നയൻതാരയോട് മാത്രം എന്തിന് ഇത്ര വെറുപ്പ്? പ്രിയപ്പെട്ടവരെ അവർ എക്കാലവും സംരക്ഷിക്കും: ഷക്കീല

നിഹാരിക കെ.എസ്

വെള്ളി, 18 ഏപ്രില്‍ 2025 (15:36 IST)
അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത് മുതൽ ഏറെ സൈബർ ആക്രമണവും പരിഹാസങ്ങളും കേട്ട് വളർന്ന ആളാണ് ഷക്കീല. മുൻവിധിയോട് കൂടി മാത്രമാണ് സമൂഹം അവരെ എക്കാലവും നോക്കിയിട്ടുള്ളത്. ഏത് സാഹചര്യത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ ഷക്കീലയുള്ള യാതൊരു മടിയുമില്ല. സമകാലിക വിഷയങ്ങളിൽ പോലും പ്രതികരിക്കാറുള്ള ഷക്കീല തമിഴ് സിനിമയിലെ മുൻനിര നായികമാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
 
നയൻതാരയെ മാത്രം കടന്നാക്രമിക്കുന്നതിനെതിരെയും ഷക്കീല പ്രതികരിച്ചു. എന്തുകൊണ്ടാണ് നയൻതാരയോട് ആളുകൾക്ക് ഇത്രത്തോളം വെറുപ്പെന്ന് മനസിലാകുന്നില്ലെന്നും താൻ മനസിലാക്കിയ ഇടത്തോളം നിരുപദ്രവകാരിയാണ് നടിയെന്നും തന്നെ ചുറ്റിപറ്റി നിൽക്കുന്നവരെ എക്കാലവും സംരക്ഷിക്കുന്ന വ്യക്തിത്വമാണ് നയൻസിന്റേതെന്നും തമിഴ് മൂവി വേൾ‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷക്കീല പറയുന്നു. ധനുഷ്-നയൻതാര ശീതയുദ്ധം ആരംഭിച്ചശേഷമാണ് നയൻതാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശന പോസ്റ്റുകളും ഉയർന്നു വന്നത്.
 
'ഇരുവരും തമ്മിൽ‌ നാനും റൗഡി താൻ സിനിമയുമായി ബന്ധപ്പെട്ട നിയമയുദ്ധം ഇപ്പോഴും കോടതിയിൽ നടക്കുകയാണ്. നയൻതാരയോട് എന്തിനാണ് എല്ലാവർക്കും ദേഷ്യമെന്ന് എനിക്ക് മനസിലാകുന്നില്ല. നിങ്ങളിൽ‌ ആർക്കെങ്കിലും നയൻതാരയപ്പോലെ രണ്ട് കുഞ്ഞുങ്ങളെ സറോ​ഗേറ്റ് ചെയ്ത് നല്ല ജീവിതം കൊടുക്കാൻ സാധിച്ചോ?. അതിനുള്ള കഴിവുണ്ടോ?. പ്രസവിക്കാൻ കഴിവില്ലെങ്കിൽ കു‍ഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. 
 
നയൻതാര അവരുടെ ശരീര ഭം​ഗി നിലനിർത്തുന്നുണ്ടെങ്കിൽ അതിന് വേണ്ടി ഭക്ഷണത്തിൽ അടക്കം നിയന്ത്രണം വരുത്തി ഒരുപാട് അധ്വാനിക്കുന്നുണ്ട്. തനിക്ക് ലഭിച്ച രണ്ട് കുഞ്ഞുങ്ങളേയും നന്നായി തന്നെയാണ് നയൻതാര നോക്കുന്നത്. നയൻതാരയെ പലരും കുറ്റപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ വീഡിയോകളും മറ്റും സോഷ്യൽ‌മീഡിയയിൽ പങ്കുവെക്കുന്നതിനാണ്. നയൻതാര മാത്രമല്ല ഭൂരിഭാ​ഗം സെലിബ്രിറ്റികളും അവരുടെ കുഞ്ഞുങ്ങളുടെ വീഡിയോകൾ സോഷ്യൽമീഡിയയിലും യുട്യൂബിലും പങ്കിടുന്നവരാണ്. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതും കൊഞ്ചിക്കുന്നതും പരിപാലിക്കുന്നതുമായ വീഡിയോകൾ യുട്യൂബ് ചാനലിൽ ഇടാറില്ലേ?.
 
പിന്നെ എന്തിനാണ് നയൻതാര ചെയ്യുമ്പോൾ മാത്രം അതൊരു പാപമായി കണക്കാക്കുന്നത്. നയൻതാര ലേഡി സൂപ്പർ സ്റ്റാറെന്ന് അറിയപ്പെട്ടാൽ എന്താണ് കുഴപ്പം?. നയൻതാര മാത്രമല്ല പോയസ് ​ഗാർഡനിൽ ധനുഷും രജനി സാറുമെല്ലാം വീട് വാങ്ങിയിട്ടുണ്ട്. പലരും ആ ഏരിയയിൽ വീട് വാങ്ങിയിട്ടുണ്ട്. പക്ഷെ നയൻതാര വാങ്ങുമ്പോൾ മാത്രം അതൊരു വലിയ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. 
 
അതുപോലെ മൂക്കുത്തി അമ്മൻ സിനിമയുടെ പൂജ ചടങ്ങിൽ വെച്ച് നയൻതാര മീനയെ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിച്ചതായി തോന്നിയില്ല. നയൻതാരയും മനുഷ്യനല്ലേ. ചിലപ്പോൾ മനസിൽ എന്തെങ്കിലും ചിന്തിക്കുകയായിരുന്നിരിക്കും. അവരുടെ പ്രശ്നങ്ങൾ നമുക്ക് അറിയില്ലല്ലോ. അവിടെ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് പോലും മനസിലാക്കാൻ ശ്രമിക്കാതെയാണ് ആളുകൾ നയൻതാര-മീന പ്രശ്നം എന്നൊക്കെയുള്ള രീത‍ിയിൽ വീഡിയോ യുട്യൂബിലിടുന്നത്. 
 
ജാതക പ്രകാരം ചിലപ്പോൾ നയൻതാരയ്ക്ക് ഇപ്പോൾ നല്ല സമയം ആയിരിക്കില്ല. അതുകൊണ്ടാകും എല്ലാവരും അവർക്ക് എതിരെ തിരിയുന്നത്. നയൻതാരയുടെ പേഴ്സണൽ കാര്യങ്ങൾ ഒരുപാട് എനിക്കും അറിവുള്ളതാണ്. പക്ഷെ ഞാൻ അതിലേക്കൊന്നും ആഴമായി പോകുന്നില്ല.
 
അവർക്ക് ചുറ്റുമുള്ളവരെ എല്ലാം നയൻതാര നന്നായി തന്നെയാണ് പരിപാലിക്കുന്നത്. അമ്മായിയമ്മയെ എങ്ങനെയാണ് നയൻതാര ട്രീറ്റ് ചെയ്യുന്നതെന്നും എനിക്ക് അറിയാം. അവർ നന്നായി ജീവിക്കുന്നത് കാണുമ്പോൾ എന്ത് പ്രശ്നമാണ് നിങ്ങൾക്കൊക്കെ വരുന്നത്. ഒരാൾ പറയുന്നത് പോലെ മറ്റൊരാൾ ജീവിക്കണം എന്നൊന്നുമില്ലല്ലോ', ഷക്കീല ചോദിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍