ചരിത്രം രചിച്ച് ‘പുതിയ നിയമം’, കണ്ടവര്‍ വീണ്ടും കാണുന്നു, അസാധാരണ ത്രില്ലര്‍, ക്ലൈമാക്സില്‍ മമ്മൂട്ടി തകര്‍ത്തു!

ജലജ നമ്പ്യാര്‍

ശനി, 13 ഫെബ്രുവരി 2016 (14:24 IST)
സിനിമയില്‍ പുതിയ നിയമങ്ങള്‍ എഴുതുന്നവര്‍ ചരിത്രം സൃഷ്ടിക്കുന്നു. ദൃശ്യം അത്തരം ഒരു ചരിത്രമായിരുന്നു. കുടുംബത്തിന്‍റെ സ്നേഹത്തിലേക്കും സന്തോഷത്തിലേക്കും അശാന്തിയുടെ ഒരു തീപ്പൊരി വീണാല്‍ എന്ത് സംഭവിക്കും എന്ന അന്വേഷണം. ഇപ്പോള്‍ ‘പുതിയ നിയമം’ വന്നിരിക്കുന്നു. മറ്റൊരു ചരിത്ര വിജയം അവകാശപ്പെടാന്‍. ഇതും കുടുംബപ്രശ്നം തന്നെ. നമ്മളെ അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ച് കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ഉജ്ജ്വല സിനിമ.
 
വ്യത്യസ്തമായ സിനിമാ സങ്കല്‍പ്പങ്ങളുള്ള സംവിധായകനാണ് എ കെ സാജന്‍. സ്റ്റോപ്പ് വയലന്‍സ്, ലങ്ക, അസുരവിത്ത് എന്നിവയാണ് സാജന്‍ സംവിധാനം ചെയ്ത മുന്‍ സിനിമകള്‍. ഈ മൂന്ന് സിനിമകളും എന്നെ സംതൃപ്തിപ്പെടുത്തിയവ അല്ല. സ്റ്റോപ്പ് വയലന്‍സ് മാത്രമായിരുന്നു ഭേദം. അതുകൊണ്ടുതന്നെ, അത്രയൊന്നും പ്രതീക്ഷയില്ലാതെയാണ് പുതിയ നിയമം കാണാനായി തിയേറ്റര്‍ വാതില്‍ കടന്നത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു സാജന്‍. ക്ലൈമാക്സ് കണ്ട് തരിച്ചിരുന്നുപോയി!
 
അടുത്ത പേജില്‍ - മെമ്മറീസിനും ദൃശ്യത്തിനും ശേഷം...
കഥയുടെ മര്‍മ്മത്തിലേക്ക് വളരെ പതുക്കെപതുക്കെ കടക്കുകയും നമ്മെ വരിഞ്ഞുമുറുക്കുകയും ചെയ്യുന്ന ശൈലിയാണ് പുതിയ നിയമം പിന്തുടരുന്നത്. ഇത് ഒരു മമ്മൂട്ടിച്ചിത്രമാണ് എന്ന ബോധ്യത്തോടെ കാണാനിരുന്ന എന്നെ ഇതൊരു നയന്‍‌താരച്ചിത്രം കൂടിയാണെന്ന് സിനിമ പറയിപ്പിക്കുന്നു. അതേ, നയന്‍‌താരയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വാസുകി അയ്യര്‍.
 
ആദ്യ പകുതിയാണ് പ്രേക്ഷകന് അല്‍പ്പം റിലീഫ് കിട്ടുക. രണ്ടാം പകുതിയില്‍ എന്ത് സംഭവിക്കുമെന്നുള്ള ഓട്ടമാണ് മനസ്. എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍ എന്ന് പറയുന്നത് മെമ്മറീസിനും ദൃശ്യത്തിനും ശേഷം വീണ്ടും സംഭവിച്ചിരിക്കുന്നു. അവസാന 30 മിനിറ്റിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അസാധാരണ ക്ലൈമാക്സോടെ ഒന്നാന്തരം എന്‍ഡിംഗ്.
 
അടുത്ത പേജില്‍ - അങ്ങനെയിരിക്കെ അതാ വരുന്നു മമ്മൂട്ടി...!
ആദ്യപകുതിയില്‍ മമ്മൂട്ടി നിറഞ്ഞുനിന്നെങ്കില്‍ രണ്ടാം പകുതിയില്‍ നയന്‍‌താരയാണ് സ്കോര്‍ ചെയ്യുന്നത്. ആദ്യപകുതിയിലെ തമാശ രംഗങ്ങളിലൊക്കെ മമ്മൂട്ടി ഗംഭീരമായി. രണ്ടാം പകുതിയില്‍ മമ്മൂട്ടി ആരാധകര്‍ക്ക് നിരാശയുണ്ടാക്കിക്കൊണ്ട് നയന്‍സിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്. അങ്ങനെ നിരാശരായിരിക്കുന്ന മമ്മൂട്ടി ആരാധകരെ ആവേശത്തിന്‍റെ കൊടുമുടി കയറ്റിക്കൊണ്ട് ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം!
 
മമ്മൂട്ടിയും നയന്‍‌താരയും നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ ഷീലു ഏബ്രഹാം, രചന നാരായണന്‍‌കുട്ടി, എസ് എന്‍ സ്വാമി എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നയന്‍‌താരയുടെ പെര്‍ഫോമന്‍സിന് ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട് - നയന്‍സിന്‍റെ സ്വന്തം ശബ്ദമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
 
അടുത്ത പേജില്‍ - അവസാന അരമണിക്കൂറില്‍ സംഭവിക്കുന്നത്... !
ഗോപി സുന്ദറിന്‍റെ ബി ജി എം കഥയ്ക്ക് നല്ല പിരിമുറുക്കം സമ്മാനിക്കുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി വരുമ്പോഴൊക്കെ കാതടപ്പിക്കുന്ന സംഗീതം ആവര്‍ത്തിക്കുന്നത് അല്‍പ്പം അസഹ്യത ഉണ്ടാക്കുകയും ചെയ്യും. റോബി വര്‍ഗീസിന്‍റെ ഛായാഗ്രഹണം ഗംഭീരമാണ്. 
 
രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുതിയ നിയമം കുടുംബപ്രേക്ഷകരെയും ത്രില്ലര്‍ ഇഷ്ടപ്പെടുന്നവരെയും ആകര്‍ഷിക്കുമെന്നുറപ്പാണ്. ഈ വര്‍ഷം ലളിതമായ പ്രമേയമുള്ള സിനിമകള്‍ മാത്രം കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഗഹനമായ ഒരു വിഷയം ചര്‍ച്ച ചെയ്തുകൊണ്ട് ഒരു അടിപൊളി ത്രില്ലര്‍ എത്തിയിരിക്കുന്നത്. പുതിയ നിയമം ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പ്.
 
റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക