ഇതിനെല്ലാം മറുപടിയുമായി ഇപ്പോള്‍ രമേശ് നാരായണന് എത്തിയിരിക്കുകയാണ്. “സംഗീതപ്രേമികളായ എത്രയോ മലയാളികള്‍ ശാരദാംബരം ഏറ്റുപാടി. ചങ്ങമ്പുഴയുടേതാണ് അതിന്റെ പദസമ്പത്ത്. ഇപ്പോള്‍ സിനിമയുടെ സംവിധായകന് ആര് എസ് വിമല്‍ പറയുന്നത് ആ പാട്ടുണ്ടാക്കിയത് താനാണെന്നാണ്. അങ്ങനെ പറയാന്‍ വിമലിന് പാട്ടിനെക്കുറിച്ച് അത്ര വലിയ താളബോധമുണ്ടോ? എങ്കില്‍ വിമല്‍ പറയട്ടെ, ആ പാട്ട് ഏത് രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണെന്ന്” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രമേശ് നാരായണന് ചോദിക്കുന്നു.
“പ്രിയമുള്ളവളേ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഞാന്‍ ഈ ചിത്രത്തിനായി ചിട്ടപ്പെടുത്തിയിരുന്നു. ആ പാട്ട് ഞാന്‍ അയച്ചുകൊടുത്തിട്ട് അത് കേട്ടതിന് ശേഷം വിമല്‍ എന്നെ വിളിച്ചിട്ടുപറഞ്ഞു - ‘വളരെ ഹൃദയസ്പര്‍ശിയായ ഒരു പാട്ടാണ് രമേശ്ജി അത്. ആ പാട്ട് കേട്ടിട്ട് എന്റെ ഭാര്യ ഇവിടെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. അത്രമാത്രം ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒരു പാട്ടാണത്’. അതും പിന്നീട് ഒഴിവാക്കി. ദാസേട്ടന്റെ പാട്ടും ഒഴിവാക്കി. ഈ പാട്ടുകള്‍ ഒഴിവാക്കേണ്ടിവരുമെന്ന് വിമലിന് എന്നോട് ഒരുവാക്ക് പറയാമായിരുന്നു. അതൊരു സാമാന്യ മര്യാദയും കൂടിയായിരുന്നു” - രമേശ് നാരായണന് പറയുന്നു.