‘നീ വെറും പെണ്ണ്‘- കൊട്ടക നിറഞ്ഞ കൈയ്യടികൾക്ക് വേണ്ടിയായിരുന്നു, ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് രഞ്ജി പണിക്കര്‍
വ്യാഴം, 5 ജൂലൈ 2018 (14:20 IST)
സിനിമയിൽ താനെഴുതിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കായും സംഭാഷണങ്ങള്‍ എഴുതേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
കിങിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനായി അത്തരം ഡയലോഗ് എഴുതുമ്പോള്‍ കൈയടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
തീയേറ്ററിനുള്ളില്‍ ഒരു ആള്‍ക്കൂട്ടത്തിലിരുന്ന് ഈ സിനിമ കാണുന്ന സ്ത്രീക്ക് താന്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നുവെങ്കില്‍ അത് എന്റെ തെറ്റ് തന്നെയാണ്. എന്നാല്‍ അക്കാര്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. അതുകൂടാതെ ധാരാളം ജാതീയമായ പരാമര്‍ശങ്ങളും ഞാനെഴുതിയ സംഭാഷണങ്ങളില്‍ കടന്നുവന്നിട്ടുണ്ട്.
ചെമ്മാന്‍, ചെരുപ്പുകുത്തി, അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ കടന്നുവന്നിട്ടുണ്ട്. അത് ആളുകളെ വേദനിപ്പിക്കും എന്ന് പിന്നീടാണ് മനസിലായത്. പിന്നെ അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും രൺജി പണിക്കർ പറയുന്നു.