Shwetha Menon: ശ്വേതയ്‌ക്കെതിരായ പരാതിക്കു പിന്നില്‍ പ്രമുഖ നടന്‍? ലക്ഷ്യം സംഘടനാ തിരഞ്ഞെടുപ്പ് !

രേണുക വേണു

വ്യാഴം, 7 ഓഗസ്റ്റ് 2025 (11:02 IST)
Shwetha Menon

Shwetha Menon: നടി ശ്വേത മോനോനെതിരായ പരാതിക്കു പിന്നില്‍ താരസംഘടനയായ 'അമ്മ'യില്‍ അംഗമായ പ്രമുഖ നടനെന്ന് സൂചന. ശ്വേത സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ വേണ്ടിയാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയെ കൊണ്ട് ഈ നടന്‍ പരാതി കൊടുപ്പിച്ചതെന്നാണ് വിവരം. 
 
സംഘടനാ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കുന്നുണ്ട്. ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതോടെ ശ്വേതയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു താരം നടന്‍ ദേവനാണ്. 
 
താരസംഘടനയില്‍ പ്രബലനായ ഒരു നടന്‍ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടിരുന്നു. ചില കാരണങ്ങളാല്‍ ഈ നടനു മത്സരിക്കാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്നാണ് ശ്വേതയ്‌ക്കെതിരെ ഇയാള്‍ കരുക്കള്‍ നീക്കിയതെന്ന് സിനിമ മേഖലയിലുള്ളവര്‍ തന്നെ സംശയിക്കുന്നു. തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് ശ്വേത ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
ശ്വേത മേനോന്‍ സിനിമയിലും, പരസ്യങ്ങളിലും അല്ലാതെയും അറപ്പുളവാക്കുന്ന വിധത്തില്‍ നഗ്‌നതയോടെ അശ്ലീല രംഗങ്ങളില്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയ വഴിയും പോണ്‍ സൈറ്റുകള്‍ വഴിയും പബ്ലിഷ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. സെക്സ് സിനിമ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം ചെയ്തു വരുന്നതായും അശ്ലീല രംഗങ്ങള്‍ കാണിച്ച് സെക്സ് മാര്‍ക്കറ്റ് ചെയ്യുകയാണെന്നും ആരോപണമുണ്ട്. 
 
'കാമസൂത്ര' പരസ്യത്തില്‍ ഒരു പുരുഷനൊപ്പം ശ്വേത അഭിനയിച്ചിട്ടുണ്ട്. കൂടാതെ രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് സിനിമകളില്‍ അശ്ലീല രംഗങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ശ്വേതയുടെ ഇത്തരം വീഡിയോ, ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നത് ഈ സമൂഹത്തെ നശിപ്പിക്കുമെന്നും ഇത്തരം രംഗങ്ങളില്‍ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 
 
പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സിനിമകള്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയറ്ററുകളിലെത്തിയതാണ്. ഇവയ്ക്കെല്ലാം അന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം ഉറപ്പുനല്‍കുന്ന രീതിയില്‍ ആണ് ഈ സിനിമകളിലെല്ലാം ശ്വേത ഇത്തരം രംഗങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ തള്ളിപ്പോകാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍