തീപ്പൊരി ഡയലോഗുമായി ഭരത് ചന്ദ്രൻ വീണ്ടുമെത്തുന്നു!

തിങ്കള്‍, 24 ഏപ്രില്‍ 2017 (10:00 IST)
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സുരേഷ് ഗോപി കഥാപാത്രങ്ങളിലൊന്നാണ് ഭരത് ചന്ദ്രന്‍. മൂന്ന് സിനിമകളിലൂടെ മലയാളികളുടെ ഏറ്റവും വലിയ ആവേശമായി നില്‍ക്കുന്ന കഥാപാത്രമാണ് ഭരത് ചന്ദ്രന്‍ ഐ പി എസ്. ഈ മൂന്ന് ചിത്രങ്ങളില്‍ അവസാനത്തേത് മാത്രമാണ് പ്രേക്ഷക പ്രതീക്ഷ തകര്‍ത്തത്. കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ്, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നീ സിനിമകളിലാണ് ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി മിന്നിത്തിളങ്ങിയത്. ഇപ്പോഴിതാ, ഭരത് ചന്ദ്രൻ വീണ്ടുമെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
 
കമ്മീഷണറെന്ന ഷാജി കൈലാസ് ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാവാന്‍ നിരവധി കാരണങ്ങളുണ്ട്. ചടുതലയാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ആവേശമുയര്‍ത്തുന്ന തീപ്പൊരി ഡയലോഗുകളും ചേര്‍ന്ന ചിത്രത്തിലെ സംഭാഷണ ശകലങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. സമൂഹത്തിലെ അനീതിക്കതിരെ പ്രതികരിക്കുന്ന, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുമുള്ള ഭരത് ചന്ദ്രന്‍ പ്രേക്ഷക മനസ്സ് കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഹിറ്റ് സിനിമകളുടെ തമ്പുരാക്കന്‍മാരായ രണ്‍ജി പണിക്കര്‍ - ഷാജി കൈലാസ് ടീമിനോടൊപ്പം സരേഷ് ഗോപിയും അടുത്ത ചിത്രത്തിനായ് കൈകോർക്കുന്നു.
 
നീണ്ട ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി പോലീസ് വേഷത്തില്‍ വീണ്ടുമെത്തുന്നത്. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ചുവടുവെച്ച താരമിപ്പോള്‍ തിരക്കിലാണ്. ജനസേവനത്തിനൊപ്പം തന്നെ സിനിമയെക്കൂടി കൊണ്ടു പോകാവുന്ന രീതിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
രണ്‍ജി പണിക്കര്‍ എഴുതിയ പൊലീസ് കഥാപാത്രങ്ങളില്‍ ഏറ്റവും ചൂടനും അഗ്രസീവുമായ പൊലീസുകാരന്‍ ഭരത്ചന്ദ്രന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ വീണ്ടും ഒരു പൊലീസ് കഥ ആലോചിക്കുമ്പോള്‍ ഭരത്ചന്ദ്രന് മുകളില്‍ നില്‍ക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പ്രേക്ഷകര്‍ അതെങ്ങനെ സ്വീകരിക്കും എന്നറിയില്ല.
 
എന്തായാലും ഭരത്ചന്ദ്രനെ വീണ്ടും അവതരിപ്പിച്ചാല്‍ അത് തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സുരേഷ്ഗോപിക്ക് മലയാളത്തില്‍ വമ്പന്‍ തിരിച്ചുവരവിനും കളമൊരുക്കും ആ പ്രൊജക്ട്.
ലിബർട്ടി ബഷീറാണ് ചിത്രം നിർമിക്കുന്നത്. ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് നിര്‍മ്മാതാവ് തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക