മോഹന്‍ലാലും ബ്ലെസിയും വരികയാണ്. ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രണയകഥയാണ് ബ്ലെസിയുടെ പുതിയ ചിത്രമായ ‘പ്രണയം’ പറയുന്നത്. മോഹന്‍ലാലും ജയപ്രദയും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളില്‍. ഈ മൂന്നുപേരുടെയും ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടായിരിക്കുമെന്ന് ബ്ലെസി പറഞ്ഞു.
“സിനിമ ഉണ്ടായ കാലം മുതല്‍ പ്രണയകഥകള്‍ ധാരാളമായി പലരും പറഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രണയകഥ എങ്ങനെ പറയാന്‍ കഴിയും എന്നാണ് ഞാന്‍ അന്വേഷിച്ചത്. ഈ പ്രണയകഥ ഇതിനുമുമ്പ് മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ്. ഞാന്‍ അത്ഭുതപ്പെട്ട ഒരു കാര്യം, ‘പ്രണയം’ എന്ന മനോഹരമായ പേര് ഇതുവരെ ആരും മലയാള സിനിമയില്‍ ഉപയോഗിച്ചില്ല എന്നതാണ്. തിരക്കഥ എഴുതാനിരിക്കും മുമ്പ് ‘പ്രണയം’ എന്ന പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ഞാന്‍ ചെയ്തത്” - ബ്ലെസി വ്യക്തമാക്കി.
മോഹന്‍ലാലിന്‍റെ ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പ് ആയിരിക്കും പ്രണയത്തിന്‍റെ മുഖ്യ ആകര്‍ഷണം. നരച്ച്, കഷണ്ടി കയറിയ രൂപത്തിലാണ് ചിത്രത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പ്രൊഫസര്‍ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
“ഞാന്‍ 420 സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വന്നപ്പോള്‍ തിരക്കഥ വായിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. ഫന്‍റാസ്റ്റിക്കായിട്ടുള്ള തിരക്കഥയാണ് ബ്ലെസിയുടേത്. മനോഹരമായ സിനിമകള്‍ ഉണ്ടാകുന്ന മലയാള സിനിമയില്‍ വീണ്ടും എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം” - അനുപം ഖേര്‍ പറഞ്ഞു.
“മലയാള സിനിമയില്‍ മികച്ച ടൈറ്റിലുകള്‍ ഇടുന്ന ഒട്ടേറെ സംവിധായകരുണ്ട്. പത്മരാജന്‍ മുതല്‍ ലാല്‍ ജോസ്, രഞ്ജിത് തുടങ്ങി ഒട്ടേറെ പേര്‍. പക്ഷേ ‘പ്രണയം’ എന്ന ലളിതവും സ്ട്രെയിറ്റുമായ ഒരു പേര് ഇതുവരെ ആരും ഇട്ടിട്ടില്ല. ആ പേര് ഇത്രകാലം എവിടെ മൂടിക്കിടന്നു എന്നും ഇപ്പോള്‍ എങ്ങനെ കണ്ടെത്തി എന്നും ചില സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ‘ഇത് ഒരു ബ്ലെസി ചിത്രമാണ്’ എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്” - ഈ സിനിമയില്‍ അഭിനയിക്കുന്ന നടന്‍ അനൂപ് മേനോന്‍ പറഞ്ഞു.
തന്‍മാത്ര, ഭ്രമരം എന്നീ സിനിമകള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘പ്രണയം’. ഒ എന്‍ വിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍. നവാഗതനായ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. തന്‍മാത്രയും ഭ്രമരവും ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമകളായിരുന്നു. ആ ജനുസിലേക്ക് പ്രണയവും ചേര്‍ക്കാനാണ് ബ്ലെസിയും മോഹന്‍ലാലും ഒത്തുകൂടുന്നത്.
പ്രണയത്തില്‍ മോഹന്‍ലാല്‍ 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണെന്ന അഭ്യൂഹം ശക്തമാണ്. ഓണത്തിന് ചിത്രം റിലീസ് ചെയ്യും. പ്രണയത്തിന് എതിരാളിയായി കിംഗ് ആന്‍റ് കമ്മീഷണര്‍ എത്തില്ല എന്ന വാര്‍ത്ത മമ്മൂട്ടി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.