വോയിസ് ഓഫ് വോയിസ്ലെസ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. സമകാലീക വിഷയങ്ങളിൽ തന്റേതായ ശൈലിയിൽ വരികളിലൂടെ വേടൻ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജാതിവിവേചനത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെ കുറിച്ചും തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാൻ വേടൻ മടികാണിക്കാറില്ല. അടുത്തിടെ ഒരു സ്റ്റേജ് പരിപാടിയിൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വേടൻ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
സിനിമ ചെയ്തതിന് ഇഡി വരുന്ന കാലഘട്ടമാണിതെന്നും പുതു തലമുറയിൽ മാത്രമേ ഇനി വിശ്വാസം ഉള്ളൂവെന്നും വേടൻ പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള കുട്ടികളായി സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു വളരാനും വേടൻ പുതുതലമുറയിലുള്ളവരോട് കൂട്ടിച്ചേർത്തു. കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണെന്നും കാര്യങ്ങൾ അറുബോറാണെന്നും വേടൻ പറയുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.
'സിനിമ ചെയ്തതിനൊക്കെ ഇ ഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിൽ ആകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളു. കോളേജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ. കാരണം നിങ്ങൾ മാത്രമേ ഉള്ളൂ ഇനി. കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാർത്തകൾ എല്ലാം വായിക്കുന്നില്ലേ. അറുബോറായിട്ടാണ് കാര്യങ്ങൾ പോകുന്നത്. നിങ്ങളിൽ മാത്രമേ ഹോപ്പ് ഉള്ളൂ,' വേടൻ പറഞ്ഞു.