ആദ്യ ദിനം തന്നെ മുതല്‍‌മുടക്ക് തിരിച്ചുപിടിച്ച് പേരന്‍‌പ് ! അഭിനയത്തിലെ മാജിക്ക് ബോക്സോഫീസിലും കാഴ്ചവച്ച് മമ്മൂട്ടി!

ശനി, 2 ഫെബ്രുവരി 2019 (15:47 IST)
മഹാനടന്‍റെ മഹാപ്രകടനത്തിന് സാക്‍ഷ്യം വഹിക്കാന്‍ ഏവരും ‘പേരന്‍‌പ്’ കാണുന്ന തിരക്കിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ പെര്‍ഫോമന്‍സ് സാധ്യമായ സിനിമ ബോക്സോഫീസിലും മിന്നിത്തിളങ്ങുന്നതാണ് കാണാനാകുന്നത്. ആദ്യദിനത്തില്‍ തന്നെ വിസ്മയകരമായ കളക്ഷന്‍ സ്വന്തമാക്കിയാണ് ഈ ഇമോഷണല്‍ സാഗ കുതിക്കുന്നത്.
 
പേരന്‍‌പിന്‍റെ ബജറ്റ് ഏഴുകോടി രൂപയാണ്. പി എല്‍ തേനപ്പനാണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാണവേളയില്‍ തന്നെ സംവിധായകന്‍ റാം ഒരു കാര്യം നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. പടം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ചിത്രം തിയേറ്ററുകളിലെത്തിക്കൂ എന്നതായിരുന്നു അത്.
 
ഒരു നിര്‍മ്മാതാവും അനുവദിച്ചുകൊടുക്കാത്ത ഒരു കാര്യമാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണമെന്ന് റാം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ തേനപ്പന്‍ സമ്മതിക്കാന്‍ തയ്യാറായി.
 
ലോകത്തെ വലിയ വലിയ ഫെസ്റ്റിവലുകളിലേക്ക് പേരന്‍‌പ് എത്തിക്കാനാണ് റാം ഒരു വര്‍ഷം ആവശ്യപ്പെട്ടത്. റാമിന്‍റെ ആ തീരുമാനം ചിത്രത്തിന് ഉണ്ടാക്കിയ ഗുണം ചെറുതൊന്നുമല്ല. അനവധി രാജ്യാന്തര ഫെസ്റ്റിവലുകളില്‍ പേരന്‍‌പ് പ്രദര്‍ശിപ്പിച്ചു. മിക്കയിടങ്ങളിലും പുരസ്കാരങ്ങള്‍ നേടി. ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ളവരെല്ലാം ഒരേ സ്വരത്തില്‍ അംഗീകരിച്ചത് മമ്മൂട്ടി എന്ന വിസ്മയതാരത്തിന്‍റെ അഭിനയപാടവമാണ്. 
 
ഫെസ്റ്റിവലുകളില്‍ വലിയ വിജയമായതോടെ ചിത്രം തിയേറ്ററുകളിലും റിലീസിനൊരുങ്ങുകയായിരുന്നു. ഫെസ്റ്റിവലുകളിലെ നേട്ടങ്ങള്‍ മൌത്ത് പബ്ലിസിറ്റിയായി മാറിയതോടെ ഈ വര്‍ഷം ഏവരും കാത്തിരുന്ന റിലീസായി പേരന്‍പ് മാറി. ഒരു സംവിധായകന്‍റെ ദീര്‍ഘവീക്ഷണമാണ് ഇവിടെ വിജയം കണ്ടത്.
 
റിലീസായി ആദ്യദിനം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച പേരന്‍‌പ് കേരളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു. കേരളത്തില്‍ മമ്മൂട്ടിയുടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്നതിനേക്കാള്‍ വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാ തിയേറ്ററുകളിലും എല്ലാ ഷോയും ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുകഴിഞ്ഞു.
 
എന്നാല്‍ കേരളത്തിലേതിന് സമാനമായ ഒരു സ്വീകരണം തമിഴ്നാട്ടില്‍ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. ചിത്രം മികച്ചതാണെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ടെങ്കിലും മറ്റ് വലിയ ചിത്രങ്ങളുടെ സാന്നിധ്യമാണ് തമിഴ്നാട്ടില്‍ ജനക്കൂട്ടത്തിന്‍റെ തള്ളിക്കയറ്റമുണ്ടാകാതിരിക്കാനുള്ള കാരണം.
 
പൊങ്കല്‍ റിലീസുകളായ പേട്ടയും വിശ്വാസവും തമിഴ്നാട്ടില്‍ ഇപ്പോഴും തകര്‍ത്തോടുകയാണ്. മാത്രമല്ല, പേരന്‍‌പിനൊപ്പം തന്നെ വന്താ രാജാവാ താന്‍ വരുവേന്‍, സര്‍വ്വം താളമയം എന്നീ രണ്ട് വലിയ തമിഴ്ചിത്രങ്ങള്‍ കൂടി റിലീസായിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പേരന്‍‌പിന് അത് അര്‍ഹിക്കുന്ന രീതിയിലുള്ള ഒരു സ്വീകരണം ആദ്യദിനങ്ങളില്‍ ലഭിക്കുന്നില്ല.
 
എന്നാല്‍ വരും ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ ഈ സിനിമ തരംഗമായി മാറുമെന്നാണ് തിയേറ്ററുടമകള്‍ പറയുന്നത്. ഒരു വെയ്റ്റിംഗ് പിരീഡ് ഇത്തരം ചിത്രങ്ങള്‍ക്ക് ആവശ്യമാണ്. അത് അനുവദിച്ചാല്‍ തമിഴകത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി മാറാനുള്ള സാധ്യതയാണ് പേരന്‍‌പിനുള്ളത്. 
 
കിളിപ്പേച്ച് കേള്‍ക്കവാ, അഴകന്‍, മറുമലര്‍ച്ചി, ആനന്ദം, മക്കള്‍ ആട്‌ചി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ വലിയ ഹിറ്റായപ്പോള്‍ അതിനൊക്കെ മികച്ച കഥയുടെ പിന്‍‌ബലമുണ്ടായിരുന്നു. പേരന്‍‌പിന്‍റെ കരുത്തും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ആര്‍ദ്രതയുമുള്ള ഒരു കഥയുടെ സാന്നിധ്യമാണ്. മലയാളികള്‍ ഏറ്റെടുത്തതുപോലെ തമിഴ് ജനതയും പേരന്‍‌പിനെ മനസിനോട് ചേര്‍ത്തുവയ്ക്കുമെന്നതില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍