മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മത്സരം ദിലീപും ജയറാമും തമ്മില്‍ !

ശനി, 29 സെപ്‌റ്റംബര്‍ 2012 (15:18 IST)
PRO
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന് പേരിട്ടു. ചിത്രത്തില്‍ ഒരു കമ്മത്ത് മമ്മൂട്ടി തന്നെ. അടുത്ത കമ്മത്ത് ആരായിരിക്കും? അതാണ് ഇപ്പോള്‍ സിനിമാലോകത്ത് ഒരു ചര്‍ച്ചാവിഷയം.

‘കാര്യസ്ഥന്‍’ സംവിധാനം ചെയ്ത തോംസണ്‍ ഒരുക്കുന്ന പുതിയ സിനിമയാണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’. മെഗാഹിറ്റുകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസുമാണ് തിരക്കഥ. മമ്മൂട്ടിക്കൊപ്പം അടുത്ത കമ്മത്താവാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത് ദിലീപിനെയാണ്.

എന്നാല്‍ ദിലീപിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ദിലീപിന് പകരം ജയറാമിനെ കൊണ്ടുവരാമെന്നാണ് ടീം ഇപ്പോള്‍ ആലോചിക്കുന്നത്.

2013 തുടക്കത്തിലാണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ ചിത്രീകരണം ആരംഭിക്കുന്നത്. ആ സമയത്ത് ദിലീപിന് ചില മേജര്‍ സിനിമകള്‍ കരാറായിട്ടുണ്ട്. അതിനിടയില്‍ ഈ സിനിമ വരുന്നതാണ് പ്രശ്നമായത്.

എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ദിലീപ് ഒരിക്കലും പാഴാക്കാറില്ല. സൈന്യം, കളിയൂഞ്ഞാല്‍, രാക്ഷസ രാജാവ്, മേഘം തുടങ്ങിയ സിനിമകള്‍ മമ്മൂട്ടി - ദിലീപ് കോമ്പിനേഷന്‍റെ രസം അനുഭവിപ്പിച്ചവയാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ദിലീപ് പരമാവധി ശ്രമിക്കും.

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ ജയറാമിനും താല്‍പ്പര്യമാണ്. അര്‍ത്ഥം, ധ്രുവം, കനല്‍ക്കാറ്റ് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി - ജയറാം ടീം പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ ആകാനുള്ള ശ്രമങ്ങള്‍ ജയറാമും ആരംഭിച്ചതായാണ് സൂചന.

വാല്‍ക്കഷണം: മമ്മൂട്ടിക്കൊപ്പം ദിലീപും ജയറാം ഒരു സിനിമയില്‍ ഒന്നിച്ചിട്ടുണ്ട്. അത് ജോഷി സംവിധാനം ചെയ്ത ട്വന്‍റി20യിലാണ്. ആ സിനിമയില്‍ ജയറാമും ദിലീപും ഒന്നിച്ചുള്ള രംഗങ്ങള്‍ തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക