കൃഷ്‌ണ: കുടുംബ രാഷ്ട്രീയ സിനിമ !

PROPRO
സിനിമയിലൂടെ താരങ്ങള്‍ സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്‌ പഴയ കഥ. താര കുടുംബത്തിലെ കല്യാണ വിവാദവും , നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ക്ക്‌ വിശദീകരണവുമായി തെന്നിന്ത്യയില്‍ ആദ്യമായി പുറത്തിറങ്ങിയ സിനിമയുടെ മലയാള രൂപം , ‘കൃഷ്‌ണ’ കേരളത്തില്‍ റിലീസ്‌ ചെയ്‌തു.

മെഗാസ്റ്റാര്‍ ചിരഞ്‌ജീവിയുടെ അനന്തരവനും തെലുങ്കിലെ സൂപ്പര്‍ യുവനടനുമായ അല്ലു അര്‍ജുനന്‍റെ പുതിയ ചിത്രമായ ‘പുരുഗു’വിന്‍റെ മൊഴിമാറ്റമാണ്‌ ‘കൃഷ്‌ണ’. തൊട്ടതെല്ലാം പൊന്നാക്കി യുവതലമുറയുടെ ഹരമായ അല്ലു അര്‍ജുനനിലൂടെ ചിരഞ്‌ജീവി പറയാതെ പറയുന്നത്‌ തന്‍റെ മകളുടെ വിവാദമായ കല്യാണ ഒളിച്ചോട്ടത്തെ കുറിച്ചും അത്‌ പിതാവ്‌ എന്ന നിലയില്‍ തനിക്കുണ്ടാക്കിയ സ്വകാര്യ വേദനകളെ കുറിച്ചുമാണ്‌.

പ്രേമവും ഒളിച്ചോട്ടവും ഒക്കെ തങ്ങളെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക്‌ നല്‍കുന്ന നൊമ്പരം മക്കള്‍ തിരിച്ചറിയണമെന്ന സന്ദേശം യുവാക്കളില്‍ സ്വാധീനമുള്ള അനന്തരവന്‍ വഴി വ്യംഗ്യമായി അവതരിപ്പിക്കുകയാണ് ചിരഞ്‌ജീവി.

ആര്യ, ബണ്ണി, ഹാപ്പി, ദേശമുഡരു (മലയാളത്തില്‍ ഹീറോ) എന്നീ ചിത്രങ്ങളെ പോലെ ‘കൃഷ്‌ണ’യും വന്‍ വിജയത്തിലെത്തിക്കാന്‍ അല്ലു അര്‍ജ്ജുനന്‌ കഴിഞ്ഞു. ചിരഞ്‌ജീവിയുടെ മനോവേദനയല്ല അര്‍ജുന്‍റെ വിപണി മൂല്യം തന്നെയാണ്‌ ‘പരുഗു’വിനെ ‘കൃഷ്‌ണ’യാക്കി മലയാളത്തില്‍ അവതരിപ്പിക്കാന്‍ നിര്‍മാതാവ്‌ ഖാദര്‍ ഹസനെ പ്രേരിപ്പിച്ചത്‌.

കേരളത്തിലും തകര്‍ത്തോടിയ ‘സന്തോഷ് സണ്‍ ഓഫ് സുബ്രഹ്മണ്യം‘ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്‍റെ ആദ്യ തെലുങ്ക് രൂപമായ ‘ബൊമ്മാരിലു‘ ഒരുക്കിയ ഭാസ്കര്‍ ആണ് ‘കൃഷ്ണ‘ സംവിധാനം ചെയ്തിരിക്കുന്നത്.

നായകനായ കൃഷ്‌ണ(അല്ലു അര്‍ജുന്‍)യുടെ സഹായത്തോടെ ഗ്രാമത്തിലെ വന്‍ പണക്കാരനായ നീലകണ്‌ഠന്‍റെ (പ്രകാശ്‌ രാജ്‌) മകളുമായി (പൂനംബജ്‌ വി) വിവാഹത്തലേന്ന്‌ കാമുകന്‍ ഒളിച്ചോടുന്നു.

PROPRO
മകളെയും കാമുകനെയും കണ്ടെത്താനാവാത്ത അരിശത്തില്‍ നീലകണ്‌ഠന്‍ അവരുടെ സൂഹൃത്തുക്കളെ വീട്ടില്‍ തടവിലിടുന്നു. ഇവരില്‍ നിന്ന്‌ മകളേയും കാമുകനേയും കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്ന പ്രതീക്ഷയിലാണ്‌ നീലകണ്‌ഠന്‍. എന്നാല്‍ കൃഷ്‌ണ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറുള്ള തന്റേടിയാണ്‌. (അല്ലു അര്‍ജുന്‍റെ മറ്റെല്ലാ ചിത്രങ്ങളിലും ഉള്ളത്‌ പോലെ തന്‍റേടിയായ കഥാപാത്രം)

നീലകണ്‌ഠന്‍റെ രണ്ടാമത്തെ മകള്‍ മീന (ഷീല)യെ കൃഷ്‌ണ കാണുന്നു. ഇഷ്ടപ്പെടുന്നു. അവളാകട്ടെ ചേച്ചിയുടെ അനുഭവം ഭയന്ന്‌ ഒഴിഞ്ഞുമാറാന്‍ ‌ശ്രമിക്കുന്നു എങ്കിലും ഒടുവില്‍ പ്രേമത്തില്‍ വീഴുന്നു. മൂത്തമകളെ അന്വേഷിക്കാനുള്ള നീലകണ്‌ഠന്‍റെ യാത്രകളില്‍ ഒപ്പം ചെല്ലേണ്ടി വരുന്ന കൃഷ്‌ണക്ക്‌ മകളെ നഷ്ടപ്പെടുന്ന അച്ഛന്‍റെ വേദന അടുത്തറിയാനാകുന്നു.

ആദ്യപകുതിയില്‍ , എന്തു വന്നാലും കാമുകിയെ സ്വന്തമാക്കുമെന്ന്‌ ഉറപ്പിച്ചിരുന്ന ചോക്ലൈറ്റ്‌ ഹീറോയുടെ മനസ് , രണ്ടാം പകുതിയില്‍ ഇരുത്തം വന്ന കാരണവരുടേത്‌ പോലെ പാകമാകുന്നു. ക്ലൈമാക്‌സില്‍ ഒളിച്ചോടാന്‍ തയ്യാറായി വരുന്ന കാമുകിയെ തിരിച്ചയയ്‌ക്കുകയാണ്‌ കാമുകന്‍. ഒടുവില്‍ കൃഷ്‌ണയെ മനസിലാക്കുന്ന നീലകണ്‌ഠന്‍ മകളെ അവന്‌ വിവാഹം കഴിച്ചു കൊടുക്കുന്നു. പ്രേമംമൂത്ത്‌ ഇറങ്ങി ഓടുന്നവര്‍ മാതാപിതാക്കളുടെ മനസ്‌ കൂടി ഒന്ന്‌ കാണണം എന്ന ചിരഞ്‌ജീവിയുടെ വിലാപമാണ്‌ ചിത്രം പങ്കുവയ്‌ക്കുന്നത്‌.

ചിരഞ്‌ജീവിയുടെ 19കാരിയായ മകള്‍ ശ്രീജ കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ മകളെ കണ്ടെത്താനും തിരിച്ചു പിടിക്കാനും അദ്ദേഹവും സഹോദരനും നടനുമായ പവന്‍ കല്യാണും നടത്തിയ കോലാഹലങ്ങള്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു.

ഒരു പാട്‌ ചിത്രങ്ങളില്‍ ‘ലൗവര്‍ ബോയി’യായി വന്ന്‌ കാമുകീ ഹൃദയങ്ങള്‍ കവരുകയും ഒളിച്ചോടി ‘മാതൃക’ കാട്ടുകയും ചെയ്‌ത ചിരഞ്‌ജീവി സ്വന്തം കാര്യം വന്നപ്പോള്‍ പരമ്പരാഗത പിതാവായത്‌ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു.

PROPRO
അന്ന്‌‌ പറയാനാകാതെ പോയ പിതൃനൊമ്പരങ്ങളാണ്‌ ‘കൃഷ്‌ണ’യിലൂടെ ചിരഞ്‌ജീവി ആരാധകരോടും വിമര്‍ശകരോടും വിശദീകരിക്കുന്നത്‌. തന്നെ ധിക്കരിച്ച്‌ ഇറങ്ങി പോയ മകള്‍ക്കും പ്രകാശ്‌ രാജിന്‍റെ വേഷത്തിലൂടെ ചിരഞ്‌ജീവി ഉപദേശം നല്‌കുന്നു.

സിനിമയുടെ കുടുംബരാഷ്ട്രീയം മലയാളിക്ക്‌ അത്രമേല്‍ പരിചിതമല്ലെങ്കിലും കേരളീയ യുവതക്ക്‌ ഇഷ്ടപ്പെടുന്ന രീതിയിലാണ്‌ ‘കൃഷ്‌ണ’ ഒരുക്കിയിരിക്കുന്നത്‌. നായകന്‍റെ തനത്‌ ‘എനര്‍ജി’ ആദ്യാവസാനം ഉണ്ടെങ്കിലും സ്ഥിരം തെലുങ്ക്‌ അതിമാനുഷികതയും അതിഭാവുകത്വും ‘കൃഷ്ണ’യില്‍ ഇല്ലെന്നത്‌ ആശ്വാസകരമാണ്‌.

ഗാനചിത്രീകരണം പതിവ്‌ പോലെ മികച്ചതാണ്‌. മണിശര്‍മ്മയുടെ ഈണങ്ങള്‍ ചിത്രീകരിക്കാന്‍ ആലപ്പുഴ, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. പ്രകാശ്‌ രാജ്‌ പതിവ്‌ പോലെ മികച്ച പ്രകടനം കാഴ്‌ചവച്ചു. നായിക ഷീല ശരാശരി പ്രകടനമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌. സ്ഥിരം കൊമേഡിയന്‍ സുനില്‍ നായകന്‍റെ സുഹൃത്തായി ആദ്യാവസാനം നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നു.

ചിത്രത്തിന്‍റെ ആദ്യ പകുതി യുവാക്കളേയും അവസാന പകുതി മുതിര്‍ന്നവരേയും പിടിച്ചിരുത്തും. മൊഴിമാറ്റ ചിത്രമെന്ന പോരായ്‌മ തോന്നാത്തവിധം ഭംഗിയായ ഭാഷ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. സതീഷ്‌ മുതുകുളത്തിന്‍റെ സംഭാഷണവും ബിജുതുറവൂരിന്‍റെ ഗാനങ്ങളും മോശമല്ല.

മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ ‘ചിറകറ്റ പരുന്തുകളും’ യുവതാരങ്ങളുടെ ‘വണ്‍വേ ടിക്കറ്റുകളും’ നിറയുമ്പോള്‍ തെലുങ്ക്‌ പയ്യന്‍ അല്ലുഅര്‍ജ്ജുന്‍റെ ‘കൃഷ്‌ണ’ ശരാശരി മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.