ന്യൂസ് പേപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മേനാച്ചേരിയാണ് ശ്വേതയ്ക്കെതിരെ പരാതിയുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ 3, 4 വകുപ്പുകള്‍, ഐടി നിയമത്തിലെ 67 (എ) വകുപ്പ് എന്നിവ ചേര്‍ത്താണ് നടിക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.
ശ്വേത മേനോന്‍ സിനിമയിലും, പരസ്യങ്ങളിലും അല്ലാതെയും അറപ്പുളവാക്കുന്ന വിധത്തില്‍ നഗ്നതയോടെ അശ്ലീല രംഗങ്ങളില്‍ അഭിനയിച്ച് സോഷ്യല്‍ മീഡിയ വഴിയും പോണ്‍ സൈറ്റുകള്‍ വഴിയും പബ്ലിഷ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. സെക്‌സ് സിനിമ നടിയാണെന്ന കുപ്രസിദ്ധി ദുരുപയോഗം ചെയ്ത് കച്ചവടം ചെയ്തു വരുന്നതായും അശ്ലീല രംഗങ്ങള്‍ കാണിച്ച് സെക്‌സ് മാര്‍ക്കറ്റ് ചെയ്യുകയാണെന്നും ആരോപണമുണ്ട്.
'കാമസൂത്ര' പരസ്യത്തില്‍ ഒരു പുരുഷനൊപ്പം ശ്വേത അഭിനയിച്ചിട്ടുണ്ട്. കൂടാതെ രതിനിര്‍വേദം, പാലേരിമാണിക്യം, കളിമണ്ണ് സിനിമകളില്‍ അശ്ലീല രംഗങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ടെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ശ്വേതയുടെ ഇത്തരം വീഡിയോ, ചിത്രങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നത് ഈ സമൂഹത്തെ നശിപ്പിക്കുമെന്നും ഇത്തരം രംഗങ്ങളില്‍ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന സിനിമകള്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിയറ്ററുകളിലെത്തിയതാണ്. ഇവയ്‌ക്കെല്ലാം അന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ നിയമം ഉറപ്പുനല്‍കുന്ന രീതിയില്‍ ആണ് ഈ സിനിമകളിലെല്ലാം ശ്വേത ഇത്തരം രംഗങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ തള്ളിപ്പോകാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.