Empuraan: ഒടുവില്‍ മലയാള സിനിമാ പ്രേമികള്‍ക്കു ആശ്വാസമായി എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജിന്റെ അപ്‌ഡേറ്റ്. 16 ദിവസങ്ങള്‍ക്കു ശേഷമാണ് പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എമ്പുരാനെ കുറിച്ച് ഒരു അപ്‌ഡേറ്റ് നടത്തുന്നത്. ' ചെകുത്താന്‍ എല്ലാക്കാലത്തും പ്രയോഗിക്കുന്ന തന്ത്രം..താന്‍ നിലനില്‍ക്കുന്നില്ലെന്ന് ഈ ലോകത്തെ ബോധ്യപ്പെടുത്തുകയാണ്!' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് എമ്പുരാനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
അതിപുരാതനമെന്ന് തോന്നിപ്പിക്കുന്ന ഒരു പള്ളിക്കു മുന്നില്‍ മോഹന്‍ലാലിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രം നില്‍ക്കുന്നതാണ് പോസ്റ്റില്‍ കാണാന്‍ സാധിക്കുക. ' എല്ലാറ്റിനും മുകളില്‍ നില്‍ക്കുന്ന നിങ്ങളുടെ സമയത്ത്...ജാഗ്രതയോടെ ഇരിക്കുക ! അപ്പോഴാണ്...ചെകുത്താന്‍ നിങ്ങള്‍ക്കായി അവതരിക്കുന്നത്' എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍.
എമ്പുരാന്‍ റിലീസുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും ഇതോടെ നീങ്ങിയിരിക്കുകയാണ്. റിലീസ് നീളുമോ എന്ന ഭയം മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ റിലീസായി എമ്പുരാന്‍ എത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രചരണ പരിപാടികള്‍ ഇല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഫെബ്രുവരി 26 നാണ് സംവിധായകന്‍ പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ എമ്പുരാന്റെ അവസാന അപ്‌ഡേറ്റ് എത്തിയത്. അതിനുശേഷം കാര്യമായ പോസ്റ്ററുകളോ പ്രൊമോഷന്‍ പരിപാടികളോ നടന്നിട്ടില്ല.
നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് റിലീസ് പ്രതിസന്ധിക്കു കാരണം. എമ്പുരാന്‍ പ്രൊജക്ടില്‍ നിന്ന് പൂര്‍ണമായി പിന്മാറാന്‍ ലൈക്ക ആഗ്രഹിക്കുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിര്‍മാണ പങ്കാളിത്തം വേണ്ടെന്നു വയ്ക്കണമെങ്കില്‍ ഭീമമായ നഷ്ടപരിഹാരമാണ് ലൈക്ക ആവശ്യപ്പെട്ടതെന്നും അത് നല്‍കാന്‍ ആശിര്‍വാദ് സിനിമാസ് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലൈക്കയും ആശിര്‍വാദ് സിനിമാസും തമ്മില്‍ അന്തിമഘട്ട ചര്‍ച്ച നടക്കുകയാണ്. നിര്‍മാണ പങ്കാളികളായി ലൈക്ക തുടരുമെന്ന് തന്നെയാണ് സൂചന.
The greatest trick the DEVIL ever pulled..was convincing the world he doesnt exist! pic.twitter.com/2DM1HduBWU
— Prithviraj Sukumaran (@PrithviOfficial) March 14, 2025
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആണ് എമ്പുരാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 27 നു ചിത്രം വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാരിയര്‍, അഭിമന്യു സിങ്, ജെറോം ഫ്‌ളയ്ന്‍, കിഷോര്‍ കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഫാസില്‍, സായ്കുമാര്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് എമ്പുരാനില്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.