Kalamkaval Teaser: 'ആ നോട്ടം... കൊടൂര വില്ലന്‍ വരുന്നുണ്ട്...'; തിരിച്ചുവരവ് കളറാകും, ആവേശമായി 'കളങ്കാവല്‍' ടീസര്‍

നിഹാരിക കെ.എസ്

വ്യാഴം, 28 ഓഗസ്റ്റ് 2025 (12:10 IST)
മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ ചിത്രം കളങ്കാവലിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിന്റെ ടീസറിൽ മമ്മൂട്ടിയുടെ കട്ട വില്ലനിസം തന്നെ കാണാനാകും. 
 
ചിത്രത്തിന്റെ പോസ്റ്ററുകളും ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് സിനിമ ബോക്‌സ് ഓഫീസിലെത്തിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. ഒരു മിനുറ്റില്‍ താഴെ മാത്രമുള്ള ടീസര്‍ മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിന്റെ സൂചന നല്‍കുന്നാണ്. ടീസറിലെ ആ നോട്ടം മാത്രം മതി കൊടൂര വില്ലന്‍ വരുന്നുണ്ടെന്ന് വിളിച്ച് പറയാന്‍ എന്നാണ് ടീസര്‍ കണ്ട ആരാധകര്‍ പറയുന്നത്.
 
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന്റെ രചനയും നിര്‍വ്വഹിച്ചത് ജിതിന്‍ ആയിരുന്നു. ജിബിന്‍ ഗോപിനാഥും അസീസ് നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഫൈസല്‍ അലി ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍