ അടുത്തുതന്നെയാണ്. അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ് മാത്യൂസിനൊപ്പം. മാത്യൂസ് ആയി അഭിനയിക്കുന്നത് ആരാണെന്നറിയില്ലേ? മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരം - മോഹന്‍ലാല്‍! വളരെ സിമ്പിള്‍ ആയ ഒരു ഇന്‍‌ട്രൊഡക്ഷന്‍! എന്നില്‍ ഒരു തരിപ്പ് പടരുന്നത് ഞാന്‍ അറിഞ്ഞു. മാത്യൂസ് എന്ന വൃദ്ധനെ എത്രനോക്കിയിരുന്നാലും മതിയാവാത്തതുപോലെ. റേഡിയേഷന്‍ ചെയ്തതിന്‍റെ ഫലമായി വരണ്ടുണങ്ങിപ്പോയ എന്‍റെ ചുണ്ടുകള്‍ പിറുപിറുത്തു - യു ആര്‍ ലുക്കിങ് ഗ്രേറ്റ്, ലാല്‍...

അടുത്ത പേജില്‍ - പ്രണയം ആരോട്? മാത്യൂസിനോടോ അച്യുതമേനോനോടോ?

PRO
ബ്ലെസി സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രം ‘തന്‍‌മാത്ര’ ആണെന്നായിരുന്നു ഇതുവരെയുള്ള എന്‍റെ വിലയിരുത്തല്‍. ഇപ്പോള്‍ ‘പ്രണയം’ എന്നെ മോഹിപ്പിച്ചുകളഞ്ഞു. കൊമേഴ്സ്യല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള തിരക്കില്‍ സിനിമ മറന്നുപോയ നമ്മുടെ ചലച്ചിത്രകാരന്‍‌മാര്‍ക്ക് ബ്ലെസി നല്ലവഴി പറഞ്ഞുകൊടുക്കുകയാണ് - പ്രണയത്തിലൂടെ. ഈ വര്‍ഷം കുറേ നല്ല സിനിമകള്‍ ഇറങ്ങി. ട്രാഫിക്, സാള്‍ട്ട് ആന്‍റ് പെപ്പര്‍(സാള്‍ട്ട് ആന്‍റ് പെപ്പര്‍ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രിമുറിയില്‍ വേദന കടിച്ചമര്‍ത്തി കഴിഞ്ഞ നാളുകളിലൊന്നിലാണ് ആ സിനിമ റിലീസായത്) തുടങ്ങി കുറേ ചിത്രങ്ങള്‍. പക്ഷേ, ഈ വര്‍ഷത്തിന്‍റെ സിനിമ ‘പ്രണയം’ ആണെന്നു തോന്നുന്നു. ഇനിയെത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രണയത്തിന്‍റെ മധുരം ഒഴിഞ്ഞുപോകുകയുമില്ല.

അച്യുതമേനോന്‍ ഗ്രേസിനെ കാണാന്‍ എത്തുന്നത് മാത്യൂസിന്‍റെ അനുവാദത്തോടെയാണ്. മാത്യൂസിന് അറിയാം അച്യുതമേനോന്‍റെ മനസ്. എന്നാല്‍ ആ കൂടിക്കാഴ്ചയെ അംഗീകരിക്കാന്‍ അച്യുതമേനോന്‍റെ മകന് കഴിയുന്നില്ല. അവിടെ അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നു. മാത്യൂസും ഗ്രേസും താമസിക്കുന്നത് മകളുടെ(ധന്യാ മേരി വര്‍ഗീസ്) കുടുംബത്തോടൊപ്പമാണ്. അവിടെയും സ്ഥിതി മറിച്ചല്ല.

പക്ഷാഘാതത്തെ തുടര്‍ന്ന് മാത്യൂസ് തളര്‍ന്നുപോകുന്നതാണ് ചിത്രത്തിന്‍റെ ടേണിംഗ് പോയിന്‍റ്. സിനിമ പ്രേക്ഷകന് ചിന്തിക്കാനാവാത്ത തലത്തിലേക്ക് ഉയരുന്നു. സ്ട്രോക്ക് വന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള, വീല്‍‌ചെയറിലൊതുങ്ങിയ മാത്യൂസിനെ കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിക്കിപ്പോള്‍ ആ നിസഹായാവസ്ഥ കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്നതുകൊണ്ടാവണം.

അടുത്ത പേജില്‍ - പ്രണയത്തിലേക്ക് അവരുടെ യാത്ര

PRO
അവര്‍ മൂവരും കൂടി - മാത്യൂസും ഗ്രേസും അച്യുതമേനോനും ഒരു യാത്ര പോകുകയാണ്. ജീവിതത്തിന്‍റെ സായാഹ്നത്തിലെ ഏറ്റവും ആനന്ദകരവും ഒപ്പം വേദനാജനകവുമായ നിമിഷങ്ങളിലൂടെ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കാണ് പിന്നീട് നമ്മള്‍ സാക്‍ഷ്യം വഹിക്കുക. മോഹന്‍ലാലിനെ മലയാളികള്‍ ഇത്രയധികം സ്നേഹിച്ചുപോകുന്നത് എന്തുകൊണ്ടാണെന്ന് ‘പ്രണയം’ ബോധ്യപ്പെടുത്തി തരുന്നു. ഇയാള്‍ക്ക് പകരം വയ്ക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരാളില്ല.

തളര്‍ന്നുപോയ മാത്യൂസിനെ ഗ്രേസ് പരിചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍, ആത്മബന്ധങ്ങളുടെ ചിത്രീകരണത്തില്‍ ബ്ലെസിയുടെ മികവ് വീണ്ടും വെളിപ്പെടുത്തി. തന്‍‌മാത്രയില്‍ ഓര്‍മ്മകള്‍ നഷ്ടപ്പെട്ട രമേശനെ ഭാര്യ പരിചരിക്കുന്ന രംഗങ്ങള്‍ മനസില്‍ തെളിയും. അതിലും എത്ര ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് പ്രണയത്തില്‍ നമ്മള്‍ കാണുന്നത്. മാത്യൂസിന്‍റെ ശരീരത്തെയും മനസിനെയും ഗ്രേസിനെപ്പോലെ മനസിലാക്കിയ വേറെയാരുമില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന അയാളുടെ ഓരോ ചലനങ്ങളും മന്ത്രണങ്ങള്‍ പോലും ഗ്രേസിന് മനസിലാകുന്നു.

ചിത്രത്തിന്‍റെ ക്ലൈമാക്സ് അനുപമമാണ്. ഇതുപോലെ, ഇത്രയും കൃത്യമായ, ഹൃദയത്തെ ഉലയ്ക്കുന്ന, കണ്ണീരണിയിക്കുന്ന ഒരു ക്ലൈമാക്സ് ഞാന്‍ അധികം കണ്ടിട്ടില്ല. കണ്ണീരിനിടയില്‍ ഞാന്‍ കൈതട്ടി ബ്ലെസിക്ക് അഭിനന്ദനം അറിയിച്ചു. നോക്കിയപ്പോള്‍ എന്‍റെ സമീപമിരുന്നവര്‍ എല്ലാം, തിയേറ്റര്‍ ആകെത്തന്നെ കയ്യടിച്ച് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.

അടുത്ത പേജില്‍ - പ്രണയം, സംഗീതത്തിന്‍റെ മാന്ത്രികാനുഭവം

PRO
40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് തിരിച്ചറിയുന്ന അച്യുതമേനോന്‍റെ വേദന, മാത്യൂസ് എന്ന ഭര്‍ത്താവിന്‍റെ സ്നേഹത്തിലും കരുതലിലും സന്തുഷ്ടയായ ഗ്രേസിന്‍റെ ചിരി, തന്‍റെ മുന്‍ ഭര്‍ത്താവിനെ ഓര്‍ത്തുള്ള ഗ്രേസിന്‍റെ നൊമ്പരങ്ങള്‍, മാത്യൂസ് എന്ന ഭര്‍ത്താവിന്‍റെ ഹൃദയവികാരങ്ങള്‍ എല്ലാം ബ്ലെസി അതിമനോഹരമായി ആവിഷ്കരിച്ചു പ്രണയത്തില്‍. ‘പ്രണയം’ - എത്ര സുന്ദരമായ പേരാണത്. അതിന്‍റെ എല്ലാ അര്‍ത്ഥതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു സിനിമയാണ് ബ്ലെസി രചിച്ചിരിക്കുന്നത്.

മോഹന്‍ലാലും ജയപ്രദയും അനുപം‌ ഖേറും തകര്‍ത്തഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു പാളിച്ചയെന്ന് ചൂണ്ടിക്കാട്ടാവുന്നത് അനുപം ഖേറിന്‍റെ ലിപ് മൂവ്മെന്‍റുകളും ഡയലോഗുകളും തമ്മില്‍ സിങ്ക് ആകാത്തതാണ്. ഇത് ആദ്യം അല്‍പ്പം പ്രശ്നമായി തോന്നി. പിന്നീട് ആ കുഴപ്പം മാറി. അച്യുതമേനോന്‍ എന്ന മലയാളിയായല്ലാതെ അനുപം ഖേറിനെ ഇനി ചിന്തിക്കാന്‍ തന്നെ പ്രയാസം!

മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അതിഥിതാരമാണെന്നൊക്കെ ചില റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നു. എന്നാല്‍ ഒരു മുഴുനീള കഥാപാത്രമാണ് ഈ ചിത്രത്തില്‍ മാത്യൂസ്. ആദ്യം ഒരു 20 മിനിട്ടൊക്കെ കഴിഞ്ഞാണ് മാത്യൂസ് എത്തുന്നതെങ്കിലും പിന്നീട് അയാള്‍ നിറഞ്ഞുനില്‍ക്കുന്നു. ക്ലൈമാക്സ് രംഗങ്ങളില്‍ മാത്യൂസായി മോഹന്‍ലാല്‍ നടത്തിയ പ്രകടനത്തെ അത്ഭുതാദരവോടെയാണ് നോക്കിയിരുന്നത്.

ചിത്രത്തിന്‍റെ ക്യാമറയും പശ്ചാത്തല സംഗീതവുമാണ് എടുത്തുപറയേണ്ടത്. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണം ഗംഭീരമാണ്. ഇത്ര ആഴമുള്ള ഒരു കഥയെ അതിന്‍റെ ഭംഗിയിലും പ്രൌഡിയിലും പ്രേക്ഷകരിലെത്തിക്കാന്‍ സതീഷിന് കഴിഞ്ഞു. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ‘പ്രണയ’ത്തിന്‍റെ ജീവന്‍. ഓരോ ഇമോഷനും ചേര്‍ന്നുലയിച്ചു നില്‍ക്കുന്ന സംഗീതം.

പാട്ടുകളില്‍ ഞാന്‍ പ്രണയിക്കുന്നത് ‘ഐ ആം യുവര്‍ മാന്‍..’ എന്ന ഇംഗ്ലീഷ് സോംഗിനെയാണ്. മോഹന്‍ലാലിന്‍റെ ആലാപനത്തില്‍ അത് മനസ് കീഴടക്കുകയായിരുന്നു. ‘പാട്ടില്‍ ഈ പാട്ടില്‍...’, ‘മഴത്തുള്ളി പളുങ്കുകള്‍...’ എന്നീ പാട്ടുകളും ഗംഭീരം. ‘മഴത്തുള്ളി പളുങ്കുകള്‍...’ എന്ന ഗാനരംഗത്ത് പഴയ പാലക്കാട് ഒലവക്കോട് റയില്‍‌വെ സ്റ്റേഷനും ട്രെയിനുമൊക്കെ കാണിക്കുന്നുണ്ട്. മനോഹരമായ അനുഭവം.

ഈ ബ്ലെസിച്ചിത്രം നമ്മുടെ ഹൃദയത്തെ പ്രണയ തരളിതമാക്കും. മനസിനെ ശുദ്ധീകരിക്കും. വര്‍ഷങ്ങളോളം മനസില്‍ നിറഞ്ഞുനില്‍ക്കും മാത്യൂസും അച്യുതമേനോനും ഗ്രേസും. ബ്ലെസിയുടെ ചിന്ത അത്ഭുതപ്പെടുത്തുന്നതാണ്. ഈ സിനിമ, വരണ്ടുണങ്ങിയ മലയാള സിനിമയിലേക്ക് കാലഘട്ടം ആവശ്യപ്പെട്ട മഴയാണ്. ഈ മഴ നഷ്ടപ്പെടുത്തരുത്. ആവോളം നനയുക. പ്രണയത്തിന്‍റെ നോവും സുഖവും അനുഭവിക്കുക.

വെബ്ദുനിയ വായിക്കുക