ബാഹുബലിയ്ക്ക് അവാർഡ് നൽകിയത് തെറ്റെന്ന് അടൂർ; അടൂരിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

ഞായര്‍, 1 ജനുവരി 2017 (11:14 IST)
സിനിമയെക്കുറിച്ച് യാതോരു ധാരണയുമില്ലാത്ത ആളുകൾ മികച്ച സിനിമാ സൃഷ്ടിക‌ളുടെ അപേക്ഷകൾ തള്ളിക്കളയുന്നുവെന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ നിലപാടിന് പിന്തുണയുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ല. അടൂരിന്റെ നിർദേശങ്ങളെ വിലമതിയ്ക്കുകയും അത് പരിഗണിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
 
ദേശീയ പുരസ്‌കാരം നിര്‍ണയിക്കുന്ന ജൂറിയില്‍ യോഗ്യതയുളളവരെ നിയമിക്കണമെന്ന് അടൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജൂറിയുടെ തെരഞ്ഞെടുപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും നിലവാരമുളള സിനിമകള്‍ക്ക് മാത്രമേ പുരസ്‌കാരം നല്‍കാവു എന്ന് വ്യക്തമാക്കിയും അടൂര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിനെതുടർന്നാണ് കേന്ദ്രമന്ത്രി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
 
ബാഹുബലിക്ക് മികച്ച സിനിമയ്ക്കുളള അവാര്‍ഡ് നല്‍കിയത് വഴി തെറ്റായ സന്ദേശമാണ് ജൂറി നല്‍കിയതെന്നും അടൂര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ജൂറി തെരഞ്ഞെടുപ്പെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. ഇന്ത്യന്‍ പനോരമയിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ജൂറി പരാജയപ്പെടുന്നുണ്ടെന്നും അടൂർ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക