ഉസ്താദ് ഹോട്ടല്‍ തുറന്നു. കേരളമെങ്ങും ചിത്രത്തിന് മികച്ച അഭിപ്രായം. ഒരു ഒന്നാന്തരം എന്‍റര്‍ടെയ്‌നര്‍ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അന്‍വര്‍ റഷീദിന്‍റെ ഏറ്റവും നല്ല ചിത്രം എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ദുല്‍ക്കര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ ഉദയത്തിനാണ് കേരളക്കര സാക്‍ഷ്യം വഹിക്കുന്നത്. ഒരു മമ്മൂട്ടിച്ചിത്രത്തിനോ മോഹന്‍ലാല്‍ ചിത്രത്തിനോ മാത്രം കാണാന്‍ കഴിയുന്ന ജനത്തിരക്കാണ് ചിത്രത്തിന് ആദ്യ ദിവസമുള്ളത്. എല്ലാ തിയേറ്ററുകളിലും ദുല്‍ക്കറിന്‍റെ വലിയ ഫ്ലക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്. തിയേറ്ററുകളില്‍ ചെണ്ടമേളം ഉള്‍പ്പടെയുള്ള റിലീസാഘോഷങ്ങള്‍ നടന്നു.
ദുല്‍ക്കറും തിലകനുമൊത്തുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇരുവരും തകര്‍പ്പന്‍ അഭിനയ മത്സരം തന്നെ നടത്തിയിരിക്കുന്നു.
കോഴിക്കോട് ബീച്ചില്‍ ‘ഉസ്താദ് ഹോട്ടല്‍’ നടത്തുന്ന കരീമിക്കയാണ് ഈ ചിത്രത്തില്‍ തിലകന്‍. കോഴിക്കോട്ടെ ഏറ്റവും മികച്ച ബിരിയാണി ഉണ്ടാക്കുന്നത് കരീമിക്കയാണ്. ആ കൈപുണ്യം പ്രശസ്തം. കരീമിക്കയുടെ ഉസ്താദ് ഹോട്ടലില്‍ രുചികരമായ ഭക്ഷണം കഴിക്കാനായി എന്നും തിരക്കാണ്. കരീമിക്കയ്ക്ക് ഒരു ചെറുമകനുണ്ട് - ഫൈസി(ദുല്‍ക്കര്‍ സല്‍മാന്‍). കരീമിക്കയുടെയും ഫൈസിയുടെയും ഹൃദയബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.
അടുത്ത പേജില്‍ - ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി’- തീയേറ്ററില്‍ ആഘോഷം
PRO
ചിത്രത്തിന്‍റെ ആദ്യപകുതി മനോഹരമാണ്. ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി’ എന്ന ഗാനത്തിന് എല്ലാ കേന്ദ്രങ്ങളിലും വലിയ വരവേല്‍പ്പാണ്. സ്ക്രീനിന് മുന്നില്‍ നൃത്തം വച്ച് പ്രേക്ഷകര്‍ ഗാനരംഗം ആഘോഷിക്കുകയാണ്.
ആദ്യപകുതിക്ക് ശേഷം കഥ അപ്രതീക്ഷിതമായി ഗതിമാറുകയാണ്. വളരെ നല്ല ഒരു ക്ലൈമാക്സ് കൂടിയായപ്പോള്‍ ഉസ്താദ് ഹോട്ടല്‍ സമീപകാലത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചത് എന്ന അഭിപ്രായമാണ് സ്വന്തമാക്കുന്നത്.
അഞ്ജലി മേനോന്‍റെ തിരക്കഥ ഗംഭീരമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മികച്ച സംഭാഷണങ്ങള്‍ ചിത്രത്തിന് മാറ്റുകൂട്ടുന്നു. അന്‍വര്‍ റഷീദിന്‍റെ സംവിധാനമികവില്‍ ചിത്രം സൂപ്പര്‍ ഹിറ്റായി മാറുമെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.