അർഹിക്കുന്ന പ്രതിഫലം ചോദിച്ചു, 3 വർഷമായി മലയാള സിനിമയിൽ സജീവമല്ല: തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

വ്യാഴം, 5 ജൂലൈ 2018 (10:19 IST)
ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് നടി രമ്യ നമ്പീശൻ. ദിലീപിനെ പുറത്താക്കിയപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിനും ഇപ്പോഴുള്ള സാഹചര്യത്തിനും മാറ്റമില്ലാത്തപ്പോൾ അദ്ദേഹത്തെ തിരിച്ചെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് രമ്യ നമ്പീശൻ പോയന്റ് ബ്ലാങ്കിൽ വ്യക്തമാക്കി.
 
അമ്മയിൽ നിന്ന് രാജിവെച്ചത് ആ സംഘടനയെ പിളർത്താൻ വേണ്ടിയല്ല. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്ന വസ്‌തുത മറക്കുന്നുമില്ല. എന്നാല്‍ അതിനുള്ളില്‍ നടക്കുന്ന പല പാട്രിയാര്‍ക്കല്‍, ഫ്യൂഡല്‍ നടപടികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. നമ്മള്‍ കൂടി ഭാഗമായ സംഘടനക്ക് തെറ്റു പറ്റുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു സംഘടന എന്ന നിലയില്‍ ‘അമ്മ’യെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജിവച്ചതെന്നും രമ്യാ നമ്പീശന്‍ വ്യക്തമാക്കി.
 
രമ്യയുടെ വാക്കുകൾ:
 
3 വർഷമായി മലയാള സിനിമയിൽ ഞാൻ സജീവമല്ല. എനിക്ക് അർഹമായ പ്രതിഫലം ചോദിച്ചത് കൊണ്ടാണ് സിനിമകൾ നഷ്ടമായത്. തിരക്കഥ വായിച്ച് കേൾക്കണമെന്ന് ആവശ്യപ്പെടുന്നതും ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്. എല്ലാവരോടും നമ്മുടെ പ്രതിഷേധങ്ങൾ അടക്കിപ്പിടിച്ച് നടന്നാൽ നമ്മൾ നല്ല കുട്ടിയാണെന്ന് പരക്കെ പറയും. പക്ഷേ, എന്തിനെങ്കിലും നമ്മൾ ‘ നോ’ പറഞ്ഞാൽ നമ്മൾ ചീത്തക്കുട്ടിയായി മാറും.
 
നോ പറയേണ്ടിടത്ത് നോ പറഞ്ഞത് കൊണ്ടാണ് എനിക്ക് അവസരങ്ങൾ നഷ്ടമായത്. നായിക എന്നു പറയുമ്പോൾ ഇന്ന ആള് തന്നെ വേണം എന്ന നിർബന്ധം ഇവിടെ ഇല്ല. അതുകൊണ്ട് നീ ഇല്ലെങ്കിൽ എനിക്ക് വേറെ ആളുണ്ട് എന്നാണ് അവരുടെ ചിന്ത. ഇവിടുത്തെ നായകന്മാർ ചോദിക്കുന്നതിന്റെ പകുതിയുടെ പകുതി പോലും നമ്മൾ ചോദിക്കുന്നില്ല. എങ്കിലും ഞാൻ മലയാള സിനിമകൾ ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍