'മുകേഷിന്റെ മുഖത്ത് നോക്കി ഞാന്‍ തെറി വിളിച്ചു, സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല; ആ സിനിമയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കി പകരം സിദ്ധിഖ് വന്നു'

ബുധന്‍, 13 ഏപ്രില്‍ 2022 (11:32 IST)
സഹനടന്‍, ഹാസ്യനടന്‍, നായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ അഭിനേതാവാണ് മുകേഷ്. വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് താരം സജീവമാണ്. 1990 ല്‍ തുളസീദാസ് സംവിധാനം ചെയ്ത കൗതുകവാര്‍ത്തകള്‍ എന്ന സിനിമ മുകേഷിന്റെ കരിയറില്‍ ഏറെ നിര്‍ണായകമായിരുന്നു. കൗതുകവാര്‍ത്തകള്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ നിരവധി സിനിമകളില്‍ മുകേഷിന് അവസരം ലഭിച്ചു. കൗതുകവാര്‍ത്തകള്‍ക്ക് പിന്നാലെ മുകേഷിനെ നായകനാക്കി മറ്റൊരു സിനിമ ചെയ്യാനും തുളസീദാസ് തീരുമാനിച്ചിരുന്നു. മിമിക്‌സ് പരേഡ് ആയിരുന്നു സിനിമ. ഈ സിനിമയില്‍ നിന്ന് പിന്നീട് മുകേഷിനെ ഒഴിവാക്കി പകരം സിദ്ധിഖിനെ നായകനാക്കുകയായിരുന്നു. അതിന്റെ കാരണം തുളസീദാസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
കൗതുകവാര്‍ത്തകള്‍ക്ക് ശേഷം മിമിക്‌സ് പരേഡ് ചെയ്യാമെന്ന് മുകേഷുമായി ധാരണയിലായി. കൗതുകവാര്‍ത്തകളിലെ പ്രതിഫലമല്ല ഇപ്പോള്‍ തന്റേതെന്ന് മുകേഷ് പറഞ്ഞു. അതിനു ഞാന്‍ പ്രതിഫലം ചോദിച്ചില്ലല്ലോ മുകേഷേ എന്ന് പറഞ്ഞു. മിമിക്‌സ് പരേഡിനായി അഡ്വാന്‍സ് വാങ്ങിക്കാമെന്ന് മുകേഷ് സമ്മതിച്ചിരുന്നു. പക്ഷേ, അന്ന് മുകേഷ് പറഞ്ഞ ഒരു കാര്യം തന്നെ ഏറെ വേദനിപ്പിച്ചെന്ന് തുളസീദാസ് പറയുന്നു. 
 
അഡ്വാന്‍സ് ഒക്കെ ഞാന്‍ വാങ്ങിക്കാം. പക്ഷേ, സിദ്ദിഖ് ലാല്‍ ഒരു സിനിമ ചെയ്യാന്‍ പ്ലാനുണ്ട്. അവര്‍ വിളിച്ചാല്‍ ഞാന്‍ പോകും. അതുപോലെ സത്യന്‍ അന്തിക്കാട് സിനിമയുമുണ്ട്. ഇത് കേട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നെന്ന് തുളസീദാസ് പറയുന്നു. എന്റെ നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങിയിട്ട് മറ്റൊരു സംവിധായകന്‍ വിളിച്ചാല്‍ ഇത് നിര്‍ത്തി പോകുമെന്നാണ് അന്ന് മുകേഷ് പറഞ്ഞതിന്റെ അര്‍ത്ഥം. കൗതുകവാര്‍ത്തകള്‍ കാരണമാണ് മുകേഷിന് ഈ അവസരങ്ങളൊക്കെ വന്നത്. എന്നിട്ടും ഒരു എത്തിക്‌സ് ഇല്ലാത്ത സംസാരമാണ് മുകേഷ് തന്നോട് പറഞ്ഞതെന്ന് തുളസീദാസ് പറയുന്നു. 
 
അവിടെവച്ച് തന്നെ മുകേഷിനെ തെറി വിളിച്ചു. മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് വിളിക്കുകയാണ് ചെയ്തത്. മുകേഷിന്റെ ഭാര്യ സരിത അവിടെ നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. അവിടെ നിന്ന് ഇറങ്ങിപ്പോയി. മുകേഷിന് പകരം പിന്നീട് സിദ്ധിഖിനെ നായകനാക്കിയാണ് മിമിക്‌സ് പരേഡ് ചെയ്തതെന്നും തുളസീദാസ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍