ദൃശ്യവും മെമ്മറീസും പ്രതീക്ഷിച്ചെങ്കില്‍ ഊഴം നിരാശപ്പെടുത്തും!

ആര്‍ വി ജ്യോതിപ്രകാശ്

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (22:06 IST)
ഒരുപാട് പ്രതീക്ഷകളുടെ ഭാരമുണ്ട് ‘ഊഴം’ എന്ന സിനിമയ്ക്ക്. ജീത്തു ജോസഫ് ആണ് അതിന്‍റെ സംവിധായകന്‍ എന്നതുകൊണ്ടുതന്നെയാണ് അത്. അതിനുമപ്പുറം ‘മെമ്മറീസി’നുശേഷം ജീത്തു - പൃഥ്വിരാജ് കോമ്പിനേഷനില്‍ ഒരു സിനിമ. എന്തായാലും പ്രതീക്ഷ പൂര്‍ണമായും കാക്കാന്‍ ഊഴത്തില്‍ ജീത്തുവിന് കഴിഞ്ഞില്ല എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.
 
ഊഴം ഒരു പ്രതികാരകഥയാണ്. മലയാളത്തില്‍ തന്നെ പ്രതികാരം വിഷയമാക്കിയ പതിനായിരം സിനിമയെങ്കിലും ഇറങ്ങിയിട്ടുണ്ടാവാം. ‘മഹേഷിന്‍റെ പ്രതികാരം’ എന്ന എല്ലാവര്‍ക്കും അത്ഭുതമായ ചെറിയ സിനിമപോലും ഒരു റിവഞ്ച് സ്റ്റോറിയാണ് പറഞ്ഞത്. എന്നാല്‍ വ്യത്യസ്തമായി പറഞ്ഞാല്‍ എത്ര ആവര്‍ത്തിച്ച കഥയാണെങ്കിലും ഹൃദ്യമായി പറയാന്‍ കഴിയും. ഊഴത്തില്‍ വ്യത്യസ്തതയോ പുതുമയോ ജീത്തു നല്‍കുന്നില്ല. ചില പുതിയ ടെക്നോളജിയെ പരിചയപ്പെടുത്തുന്നതൊഴിച്ചാല്‍.
 
സൂര്യ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ത്രില്ലര്‍ ട്രാക്കിലേക്ക് കഥ ഗിയര്‍ ഷിഫ്റ്റ് നടത്തുകയാണ്. പ്രതികാരം എങ്ങനെ ചെയ്യുന്നു എന്നാണ് ചിത്രം പറയുന്നത്. എന്നാല്‍ ആര്‍ക്കും പ്രവചിക്കാവുന്ന മുഹൂര്‍ത്തങ്ങളിലൂടെ സിനിമയ്ക്കൊപ്പമുള്ള സഞ്ചാരം പ്രേക്ഷകരെ ബോറടിപ്പിക്കും പലപ്പോഴും.
 
തിരക്കഥയാണ് ഈ സിനിമയുടെ നടുവൊടിച്ചതെന്ന് നിസംശയം പറയാം. ഗ്രിപ്പിംഗായ തിരക്കഥയുടെ അഭാവത്തില്‍ മലയാളത്തിലെ മികച്ച താരങ്ങള്‍ അഭിനയിച്ചിട്ടും സിനിമ വട്ടം കറങ്ങുകയാണ്. പൃഥ്വിരാജ്, നീരജ് മാധവ്, ബാലചന്ദ്രമേനോന്‍, ജയപ്രകാശ്, സീത, പശുപതി, ദിവ്യാ പിള്ള തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
 
ഷാംദത്തിന്‍റെ ഛായാഗ്രഹണം ഗംഭീരമാണ്. വി എഫ് എക്സ് രംഗങ്ങളെല്ലാം നന്നായിട്ടുണ്ട്. അനില്‍ ജോണ്‍സന്‍റെ സംഗീതവും നന്നായി.
 
ക്രൈം ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും സ്ഥിരമായി ക്രൈം ത്രില്ലര്‍ സിനിമകള്‍ കാണുന്നവര്‍ക്കും ഊഴം അത്ര നല്ല അനുഭവമായിരിക്കില്ല. എന്നാല്‍ ഒരു സാധാരണ സിനിമ ആവശ്യപ്പെട്ട് തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഊഴം പിടിച്ചിരുത്തിയേക്കാം.
 
റേറ്റിംഗ്: 2/5

വെബ്ദുനിയ വായിക്കുക