ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ഇത് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ, ലോകസിനിമയില്‍ പോലും അപൂര്‍വമായ കാര്യമാണ്. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരനാക്കിയ ‘സിബിഐ ഡയറിക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തിന്റെ തിരക്കഥ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.
മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ സിബിഐ ഓഫീസര്‍ സേതുരാമയ്യരെ വച്ച് കെ മധു-എസ് എന്‍ സ്വാമി ടീം തുടര്‍ച്ചയായി നാല് സിനിമകളാണ് എടുത്തത്. എസ് എന്‍ സ്വാമി രചനയും കെ മധു സംവിധാനവും നിര്‍വ്വഹിച്ച് 1988-ല്‍ ഇറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന കുറ്റാന്വേഷണ ചിത്രത്തിന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സി ബി ഐ എന്നീ തുടര്‍ ഭാഗങ്ങള്‍ വന്നിരുന്നു. സിബിഐ ഡയറിക്കുറിപ്പും അടുത്ത രണ്ട് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ നാലാംഭാഗമായ നേരറിയാന്‍ സിബിഐ എന്ന സിനിമ ശരാശരി ഹിറ്റ് മാത്രമായിരുന്നു.
അടിപിടിയോ തീപ്പൊരി സംഭാഷങ്ങളോ സെന്റിമെന്റ്സോ പാട്ടുകളോ ഒന്നും ഇല്ലാത്ത സിനിമകളായിരുന്നു സിബിഐ ചിത്രങ്ങള്‍. എന്നിട്ടും ചിത്രങ്ങളെല്ലാം വിജയിച്ചു. വളരെ ശാന്തനായി കേസന്വേഷണത്തിനെത്തുന്ന സേതുരാമയ്യര്‍ സ്ത്രീ പ്രേക്ഷകരെയാണ് ആദ്യം കീഴടക്കിയത്. ഈ സിനിമയ്ക്ക് ഇതുവരെ നാല് ഭാഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പരമ്പര ചിത്രങ്ങളുടെ ആവര്‍ത്തനവിരസത പ്രേക്ഷകരെ ബാധിക്കുന്നില്ല എന്ന് പറയേണ്ടിവരും. എല്ലാ ചിത്രത്തിന്റെയും ക്ലൈമാക്സില്‍ ഒരു രഹസ്യം ഒളിപ്പിച്ചുവച്ചാണ് സേതുരാമയ്യര്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്.