മോഹന്‍ലാല്‍, കുടുംബത്തിന് വേണ്ടി ജീവിക്കുന്ന നായകന്‍!

ചൊവ്വ, 29 ജനുവരി 2013 (17:10 IST)
PRO
മോഹന്‍ലാല്‍ സംവിധായകന്‍ ജീത്തു ജോസഫിന് ഡേറ്റ് നല്‍കി. ഈ വര്‍ഷം അവസാനത്തേക്കാണ് ഡേറ്റ്‍. ‘മൈ ഫാമിലി’ എന്ന് പേരിട്ട പ്രൊജക്ടില്‍ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

സ്വന്തം കുടുംബത്തിനായി മാത്രം ജീവിക്കുന്ന നായകനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. രണ്ട് നായികമാരുണ്ടാകും. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള നായികമാരെയാണ് ജീത്തു തിരക്കഥയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ജീത്തു ഇതുവരെ ചെയ്ത മൂന്ന് സിനിമകളും ഹിറ്റുകളാണ്. ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ്. ഇതില്‍ മൈ ബോസ് ആണ് ഏറ്റവും വലിയ ഹിറ്റ്. ജീത്തുവിന്‍റെ നരേഷന്‍ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നു എന്നാണ് വിവരം.

മോഹന്‍ലാല്‍ ഒട്ടേറെ കുടുംബചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി കുടുംബപ്രേക്ഷകര്‍ക്ക് മാത്രമായി ഒരു ലാല്‍ സിനിമ ഉണ്ടായിട്ടില്ല. ആ ഒഴിവിലേക്കാണ് ‘മൈ ഫാമിലി’ എത്തുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് മൈ ഫാമിലിയിലൂടെ കാണാനാകുമെന്ന് ജീത്തു ജോസഫ് ഉറപ്പ് നല്‍കുന്നു.

വാല്‍ക്കഷണം: ജീത്തു ജോസഫ് ഇപ്പോള്‍ ‘മെമ്മറീസ്’ എന്ന ത്രില്ലറിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലിയിലാണ്. പൃഥ്വിരാജ് നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒരു കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് മെമ്മറീസിന്‍റെ ഭാഗമാകുന്നത്.

വെബ്ദുനിയ വായിക്കുക