Abraham Ozler: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'എബ്രഹാം ഓസ്‌ലര്‍' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്‌തെന്നാണ് വിവരം. പ്രേക്ഷകരുടെ തിരക്ക് കാരണം 150 ലേറെ പുതിയ സ്‌ക്രീനുകളില്‍ കൂടി ചിത്രം ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ഓസ്‌ലര്‍ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായ അബ്രഹാം ഓസ്‌ലറിന്റെ കുടുംബത്തിനു എന്ത് സംഭവിച്ചു എന്ന് ചിത്രത്തില്‍ കാണിക്കുന്നില്ല. ഭാര്യയും മകളും അടങ്ങുന്ന ഓസ്‌ലറിന്റെ കുടുംബം കാണിച്ചാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ഭാര്യയും മകളും അപകടത്തില്‍പ്പെടുന്നു. ഇവര്‍ക്ക് എന്ത് സംഭവിച്ചെന്ന് ഓസ്‌ലറിന് ഇപ്പോഴും അറിയില്ല. ഓസ്‌ലറിന്റെ ഭാര്യക്കും മകള്‍ക്കും എന്ത് സംഭവിച്ചു എന്നതിന്റെ സൂചന അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു അവസാനം സിനിമയില്‍ കാണിച്ചതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്തായാലും ഓസ്‌ലറിലെ പല സംശയങ്ങള്‍ക്കും ഉള്ള മറുപടി രണ്ടാം ഭാഗത്തിലായിരിക്കും ലഭിക്കുകയെന്ന് ആരാധകര്‍ കരുതുന്നു.