'തന്റെ കഥാപാത്രം ഇത്രയും തീവ്രമാക്കിയത് മമ്മൂട്ടി സാറാണ്': മനസ്സുതുറന്ന് സാധന

ബുധന്‍, 28 നവം‌ബര്‍ 2018 (10:50 IST)
തങ്കമീന്‍കളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് സാധന. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ ഈ പതിനാറുകാരി ഇപ്പോൾ പേരൻപിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് ഒന്നൂടെ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്.
 
'പാപ്പ' എന്ന തന്റെ കഥാപാത്രം സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം തനിക്കൊപ്പം സ്‌ക്രീനിലെത്തിയ മമ്മൂട്ടിയാണെന്ന്‌ സാധന പറയുന്നു. ഗോവ ഐഎഫ്‌എഫ്‌ഐ വേദിയില്‍ നിന്ന് സാധന ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
'പേരൻപിൽ അവസരം ലഭിച്ചപ്പോൾ ആദ്യം ഭയമായിരുന്നെന്നും അതിന് കാരണം മമ്മൂട്ടി എന്ന അഭിനേതാവായിരുന്നു എന്നും സാധന പറയുന്നു. അദ്ദേഹത്തിനൊപ്പം സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നില്‍ക്കേണ്ട, പെര്‍ഫോം ചെയ്യേണ്ട കഥാപാത്രമായതുകൊണ്ടുതന്നെ ആ നടന്റെ റേഞ്ചിനൊത്ത് നിൽക്കാനാകുമോ എന്ന ഭയമായിരുന്നു കൂടുതൽ.
 
എന്നാൽ ആ ഭയം റാം അങ്കിളും മമ്മൂട്ടി സാറുമൊക്കെ മനസ്സിലാക്കി പിന്നീട് ഭയം മാറ്റിവെച്ച് കഥാപാത്രത്തിലേക്കെത്താൻ സഹായിച്ചത് ഇവർ രണ്ടുപേരും തന്നെയാണ്. പിന്നെ ചിത്രീകരണസമയത്ത്‌ ലൊക്കേഷനിലെ മുഴുവന്‍ ആളുകളും നല്ല രീതിയിൽ തന്നെ പിന്തുണച്ചു. ചിത്രീകരണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ മമ്മൂട്ടി സാര്‍ വിലപ്പെട്ട ഒരുപാട്‌ ഉപദേശങ്ങള്‍ നല്‍കി'- സാധന പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍