മമ്മൂട്ടിച്ചിത്രം പുതിയ നിയമമല്ല, ചിത്രം ആക്ഷനുമല്ല, ഒരു പക്കാ കുടുംബചിത്രം!

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (19:43 IST)
എ കെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ പേര് സംബന്ധിച്ച് അവ്യക്തത ഇപ്പോഴും നിലനില്‍ക്കുകയാന്. ‘സോളമന്‍റെ കൂടാരം’ എന്ന് പേരിട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ‘പുതിയ നിയമം’ എന്ന് മാറ്റിയെന്ന് പിന്നീട് വാര്‍ത്ത വന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
 
ഔദ്യോഗികമായി തങ്ങള്‍ അറിയിച്ച പേരുകളല്ല മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് എ കെ സാജനും പറയുന്നു. പേരിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിക്കുന്നു.
 
എ കെ സാജനും മമ്മൂട്ടിയും ഒരുമിക്കുന്നു എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഇതൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും ധാരാളം സംഘട്ടന രംഗങ്ങള്‍ ഉണ്ടായിരിക്കുമെന്നുമുള്ള മുന്‍‌വിധി പ്രേക്ഷകര്‍ക്കുണ്ടാകും. എന്നാല്‍ അങ്ങനെയുള്ള മുന്‍‌വിധികളെയെല്ലാം തകര്‍ത്തെറിയുന്ന പ്രൊജക്ടായിരിക്കും ഈ സിനിമയെന്നാണ് സംവിധായകന്‍ പറയുന്നത്.
 
“ഇതൊരു ഫാമിലി സിനിമയാണ്. ആക്ഷന് യാതൊരു സാധ്യതയുമില്ലാത്ത സബ്‌ജക്ട്. കഥയേക്കാള്‍ കഥാപാത്രങ്ങള്‍ ഇടപെടുന്ന സോഷ്യല്‍ എലമെന്‍റ്സിനാണ് പ്രാധാന്യം. ആകെ എട്ടോ ഒന്‍‌പതോ കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ” - എ കെ സാജന്‍ വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. 
 
നയന്‍‌താരയാണ് ഈ സിനിമയിലെ നായിക. രണ്ടുവര്‍ഷം കൂടുമ്പോള്‍ മാത്രം ഒരു മലയാളചിത്രം എന്ന് തീരുമാനിച്ചിരുന്ന നയന്‍‌താര ഈ കഥ കേട്ടതോടെ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരക്കഥാകൃത്ത് എസ് എന്‍ സ്വമി ഈ സിനിമയില്‍ മോഹന്‍‌സ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

വെബ്ദുനിയ വായിക്കുക