'ഈ സിനിമയില്‍ അഭിനയിച്ചതിന് നിങ്ങള്‍ പൈസ വാങ്ങരുത്'; മമ്മൂട്ടിയോട് സുല്‍ഫത്ത്, മുകേഷും ശ്രീനിവാസനും കുറേ നിര്‍ബന്ധിച്ചു, മമ്മൂട്ടി കേട്ടില്ല
2007 ല്‍ എം.മോഹനന്‍ സംവിധാനം ചെയ്ത സിനിമയാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍, മമ്മൂട്ടി, മീന, മുകേഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. ശ്രീനിവാസന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ. മുകേഷും ശ്രീനിവാസനും ചേര്‍ന്ന് സിനിമ നിര്‍മിച്ചു. തിയറ്ററുകളില്‍ 'കഥ പറയുമ്പോള്‍' ഇത്ര വലിയ സൂപ്പര്‍ഹിറ്റാകുമെന്ന് നിര്‍മാതാക്കളായ ശ്രീനിവാസനും മുകേഷും കരുതിയിരുന്നില്ല.
ഈ സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല. ഒടുവില്‍ എത്ര നിര്‍ബന്ധിച്ചിട്ടാണെങ്കിലും മമ്മൂട്ടിയുടെ കൈയില്‍ പ്രതിഫലം നല്‍കിയേ മതിയാകൂ എന്ന് മുകേഷും ശ്രീനിവാസനും തീരുമാനിച്ചു. മമ്മൂട്ടി പിണങ്ങിയാലും കുഴപ്പമില്ല നിര്‍ബന്ധമായും പണം കൈയില്‍ ഏല്‍പ്പിക്കണമെന്ന് ശ്രീനിവാസന്‍ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു സിനിമയുടെ ഡബ്ബിങ് നടക്കുന്ന സമയത്ത് മമ്മൂട്ടിയെ കാണാന്‍ മുകേഷും ശ്രീനിവാസനും കൂടി സ്റ്റുഡിയോയില്‍ എത്തി. ഡബ്ബിങ് കഴിഞ്ഞ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ അടുത്ത് പോയി മുകേഷും ശ്രീനിവാസനും കഥ പറയുമ്പോള്‍ സിനിമയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം നീട്ടി. എന്നാല്‍, മമ്മൂട്ടി സ്വീകരിച്ചില്ല. മമ്മൂക്ക ഈ പ്രതിഫലം വാങ്ങിയില്ലെങ്കില്‍ തങ്ങള്‍ക്ക് ഒരു മനസമാധാനവുമുണ്ടാകില്ലെന്ന് മുകേഷും ശ്രീനിവാസനും പറഞ്ഞു. പ്രതിഫലം വേണ്ട എന്ന് മമ്മൂട്ടി ആവര്‍ത്തിച്ചു.
എന്തുകൊണ്ടാണ് പ്രതിഫലം വേണ്ടെന്നു പറയുന്നതെന്ന് മുകേഷ് മമ്മൂട്ടിയോട് ചോദിച്ചു. ഭാര്യ സുല്‍ഫത്ത് പറഞ്ഞിട്ടാണ് താന്‍ പ്രതിഫലം വാങ്ങാത്തതെന്ന് മമ്മൂട്ടി ഇവരോട് പറഞ്ഞു. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ അശോക് രാജ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ പേര് അശോക് രാജ് എന്നാണെങ്കിലും യഥാര്‍ഥത്തില്‍ അത് മമ്മൂട്ടി തന്നെയാണെന്ന് സുല്‍ഫത്ത് പറയുകയായിരുന്നു. സൗഹൃദങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടി എന്തും ചെയ്യുമെന്ന് മലയാളികള്‍ക്ക് അറിയാം. അതുകൊണ്ട് ഇത്ര നല്ലൊരു സിനിമയില്‍ അഭിനയിച്ചതിനു നിങ്ങള്‍ പ്രതിഫലം വാങ്ങരുതെന്ന് സുല്‍ഫത്ത് മമ്മൂട്ടിയോട് പറഞ്ഞിരുന്നു. പ്രതിഫലം വാങ്ങിയാല്‍ പിന്നെ സുല്‍ഫത്തിനെ ഫേസ് ചെയ്യാന്‍ പറ്റില്ലല്ലോ എന്നാണ് മമ്മൂട്ടി മുകേഷിനോടും ശ്രീനിവാസനോടും ചോദിച്ചത്. ഇതുകേട്ടപ്പോള്‍ പിന്നെ പ്രതിഫലം വാങ്ങണമെന്ന് പറഞ്ഞ് മമ്മൂട്ടിയെ തങ്ങള്‍ നിര്‍ബന്ധിച്ചില്ലെന്നും മുകേഷ് പറഞ്ഞു. എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല ഇതെന്നും മമ്മൂക്കയുടെ ക്വാളിറ്റിയാണ് അതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.