മലയാള സിനിമയിൽ വിവിധ മേഖലകളിൽ കൈവച്ച താരമാണ് പൃഥ്വിരാജ്. എന്നാൽ ഇനി 3 മാസത്തേക്ക് പൂര്‍ണമായും സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകുയാണ് എന്നാണ് താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്ന വിവരം അറിയിച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:-
അയ്യപ്പനും കോശിയിലെയും തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയായെന്നും ലൊക്കേഷനില്‍ നിന്നും തിരികെയുള്ള യാത്രയില്‍ കഴിഞ്ഞ 20 വര്‍ഷം താന്‍ ഇതേവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ തനിക്കായി കാത്തിരിക്കുന്നുവെന്ന് തിരിച്ചറിയുകയാണെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇനി അടുത്ത മൂന്ന് മാസത്തേക്ക് താൻ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. ബ്രേക്ക്.. എന്നാൽ രാവിലെ എഴുന്നേറ്റ ശേഷം മനസ്സിനെ ഒരുക്കി അന്നത്തെ ഷൂട്ടിനായി ഇറങ്ങിത്തിരിക്കുക എന്നത് ഉണ്ടാകില്ലെന്നതാണ്. പക്ഷേ ഈ മൂന്ന് മാസം തന്‍റെ സ്വപ്‌ന സിനിമയായ ആടുജീവിതത്തിനുള്ള ഒരു ഒരുക്കം കൂടിയായിരിക്കും എന്നും താരം കുറിച്ചിട്ടുണ്ട്.
ഇങ്ങനെ സിനിമ ഇല്ലാത്ത മൂന്ന് മാസം തന്നെ സംബന്ധിച്ചിടത്തോളം വിദൂരത്തുള്ള മങ്ങിയ ഒരു ഓര്‍മ്മയാണ്. ഈ ഒരു ബ്രേക്ക് എടുക്കുമ്പോള്‍ താന്‍ സന്തോഷവാനാണോ അതോ ചെറുതായിട്ട് ഭയപ്പെട്ടിരിക്കുവാണോ എന്നൊന്നും വ്യക്തമല്ലെന്നും പക്ഷേ രണ്ട് സ്ത്രീകള്‍ ഇക്കാര്യത്തില്‍ വളരെ സന്തോഷവതികളാണെന്നും താരം കുറിപ്പിൽ പറയുന്നു. ഇത് എഴുതുന്ന സമയം അവര്‍ വീട്ടില്‍ തനിക്കായിയുള്ള കാത്തിരിപ്പിലാണ്.
പക്ഷേ താൻ എത്തിച്ചേരും മുമ്പ് അവരില്‍ ഒരാള്‍ ഉറങ്ങിയിട്ടുണ്ടാകും. പക്ഷേ നാളെ ഞായറാഴ്ച ആയതിനാല്‍ അമ്മ അവളെ ഉറങ്ങാതെ ഇരുത്തുമെന്ന പ്രതീക്ഷയുമുണ്ട്. അടുത്ത് തന്നെ തങ്ങളുടെ രണ്ടാമത്തെ നിര്‍മാണ സംരംഭമായ ഡ്രൈവിംഗ് ലൈസന്‍സ് നിങ്ങളിലേക്ക് എത്തും. തനിക്ക് ഏറെ ഇഷ്ടപ്പെട്ട തിരക്കഥകളില്‍ ഒന്നാണ് ഇത്. കൂടാതെ ഈ ചിത്രം തനിക്കും തന്‍റെ കമ്പനിക്കും ഏറെ സ്‌പെഷ്യലാണെന്നും 20ന് ഏവരേയും തീയേറ്ററുകളിൽ കാണാമെന്നും താരം കുറിച്ചിട്ടുണ്ട്.