'മോനേ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ മരിച്ചുപോയേനെ; ആ വാക്കുകള്‍ നല്‍കിയ സംതൃപ്തി വളരെ വലുതാണ്'

വ്യാഴം, 23 ഓഗസ്റ്റ് 2018 (12:22 IST)
കേരളത്തിലെ പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളും മറ്റുമായി നിറസാന്നിധ്യമായിരുന്നു നടൻ ടോവിനോ. ഇരിങ്ങാലക്കുടയില്‍ വീടിനടുത്തുള്ള ക്യാംപിലേക്കെത്തിയ താരം അരിച്ചാക്ക് ചുമന്നും ഗ്യാസ് സിലിണ്ടറെത്തിച്ചും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമൊക്കെയായി മുന്‍നിരയിലുണ്ടായിരുന്നു. മിനിറ്റുകൾക്കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായത്.
 
ജീവന്‍ പോലും പണയം വെച്ചാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അവര്‍ക്ക് നല്‍കാത്ത ക്രെഡിറ്റൊന്നും തനിക്ക് ആവശ്യമില്ലെന്ന് താരം തുറന്നുപറഞ്ഞിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതിനിടയിൽ ഉണ്ടായിരുന്നു. എന്നാൽ താരം അതിനെല്ലാം തുറന്ന മറുപടികളും നൽകിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ടൊവിനോ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. 
 
'മഴ ശക്തമായി തുടരുന്നതിനിടയിലാണ് ഇങ്ങനെ ഇരുന്നാല്‍ മതിയോ, എന്തെങ്കിലും ചെയ്യേണ്ടെയെന്ന് സുഹൃത്തിനോട് ചോദിച്ചത്. നമ്മുടെ സമീപത്തുള്ള പ്രദേശങ്ങളിലുള്ളവരെല്ലാം മഴക്കെടുതിയില്‍പ്പെടുമ്പോള്‍ എങ്ങനെ ആശ്വാസത്തോടെയിരിക്കാന്‍ പറ്റുമെന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത്.' ആ ചോദ്യത്തിന് ശേഷമാണ് താരം വീട് വിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനങ്ങളിൽ പങ്കളിയായത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വരാമെന്നും കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂവെന്നും ഫേസ്ബുക്കില്‍ താരം കുറിച്ച പോസ്‌റ്റും മിനിറ്റുകൾക് കൊണ്ട് വൈറലായിരുന്നു.
 
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പല വീടുകളിലും ചെന്നും. ചിലരൊന്നും വരാൻ കൂട്ടാക്കിയിരുന്നില്ല. മുകൾ നിലയിലും ടെറസിലുമൊക്കെയായി കഴിയാം എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ വെള്ളം കൂടുന്നതിനനുസരിച്ച് അവരിലേക്ക് എത്താനുള്ള മാര്‍ഗവും അടയുമെന്ന് പറഞ്ഞ് മനസ്സിലാക്കിയാണ് പലരെയും പുറത്തിറക്കിയത്. ചിലരെയൊക്കെ ഞെട്ടിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെയാണ് ഇറക്കിയത്. മോനേ ക്ഷമിക്കണം, നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനെയെന്നായിരുന്നു അവരിലൊരാള്‍ പറഞ്ഞത്. ആ വാക്കുകള്‍ നല്‍കിയ സംതൃപ്തി വളരെ വലുതാണെന്നും ഒരുപാട് വിലപ്പെട്ടതാണെന്നും താരം പറയുന്നു. വീടുകളില്‍ നിന്ന് നിരവധി പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. 
 
മറ്റൊരു നേട്ടവും മുന്നി‌ക്കണ്ടുകൊണ്ടല്ല താൻ ഈ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഈ അവസ്ഥയിൽ നിൽക്കുന്നവർ തങ്ങളുടെ സിനിമ കാണാനായി ഇപ്പൊ തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. ഇതെല്ലാം ചെയ്‌തത് മനുഷ്യത്വത്തിന്റെ പേരിൽ മാത്രമാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍