Kalamkaval Release Date: കളങ്കാവല്‍ കണ്ട് മമ്മൂട്ടി, റിലീസ് ഒക്ടോബറില്‍; വിതരണം ദുല്‍ഖര്‍

രേണുക വേണു

ബുധന്‍, 6 ഓഗസ്റ്റ് 2025 (14:06 IST)
Kalamkaval Release Date: മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ഒക്ടോബര്‍ ഒന്‍പതിനു തിയറ്ററുകളിലെത്തും. റിലീസ് തിയതിയുമായി ബന്ധപ്പെട്ട് വിതരണക്കാരില്‍ നിന്ന് തിയറ്ററുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കളങ്കാവലിന്റെ വിതരണക്കാര്‍. 
 
ചെന്നൈയിലുള്ള മമ്മൂട്ടി കളങ്കാവല്‍ കണ്ടെന്നാണ് വിവരം. മമ്മൂട്ടിയില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷമാണ് റിലീസ് തിയതി അനൗദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മമ്മൂട്ടി കേരളത്തിലെത്തിയ ശേഷം കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കും. 
 
ഒരു ക്രൈം ഡ്രാമയായാണ് കളങ്കാവല്‍ ഒരുക്കിയിരിക്കുന്നത്. വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുക. വിനായകന്‍ ആണ് നായകന്‍. സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറുടെ വേഷമാണ് മമ്മൂട്ടിക്ക്. ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് ജിതിന്‍ കെ ജോസ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍