എട്ടിന്റെ പണി എന്ന് പറയുന്നത് ഇതാണ്, ലിബർട്ടി ബഷീർ ഇനിയെന്തു ചെയ്യും? ദിലീപിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും!

ബുധന്‍, 18 ജനുവരി 2017 (10:23 IST)
ഏറെ ചർച്ചകൾക്കും തീരുമാനങ്ങ‌ൾക്കുമൊടുവിലാണ് സിനിമാ മേഖലയിലെ പ്രതിസന്ധികൾ ഒന്ന് അയഞ്ഞത്. ക്ലൈമാക്സ് കഴിഞ്ഞെങ്കിലും സിനിമ അവസാനിച്ചിട്ടില്ല എന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. അനിശ്ചിതകാലം നീണ്ടു നിന്ന തിയേറ്റര്‍ സമരത്തിന് ഒടുവില്‍ ദിലീപ് ഇടപെട്ട് പരിഹാരം കണ്ടിരുന്നു. അങ്ങനെ ജനുവരി 19 മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാം എന്ന നിലയിലെത്തി.
 
എന്നാൽ, ഇപ്പോൾ പണികിട്ടിയിരിക്കുന്നത് ലിബർട്ടി ബഷീറിനാണ്. സമരം തുടങ്ങിവച്ച ലിബര്‍ട്ടി ബഷീറിന് എട്ടിന്റെ പണി കിട്ടിയിരിയ്ക്കുകയാണ്. സമരത്തിന് കാരണക്കാരായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ബാരവാഹികളുടെ തിയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങളില്ല!. ദിലീപിന്റെ നേതൃത്വത്തിലു‌ള്ള പുതിയ സംഘടനയും അവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന നിര്‍മാതാക്കളും വിതരണക്കാരും തങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.
 
പുതിയ സംഘടനയുടെ പ്രസിഡന്റായ നടന്‍ ദിലീപ് ഫെഡറേഷന്‍ അംഗങ്ങളെ ഭീഷണിപ്പെടുത്തി സംഘടനയില്‍ ചേര്‍ക്കുകയാണെന്ന് ലിബർട്ടി ബഷീർ ആരോപിക്കുന്നു. അതേസമയം, തങ്ങളാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് നിര്‍മാതാക്കളും വിതരണക്കാരും പറയുന്നത്. മലയാള സിനിമ ഏതൊക്കെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം എന്നത് നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കണമെന്ന് പുതിയ സംഘടനയിൽ തീരുമാനമായിരുന്നു. 
 
ഏതായാലും ഇക്കാര്യത്തിൽ ജനുവരി 25 ന് മന്ത്രി എകെ ബാലന്റെ സാന്നിധ്യത്തില്‍ ഒരു ചര്‍ച്ച കൂടി നടക്കാനുണ്ട്. 

വെബ്ദുനിയ വായിക്കുക