പേരിലെ ഈ പുതുമയുടെ പൊരുള്‍ തേടിയാണ് എറണാകുളം ശ്രീധര്‍ തീയറ്ററില്‍ 'ഏയ് ഡ്യൂഡ്' ഹേയ് യാര്' എന്നൊക്കെ സ്പീച്ചുന്ന ന്യൂജനറേഷന് പിള്ളേരുടെ കൂടെ ഈ ന്യൂജനറേഷന് സിനിമ കാണാന്‍ കയറിയത്.
'എയ്ഡ്സ് എന്ന മാരകരോഗത്തിനെതിരെ മഹത്തായ ഒരു സന്ദേശം' എന്നൊക്കെയാവാം തന്റെ കന്നിച്ചിത്രത്തെപ്പറ്റി ബാലചന്ദ്രമേനോന് മോഡലില്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്ത ഗിരീഷിന്റെ അവകാശവാദം. പക്ഷേ ഏറെക്കുറെ പുതുമുഖങ്ങളെ വെച്ച് അദ്ദേഹം എടുത്ത ' നീ കൊ ഞാ ചാ' എന്ന പരീക്ഷണചിത്രം സന്തോഷ് പണ്ഡിറ്റിന്റെ 'കൃഷ്ണനും രാധ'ക്കും ശേഷം യുവാക്കള്‍ക്ക് അര്മാദിക്കാനും പുലഭ്യം പറയാനും സിനിമയിലെ തന്നെ പുലഭ്യം ആസ്വദിക്കാനുമുള്ള ഒരു അവസരമായി മാറി.
മൂന്ന് സുഹൃത്തുക്കളുടെ ഗോവന്‍ യാത്രയും അതിനെത്തുടര്‍ന്നുണ്ടാകുന്ന 'സംഭവബഹുലമായ' കാര്യങ്ങളുമാണ് നി കൊ ഞാ ചാ (നിന്നെ കൊന്ന് ഞാനും ചാകും) യില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ജോ( പ്രവീണ്‍ അനിഡില് ) എന്ന ടിവി പ്രൊഡ്യൂസര്‍ അവതാരകയായ ആന്‍ (പൂജിത മേനോന്) മായുള്ള പ്രണയപരാജയത്തിന്റെ ഹാങ് ഓവര്‍ മാറാന്‍ സുഹൃത്തുക്കളായ റോഷന് ( സണ്ണി വെയ്ന്‍ ) അബു (സഞ്ചു) എന്നിവരുമായി ഗോവയ്ക്ക് പോകുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ( ഈയടുത്ത് ഇറങ്ങിയ 'ഹസ്ബന്റ്സ് ഇന്‍ ഗോവ' എന്ന് സിനിമയിലെ പല രംഗങ്ങളും ഈ ഘട്ടത്തില്‍ ഓര്മ വരും).
പോകുന്ന വഴിയില്‍ അല്പം പിശക് ലക്ഷണമുള്ള രണ്ട് പെണ്ണുങ്ങള് കാറുമായി മുന്നില്‍ ചാടുന്നതും അവസാനം ഗോവയില്‍ വച്ച് ഇവരെ വീണ്ടും കണ്ടുമുട്ടുന്നതും അവരുമായി 'എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി' നടത്തുന്നതും എല്ലാം വളരെ 'സ്വാഭാവികമായി'ത്തന്നെ സംവിധായകന് പറഞ്ഞുവെച്ചിട്ടുണ്ട്.
'സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചതിനു' ശേഷം റോഷനും അബുവും തിരികെ നാട്ടിലേയ്ക്ക് വണ്ടിയോടിച്ച് വരുമ്പോഴാണ് ആ പെണ്‍കുട്ടികള്‍ ആലിസും (രോഹിണി മറിയം ഇടിക്കുള), സാനിയ (പാര്‍വതി നായര്‍)യും നിങ്ങളിലൊരാള്‍ക്ക് എയ്ഡ്സ് പകര്ന്നിട്ടുണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരം മൊബൈല്‍ ഫോണില്‍ വിളിച്ചറിയിക്കുന്നത്.
അടുത്ത പേജ്- എയ്ഡ്സ് റോഷനുള്ള ശിക്ഷ; ചിത്രം പ്രേക്ഷകനുള്ളതും
PRD
എയ്ഡ്സ് രോഗി ഡോക്ടര്‍ കൂടിയായ റോഷന് ആണെന്നും പെണ്ണുങ്ങളെ ചവച്ചുതുപ്പി ഉപേക്ഷിക്കുന്നതിനുള്ള ശിക്ഷയായാണ് രോഗം പകര്‍ത്തിയതെന്നും ആ പെണ്‍കുട്ടികള്‍ പറഞ്ഞത് കേട്ട് അവര്‍ ഞെട്ടി. ഒടുവില്‍ ജീവിതം മടുത്ത റോഷന് ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ പിണങ്ങിപ്പോയ ഭാര്യ വന്ന് രക്ഷിക്കുന്നു.
റോഷനെ നല്ല വഴിക്ക് നടത്താനായി എല്ലാവരും ചേര്‍ന്ന് നടത്തിയ നാടകം ആയിരുന്നുവെന്ന് പറഞ്ഞ് എല്ലാവരും വിവേചനരഹിതമായി അഞ്ചോളം മിനിറ്റ് നീണ്ടു നില്ക്കുന്ന കെട്ടിപ്പിടുത്തം നടത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു.
എയ്ഡ്സിനെതിരെ 'പോരാട്ടം' നടത്തുന്ന പഴയകാല ഷക്കീല പടങ്ങളില്‍ നിന്ന് നി കൊ ഞാ ചയെ മാറ്റിനിര്‍ത്തിയത് ഇതിലെ പുതുമുഖങ്ങളുടെ സാന്നിധ്യം ഒന്നു മാത്രമാണ്. നേരത്തെ 'സെക്കന്‍ഡ് ഷോ'യിലൂടെ സിനിമയില്‍ വന്ന വ്യത്യസ്തമായ അഭിനയശൈലിക്കുടമയായ സണ്ണി വെയ്ന്‍ ഈ സിനിമയിലും നന്നായിത്തന്നെ അഭിനയിച്ചു. എന്നാല്‍, ഒരേ ശൈലി അദ്ദേഹം തുടരുകയണെങ്കില്‍ ഒരുപാടുനാള് സിനിമയില്‍ കാണുമെന്നു തോന്നുന്നില്ല.
പ്രവീണ്‍ അനിഡില്, സഞ്ചു, നായിക കഥാപാത്രങ്ങള്‍ എന്നിവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. എന്നാല്‍ പീറ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷാനി മറ്റുള്ളവരേക്കാള്‍ ഒരുപടി മികച്ചുനിന്നു. മദ്യപാന സീനില്‍ അദ്ദേഹത്തിന്റെ പ്രകടനം തകര്‍പ്പനായിരുന്നു.
'മികച്ച' ഒരു ആഭാസനായ പീറ്ററിന്റെ സാന്നിധ്യമുള്ള സീനിലൊക്കെ 'മുട്ടനാട്' കരയുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് നല്‍കിയത് എന്തായാലും ചിരിക്കു വക നല്കി. സദാചാരവാദികള്‍ ഈ സിനിമ ഓടുന്ന തീയറ്ററുകളുടെ 2 കിലോമീറ്റര്‍ പരിധിയിലേയ്ക്ക് വരാന്‍ പാടില്ലാത്ത മുന്നറിയിപ്പ് നല്കുന്ന തരത്തിലുള്ള 'ഡേര്‍ട്ടി ജോക്കുകള്‍' സിനിമയില്‍ പുട്ടിന് തേങ്ങ ഇടും പോലെ കൃത്യമായ ഇടവേളകളില്‍ ചേര്‍ത്തിട്ടുണ്ട്. അതേ സമയം കോമഡിക്കായി സൃഷ്ടിച്ച സീനുകളില്‍ ചിരിക്കാനായി ഇക്കിളിയാക്കാന്‍ അടുത്തിരുന്നയാളെ പരിചയമില്ലാത്തതുകൊണ്ട് പറയാന്‍ പറ്റിയില്ല. നീല്‍ ഡി കുന്‍ഹയുടെ ക്യാമറ ഗോവയുടെ ഭംഗി ഒപ്പിയെടുത്തപ്പോള്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ പുതുമുഖങ്ങള്‍ പാടിയ പാട്ടുകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.