ചിന്താവിഷയം-സത്യന്‍റെ സാരോപദേശം

WD
അന്തിക്കാട്ടുകാരന്‍ സത്യന്‌ മലയാളി പ്രേക്ഷകരോട്‌ എന്തെങ്കിലും പകയുണ്ടോ? അതോ മലയാളികളെ നന്നാക്കിയെടുക്കാന്‍ ഈസോപ്പ്‌ കഥകളും ബൈബിളുമൊന്നും പോരായെന്ന്‌ തിരിച്ചറിഞ്ഞതാണോ? സത്യന്‍ അന്തിക്കാട്‌ കഥയെഴുതി സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുകയാണ്‌. അസഹ്യമായ രീതിയില്‍ ഓരോ സീനിലും സാരോപദേശം തിരുകിക്കയറ്റി തയാറാക്കിയ തിരക്കഥ. പ്രേക്ഷകര്‍ ഇരുട്ടത്തും മുഖത്തോടു മുഖം നോക്കുന്നതു കാണാം. ഗ്രാമത്തിന്‍റെ വിശുദ്ധിയും ബന്ധങ്ങളുടെ ആഴവുമൊക്കെ നന്നായി കൈകാര്യം ചെയ്തിരുന്ന സത്യന്‍ അന്തിക്കാടിന്‍റെ വളര്‍ച്ച താഴോട്ടാണെന്ന്‌ ഒടുവില്‍ പുറത്തു വന്ന മൂന്നു ചിത്രങ്ങള്‍ അടിവരയിടുന്നു.

വിവാഹ മോചനത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന മൂന്നു സ്ത്രീകളുടെ ജീവിതത്തിലേയ്ക്ക്‌ നമ്മുടെ ലാലേട്ടനും മീരയും കടന്നു കയറുകയാണ്‌. മൂന്നു സ്ത്രീകള്‍ക്കും പ്രതേകതകളുണ്ട്‌ . ലാലും മീരയുമായതിനാല്‍ ഏതു വീട്ടിലും പെടച്ചു കേറാം, ആരും പരാതി പറയില്ലായെന്ന്‌ സത്യന്‍ ധരിച്ചുവശായിട്ടുണ്ട്‌. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സഹോദരിമാരാണിവര്‍ ( അതിന്‍റെ പേരില്‍ ആരും ഉറഞ്ഞു തുള്ളേണ്ടാ.) നിസാര പ്രശ്നങ്ങളുടെ പേരില്‍ (പ്രത്യേകിച്ചൊരു കാരണമൊന്നും സത്യനും കാണുന്നില്ല) മാറിത്താമസിക്കുന്നവര്‍. അങ്ങനെ കഥ തുടരുന്നു.

ഭര്‍ത്താക്കന്മാരുടെ 'ചെയ്തികള്‍' സഹിക്ക വയ്യാതെ വേറിട്ടു താമസിക്കാന്‍ തീരുമാനിച്ച സ്ത്രീകള്‍ ഗോപകുമാര്‍ എന്ന ജി.കെ യുടെ മനസില്‍ അസ്വസ്ഥതയുടെ വിത്തു വിതച്ചു ( എന്നാണു സത്യന്‍ പറയുന്നത്‌). ആ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി എന്താവും എന്നൊക്കെ ലാലേട്ടന്‍ വിലപിക്കുകയാണ്‌. ഗാര്‍മെന്‍റ്‌സ് എക്സ്പോര്‍ട്ടറായ ജി.കെ. അവരെ ഒന്നിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്‌. ഇവനൊന്നും വേറെ പണിയില്ലേയെന്ന്‌ പ്രേക്ഷകര്‍ ചോദിച്ചു പോയാലും കുറ്റം പറയാന്‍ പറ്റില്ല.

പതിവു പോലെ കലപില കൂട്ടി മീരയുടെ കഥാപാത്രമായ കമല വരുന്നതോടെ ജി.കെ ഉഷാറായി. ബിസിനസ്‌ ഒക്കെ അവിടെ കിടക്കട്ടെ. വാങ്ങിയ വീട്ടില്‍ നിന്ന്‌ സ്ത്രീകളേം കുട്ടികളേം ഇറക്കി വിടാന്‍ മനസ്‌ സമ്മതിക്കാത്തതിനാല്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു ഫ്ലാറ്റിലാണ്‌ നമ്മുടെ ഗോപേട്ടന്‍ മാമുക്കോയയുമായി താമസം. കയറ്റി അയയ്ക്കാനുള്ള തുണിയൊക്കെ ഫ്ലാറ്റിന്‍റെ മുകളില്‍ ചുമ്മാ വിരിച്ചിട്ടിരിക്കുന്നത്‌ കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്‌. കുട്ടികളോടുള്ള ‘കെയറിംഗ്‌’ ഒക്കെ കണ്ട്‌ പെണ്ണുങ്ങള്‍ക്ക്‌ കുളിരുകോരി. സ്വന്തം കുഞ്ഞിന്‌ ഗോപകുമാറിന്‍റെ ഛായ ആണെന്ന്‌ ഓഫീസില്‍ ആരോ പറഞ്ഞത്‌ അഭിമാനത്തോടെ പറയുന്ന സത്യന്‍റെ നായികമാര്‍ എത്രമാത്രം അധ:പതിച്ചുവെന്ന്‌ ബോധ്യപ്പെടുത്തുന്ന രംഗങ്ങള്‍ ഇനിയുമുണ്ട്‌. മൂന്നു സ്ത്രീകള്‍ ക്കും ഗോപേട്ടനെ മതി. മൂന്നു സ്ത്രീകള്‍ക്കും ഗോപനോട്‌ എന്തോ ഒരിത്‌. എന്താ പെര്‍ഫോമന്‍സ്‌! കഷ്ടം? സ്ത്രീകഥാപാത്രങ്ങളെ എത്ര നന്നായി ചവിട്ടി തേച്ചിരിക്കുന്നു. ഇത്ര സങ്കീര്‍ണമായ പ്രശ്നത്തെ നിസാരവത്കരിക്കാന്‍ സത്യന്‌ എങ്ങനെ കഴിഞ്ഞു?

WD
കമല വന്നതോടെ സ്ത്രീകള്‍ക്ക്‌ വിഷമമായി. ഗോപന്‍റെ കെയറിംഗ്‌ കുറഞ്ഞു പോയാലോ? കമലയെ ഗോപനില്‍ നിന്ന്‌ അകറ്റാന്‍ സ്ത്രീകള്‍ നടത്തുന്ന ഗൂഢാലോചനയാണ്‌ ചിത്രത്തിന്‍റെ ഹൈലൈറ്റ്‌. ( കോണ്‍സ്പിറസി തിയറി പാര്‍ട്ട്‌ 1000. പഴയ ഗോവിന്ദങ്കുട്ടിയും ബാലന്‍ കെ. നായരുമൊക്കെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കീടമടിച്ചു പോയേനെ) കമല അറിയാതെ അവളുടെ ബാഗില്‍ മാല ഒളിപ്പിച്ചു വച്ച്‌, അതു കണ്ടുപിടിച്ച്‌ ഗോപന്‍റെ മനസില്‍ നിന്നും ഓഫീസില്‍ നിന്നും അവളെ ഒഴിവാക്കണം. പഴയ കളി തന്നെയാ ഇതെന്ന്‌ സ്ത്രീകളിലൊരാള്‍ സത്യനു വേണ്ടി മുന്‍ കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്‌. എന്തായാലും മാലപ്പടക്കം പൊട്ടിയില്ല. അതിന്‍റെ നിജസ്ഥിതി അറിഞ്ഞ്‌ ലാല്‍ ഭാവാഭിനയം കൊണ്ട്‌ പഴയ ലാല്‍ ആകാന്‍ ശ്രമിക്കുന്നതു കാണാം. പതിവു പോലെ മീരയുടെ കഥാപാത്രം അനിഷ്ടം കണ്ടാല്‍ സുരേഷ്ഗോപിയാവുന്ന രീതിയില്‍ ഇടഞ്ഞു തന്നെയാ നില്‍പ്‌. മുന്‍പ്‌ ജോലി ചെയ്തിരുന്നയിടത്തുനിന്നും പിന്നീട്‌ ലാലേട്ടന്‍ കൊണ്ടാക്കുന്ന ഹോസ്റ്റലില്‍ നിന്നുമൊക്കെ കെട്ടുപൊട്ടിച്ച്‌ ചാടുന്ന മീരയെ നാം ഇനിയും എത്രവട്ടം കാണേണി വരും? ആദ്യമായി മൂന്നു പെണ്ണുങ്ങളില്‍ ഒരാളെ കാണുമ്പോള്‍തന്നെ അവര്‍ ധരിച്ചിരിക്കുന്നത്‌ പ്രായത്തിന്‌ യോജിച്ചതല്ലായെന്ന്‌ യാതൊരു സെന്‍സുമില്ലാതെ തട്ടി വിടുന്ന കമല ഡ്രസ്സ്‌ കോഡിനെ കുറിച്ചും ചിലതൊക്കെ പറയുന്നുണ്ട്‌.

കമലയെ കയറൂരി വിട്ടാല്‍ ശരിയാവില്ലായെന്ന്‌ തിരിച്ചറിയുന്ന സ്ത്രീകള്‍ ഗോപേട്ടന്‍റെ മനസില്‍ തീ വാരിയിടുന്നു. കമല എങ്ങനെയുള്ളവള്‍ ആണെന്ന്‌ അറിയില്ലല്ലോ ഓഫീസില്‍ വച്ച്‌ കയറിപ്പിടിച്ചു എന്നു പറഞ്ഞാല്‍ കളി മാറുമെന്നൊക്കെ അവര്‍ പറഞ്ഞു. ഫ്രാന്‍സിലുമൊക്കെ കറങ്ങി നടന്ന്‌ ഒരുപാട്‌ ജീവിതം കണ്ട ഗോപന്‍ കമലയുടെ സ്വഭാവം എങ്ങനാന്നറിയാന്‍ അവര്‍ പറഞ്ഞ മാര്‍ഗം സ്വീകരിച്ചു. അവരിലൊരാള്‍ നടത്തുന്ന കോഫി ബാറിലേയ്ക്ക്‌ കമലയെ നാടകീയമായി എത്തിച്ചു കൊടുക്കുകയേ വേണ്ടൂ. ബാക്കി ഇഴ കീറി അവര്‍ പരിശോധിച്ചു കൊള്ളുമത്രേ. ഗോപന്‍ അപ്പടി അനുസരിച്ചു. പിന്നത്തെ രംഗങ്ങള്‍ വിനയനും നിസാറിനും പോലും നാണക്കെടുണ്ടാക്കുന്നതാണ്‌. പരസ്പരം കോഡുഭാഷ (തെറിക്കുത്തരംമുറിപ്പത്തല്‍, പുത്തനച്ചി പുരപ്പുറം തൂക്കും എന്നിങ്ങനെ ) സംസാരിക്കുന്ന കമലയും മറ്റുള്ളവരും. കമലയുടെ ഡയലോഗ്‌ ഡെലിവറി ഭയങ്കരമെന്ന്‌ സ്ത്രീകളുടെ പരസ്പരമുള്ള നോട്ടത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും നമുക്ക്‌ വായിച്ചറിയാം). ഒപ്പം കമലയുടെ കാലിബര്‍ വെളിവാക്കാന്‍ മറ്റൊരു രംഗം കൂടി.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കോഫി ബാറില്‍ കുശലം പറഞ്ഞിരിക്കുന്നു. കൂട്ടത്തിലുള്ള വികൃതിച്ചെക്കന്‍ മേശയ്ക്കടിയിലൂടെ കൂട്ടുകാരിയുടെ ചിത്രം പകര്‍ത്തി. ചെറുക്കന്‍റെ കാലക്കേടിന്‌ നമ്മുടെ കമല ഈ കളി കണ്ടു. മൊബൈയില്‍ പിടിച്ചു വാങ്ങി പയ്യന്‍റെ കരണം പുകച്ചു കഴിഞ്ഞതോടെ കമലയെ വിട്ട്‌ നാഗവല്ലി പോയി. പിന്നെ കമലയുടെ വക സാരോപദേശമാണ്‌. ക്ലാസ്‌ കട്ട്‌ ചെയ്തു നടക്കരുത്‌ എന്നൊക്കെ പറഞ്ഞ്‌. കമലയുടെ പ്രകടനം കണ്ട്‌ പ്രേക്ഷകര്‍ അന്തം വിട്ടിരിക്കുകയാണ്‌. ഒടുവില്‍ മൊബൈയില്‍ തട്ടിപ്പറിച്ച്‌ ഓടിയകലുന്ന പയ്യനെ കമല ചെയ്സ്‌ ചെയ്ത്‌ പിടിച്ച്‌ കുത്തി മറിയുമെന്നൊക്കെ കരുതി. ഭാഗ്യത്തിന്‌ ഒന്നുമുണ്ടായില്ല. മൊബൈലില്‍ പകര്‍ത്തിയ ചിത്രം ഡിലീറ്റ്‌ ചെയ്യാതെ വിട്ടയയ്ക്കരുതായിരുന്നു. ഇനി എന്തൊക്കെ സംഭവിക്കുമോ?കമല ജയിക്കട്ടെ.

WD
സത്യന്‍റെ അതി സുന്ദരമായ മറ്റൊരു കരവിരുത്‌ കാണാനുള്ള ഭാഗ്യം ഇനി സിനിമ കാണുന്നവര്‍ക്കില്ല. ആദ്യ ദിവസം തന്നെ തിയേറ്ററുകാര്‍ ഒന്നാന്തരമായി അത്‌ എഡിറ്റ്‌ ചെയ്ത്‌ വൃത്തിയാക്കി. എന്താണാ രംഗമെന്നോ. മുകേഷിന്‍റെ ഭാര്യയായി അഭിനയിക്കുന്ന സുകന്യ ഡ്രൈവിംഗ്‌ സ്കൂള്‍ നടത്തുകയാണല്ലോ. അവളെയൊന്നു വരുതിയിലാക്കാം എന്നു കരുതി ഒരാള്‍ സമീപിക്കുനു. സുകന്യ അയാളെ 'വശീകരിച്ച്‌' വിജനമായ സ്ഥലത്ത്‌ എത്തിച്ച്‌ വസ്ത്രങ്ങള്‍ അഴിച്ചു വാങ്ങി കാറുമായി അകലുന്നു. ഇതു പോലെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ പ്രേക്ഷകരും തിയേറ്റര്‍ വിട്ടിറങ്ങുന്നത്‌.

മുകേഷും വിജയരാഘവനും അശോകനും ഭര്‍ത്താക്കന്മാരായി ചിത്രത്തിലുണ്ട്‌. മുകേഷിന്‍റെ ഗതികെട്‌ ഓര്‍ത്താല്‍ ചിരിവരും. സത്യന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നില്ലായെന്ന്‌ പരാതി പറഞ്ഞപ്പോള്‍ ഒക്കെ ശരിയാക്കാം എന്ന്‌ സത്യന്‍ മറുപ്രസ്താവന ഇറക്കി. ഫലം രസതന്ത്രത്തില്‍ നായകനെ അവശ്യഘട്ടത്തില്‍ സഹായിക്കാത്ത സുഹൃത്തായി ചെറിയൊരു റോള്‍ കൊടുത്ത്‌ പ്രശ്നം പരിഹരിച്ചു. പിന്നെ വിനോദയാത്രയില്‍ ദിലീപിന്‍റെ അളിയനുമാക്കി. അങ്ങനെ ആക്കി ആക്കി ഇപ്പോള്‍ പെണ്ണുങ്ങളോട്‌ കൊഞ്ചിക്കുഴയുന്ന ദന്തഡോക്ടറുമാക്കി. ഇനി ആക്കുന്നത്‌ ആരായാണോ എന്നുള്ള ഉത്കണ്ഠ പ്രേക്ഷകരെപ്പോലെ മുകേഷിനും കാണും. പണ്ടത്തെ സത്യന്‍ ചിത്രങ്ങള്‍ കണ്ടതിന്‍റെ കൊതിയില്‍ വെറുതെ ഒന്നു പറഞ്ഞും പോയി!

ആരും സമയത്ത്‌ തിരക്കഥ ഒരുക്കി നല്‍കാത്തതിന്റെ വാശിക്ക്‌ പേന ഉന്തിത്തുടങ്ങിയ സത്യന്‌ മഹാഭാഗ്യമല്ലേ വീണു കിട്ടിയത്‌. പ്രഗത്ഭരെ മൂലയ്ക്കൊതുക്കി ബറുവാജി വിനോദയാത്രയ്ക്ക്‌ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും നല്‍കി. പ്രേക്ഷകന്‍റെ കഷ്ടകാലവും തുടങ്ങി. രണ്ടുവട്ടം ചിന്തിക്കാതെ സത്യന്‍റെ ചിത്രം കാണരുതെന്ന്‌ ഇന്നത്തെ ചിന്താവിഷയം പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നു.

ഇളയരാജയുടെ സംഗീതവും ലാല്‍-മീര ആദ്യമായി ഒന്നിച്ചതുകൊണ്ടും സത്യന്‍ ചതിക്കില്ലായെന്ന്‌ നേരിയ ഉറപ്പുള്ളതുകൊണ്ടും പ്രേക്ഷകര്‍ ഒന്നിടിച്ചു; രസതന്ത്രം വിജയിച്ചു. സംഗതി കൊള്ളാമെന്ന്‌ സത്യനും മനസിലായി. ലോഹിതദാസിനോടും ശ്രീനിവാസനോടുമൊക്കെ കൂട്ടു വെട്ടി. ‘നമുക്കീ ചിന്ത നേരത്തെ തോന്നാഞ്ഞതെന്താ സത്യാ എന്നു ലാല്‍ ചോദിച്ചു. അതിനൊക്കെ ഒരു സമയമുണ്ട്‌ ലാലേ’ എന്നു സത്യനും പറഞ്ഞു. പാവം പ്രേക്ഷകര്‍ സഹിക്കട്ടെ. വിനോദയാത്രയ്ക്ക്‌ അവാര്‍ഡ്‌ കിട്ടിയ സ്ഥിതിക്ക്‌ സത്യന്‍ ഈ പണി തുറ്റരുമെന്ന്‌ ന്യായമായും സംശയിക്കാം. പുല്ലുപറിക്കുന്ന ലാഘവത്തോടെ പല്ലുപറിക്കുന്ന രംഗം സത്യന്‍റെ മികവ്‌ വെളിവാക്കുന്നു. പല്ലു പറിച്ചു കഴിഞ്ഞ്‌ പെണ്‍കുട്ടിയോട്‌ അല്‍പസമയം ഇരുന്നിട്ടു പോയാല്‍ മതി എന്ന്‌ എതു പൊട്ടന്‍ ഡോക്ടറും പറയും. മുകേഷിന്‍റെ ഡോക്ടര്‍ പല്ലെടുത്തു കഴിഞ്ഞ്‌ വായില്‍ അല്‍പം പഞ്ഞിയും തിരുകി കൊടുത്ത്‌ വേഗം സ്ഥലംവിടാന്‍ പെണ്‍കുട്ടിയോട്‌ പറയുന്നു. നമ്മുടെ സത്യേട്ടന്‍റെ ഓരോരോ തമാശകളേ.

WD
മോഹന്‍ലാലിന്‌ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടായിരുന്നോ ഈ ചിത്രത്തില്‍? മഹാസമുദ്രം കഴിഞ്ഞ്‌ ലാലിനു മികച്ച നാടക തിരക്കഥയില്‍ അഭിനയിക്കാനായി. പാവം ലാല്‍. ഇനി നോക്കീം കണ്ടുമൊക്കെയേ അഭിനയിക്കൂ എന്നു നാഴികയ്ക്കു നാല്‍ പതു വട്ടം പറയുമെങ്കിലും സത്യന്മാരെ പോലുള്ളവര്‍ പറ്റിക്കാന്‍ തയാറായി ഒളിച്ചു നില്‍ക്കുന്നുണ്ടെന്ന്‌ ലാല്‍ തിരിച്ചറിയുന്നില്ല.

മുന്‍ കാല ചിത്രങ്ങളിലെ മീരയുടെ കഥാപാത്രത്തെ അനുകരിക്കാനുള്ള ദൗര്‍ഭാഗ്യമാണ്‌ മീരയെ കാത്തിരുന്നത്‌. 'ഷാജഹാനേ ഒരു പന്ന ചായ' എന്ന്‌ അടുക്കളയില്‍ നില്‍ക്കുന്ന മാമുക്കോയയോട്‌ ലാല്‍ പറയുന്നതു പോലെയുള്ള ചില രംഗങ്ങള്‍ ഒഴിച്ചാല്‍ ഒന്നു ചിരിക്കാന്‍ തോന്നാത്ത, വിരസമായ രംഗങ്ങളാല്‍ സമ്പന്നമാണ്‌ ഈ ചിത്രം. അറിയാതെ തലകുനിച്ചിരുന്നു പോവും.

ഇനി ചെറിയ ഇടവേളകളില്‍ ലാല്‍-സത്യന്‍ ചിത്രങ്ങള്‍ നമുക്ക്‌ കാണാം. അതിനുള്ള ഭാഗ്യം ഒരുക്കി നല്‍കുന്നത്‌ ലാലിന്‍റെ പ്രിയപ്പെട്ട ആന്‍റെണി പെരുമ്പാവൂര്‍. ഈ കോംബിനേഷന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന്‌ ആന്‍റെണി ആണയിടുന്നു.

അഴകപ്പന് ഒരു നല്ലൊരു ഫ്രെയിം കൂടി സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ഇളയരാജ രസതന്ത്രം നന്നായി കോപ്പി അടിച്ചിരിക്കുന്നു. എല്ലാക്കാലത്തും പ്രേക്ഷകരെ പറ്റിക്കാനാവില്ലായെന്ന്‌ സത്യന്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ഇങ്ങനെ പറ്റിച്ചു നടന്നവരില്‍ ചിലര്‍ ഇപ്പോള്‍ സംഘടനയിലെ തലപ്പത്തിരിപ്പുണ്ട്‌. ആര്‍ക്കും മനസിലാവാത്ത പ്രശ്നങ്ങളും സിനിമ നേരിടുന്ന പ്രതിസന്ധികളുമൊക്കെ എങ്ങനെ പരിഹരിക്കാമെന്ന്‌ പറഞ്ഞു നല്‍കും; തികച്ചും സൗജന്യമായി.

മൂന്നു സ്ത്രീകളും ഒന്നിക്കാനായി സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ രസകരമാണ്‌. അശോകന്റെ സഹോദരന്‍ ഗള്‍ഫില്‍ ജയിലില്‍ ആവുന്നു. രക്ഷിക്കാന്‍ പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ അച്ഛന്‍ വിചാരിക്കണം. അത്ര അഭിമാനമുള്ള കുടുംബം അല്ലാത്തത്‌ നന്നായി. വേറെ മാര്‍ഗമൊന്നു നോക്കാതെ സഹായം തേടി. ആ കുടുംബം ഒന്നായി. മകനെ ആരോ (?) തട്ടിക്കൊണ്ടു പോയപ്പോള്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയ ദമ്പതികള്‍ക്ക്‌ ചാരാന്‍ മറ്റു ചുമലുകള്‍ ഇല്ലായിരുന്നു. അതും മനോഹരം. മൂന്നാമത്തെ കുടുംബം ഒന്നിക്കാന്‍ സത്യന്‍ മറ്റൊരു മായാജാലമാണ്‌ സ്വീകരിച്ചത്‌. ഒരു ചിന്ന ആക്സിഡന്റ്‌. മുകേഷിന്റെ കുടുംബവും ഒന്നായി. എന്തു രസമുള്ള കഥ.

പതിവുപോലെ മീരയുടെ കഥാപാത്രത്തിന്റെ വേദന നിറഞ്ഞ ഭൂതകാലം പ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിക്കുന്നുണ്ട്‌. ഒടുവില്‍ ആരൊക്കെയോ ഉണ്ടായിട്ടും അനാഥയായി ജീവിക്കുകയായിരുന്ന മീരയ്ക്ക്‌ ലാലേട്ടനും ജീവിതം നല്‍കി. അങ്ങനെ ആ മുയലുകള്‍ നല്ല മനുഷ്യരായി ജീവിച്ചു എന്നു പറയുന്ന പോലെ സത്യന്‍റെ കഥ സുന്ദരമായി പര്യവസാനിച്ചു.